ആധാര്‍ കാര്‍ഡ് കൊണ്ട് കേന്ദ്രം 2 ലക്ഷം കോടിയിലധികം ലാഭിച്ചതെങ്ങനെ? അമിതാഭ് കാന്ത് പറയുന്നു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആധാര്‍ കാര്‍ഡും അതുണ്ടാക്കുന്ന സ്വകാര്യത പ്രശ്‌നങ്ങളും സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാണ്. ആധാര്‍കാര്‍ഡ് പകര്‍പ്പുകള്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ബെംഗളൂരു മേഖല ഓഫീസ് എത്തിയതോടെയാണ് ആധാറിന്റെ സുരക്ഷാ പ്രശ്‌നങ്ങള്‍ വീണ്ടും പൊങ്ങിവന്നത്. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാവുന്ന രീതിയിലുള്ള മാസ്‌ക് ചെയ്ത ആധാര്‍ മാത്രമെ പങ്ക് വെയ്ക്കാനാവു എന്നായിരുന്നു മുന്നറിയിപ്പ്.
തെറ്റിദ്ധാരണ ഉടലെടുത്തതിനെ തുടര്‍ന്ന് ആധാറിന്റെ പകര്‍പ്പുകള്‍ നല്‍കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് യുഐഡിഎഐ പിന്നീട് പിന്‍വലിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആധാര്‍ കാര്‍ഡ് കേന്ദ്രത്തിന് ഉണ്ടാക്കിയ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ട് നിതീ ആയോഗ് സിഇഒ അമിതാഭ് കാന്ത് രംഗത്തെത്തിയത്. ലോകത്തിലെ ഏറ്റവും വിജയകരമായി നടപ്പാക്കിയ ബയോമെട്രിക് അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനമാണ് ആധാര്‍ എന്നാണ് അമിതാഭ് കാന്ത് പറഞ്ഞത്.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ആധാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ശേഷം 2.22 ലക്ഷം കോടിയോളം രൂപ ലാഭിക്കാനായെന്ന് നീതി ആയോഗ് സിഇഒ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ളവ ആധാറുമായി ബന്ധിപ്പിച്ചതോടെ വ്യാജ രേഖകള്‍ ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നേടുന്നവരെ ഒഴിവാക്കാന്‍ സാധിച്ചിരുന്നു.
ഏകദേശം 315 കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളോണ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളുടെ 500ഓളം പദ്ധതികളും ആധാര്‍ അടിസ്ഥാനമാക്കി നടപ്പാക്കുന്നുണ്ട്. ലോകബാങ്ക്, ഐക്യരാഷ്ട്ര സഭ തുടങ്ങി സംഘടനകള്‍ ആധാര്‍ കാര്‍ഡ് മാതൃക മറ്റ് രാജ്യങ്ങളില്‍ എങ്ങനെ നടപ്പാക്കാം എന്ന് ആലോചിക്കുകയാണെന്നും അമിതാഭ് കാന്ത് ചൂണ്ടിക്കാട്ടി.