കരിനിഴല്‍ വീഴ്ത്തി തൊഴിലാളി ക്ഷാമം, രാജ്യത്തിന്റെ അഭിമാന പദ്ധതികള്‍ക്ക് വിഘാതം

ഉല്‍പ്പാദന, സേവന മേഖലകളെ ഉയര്‍ത്തിക്കാട്ടി വികസന രംഗത്ത് കുതിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് മുന്നില്‍ അപ്രതീക്ഷിതമായ ഒരു കടമ്പ. വൈദഗ്ധ്യമുള്ള തൊഴിലാളികളെയും ജീവനക്കാരെയും ഇതുവരെ കാണാത്ത വിധം ആവശ്യമായി വരുന്ന ഘട്ടമാണിത്. പക്ഷേ ഇത്തരത്തിലുള്ള മതിയായമനുഷ്യവിഭവ ശേഷി കിട്ടാനില്ല. അതുകൊണ്ട് തന്നെ പല വന്‍കിട പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുകയാണ്.

നൈപുണ്യമുള്ളവര്‍ കുറവ്
വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് ഇന്ത്യന്‍ തൊഴില്‍ മേഖല. ഒരുവശത്ത്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍, വലിയ തോതില്‍ തൊഴിലില്ലായ്മ. അതേസമയം തന്നെ മറ്റനേകം വ്യവസായ മേഖലകളില്‍, ഉല്‍പ്പാദന രംഗത്തും സേവന മേഖലയിലും, വിദഗ്ധരായ തൊഴിലാളികളുടെ ദൗര്‍ലഭ്യവും. സിറ്റി ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം തൊഴില്‍ മേഖലയിലേക്ക് ഇന്ത്യ 12 ദശലക്ഷം പേരെയാണ് സംഭാവന ചെയ്യുന്നത്. ജിഡിപി ശരാശരി ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാല്‍ തന്നെ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ 8-9 ദശലക്ഷം മാത്രവും. എന്നിട്ടും ഐടി, ടെക്നോളജി സേവന മേഖല, മീഡിയ, റെസ്റ്റൊറന്റ് തുടങ്ങി ഫുഡ് ഡെലിവറി സേവനങ്ങള്‍ക്ക് വരെ നൈപുണ്യമുള്ളവരെ കിട്ടാത്ത അവസ്ഥയാണ്.
വൈദഗ്ധ്യമുള്ള കെട്ടിട നിര്‍മാണ തൊഴിലാളികളെയും വെല്‍ഡര്‍മാരെയും കിട്ടാതെ കമ്പനി ബുദ്ധിമുട്ടുകയാണെന്ന് അടുത്തിടെ പറഞ്ഞത് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍ എസ്.എന്‍. സുബ്രഹ്‌മണ്യനാണ്. അവിടെ 25,000 മുതല്‍ 30,000 വരെ ജോലി ഒഴിവുകളാണുള്ളത്. ഫുഡ്, ഇ-കൊമേഴ്സ് ഡെലിവറി മേഖല പ്രതിവര്‍ഷം 20 ശതമാനമെന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നതെന്നും ഒരു മാസം ശരാശരി അഞ്ച് ലക്ഷത്തോളം
ബ്ലൂ കോളര്‍ (ദേഹാധ്വാനം വേണ്ടിവരുന്ന തൊഴിലുകള്‍) ജോലിക്കാരെയാണ് നിയമിക്കേണ്ടി വരുന്നതെന്നും മറ്റൊരു നിരീക്ഷകന്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും ഈ കമ്പനികളില്‍ 20 ശതമാനത്തോളം ഒഴിവുകള്‍ നികത്താതെ ശേഷിക്കുകയാണ്.
കാരണങ്ങൾ പലത്
ഈ ഒരു സാഹചര്യത്തിന് കാരണങ്ങള്‍ പലതാണ്. പല തൊഴിലാളികള്‍ക്കും അതാത് ഇന്‍ഡസ്ട്രികള്‍ ആവശ്യപ്പെടുന്ന നൈപുണ്യമില്ല. ഉദാഹരണത്തിന്, ഒരു റിപ്പോര്‍ട്ട് പ്രകാരം, നിര്‍മാണ മേഖലയിലുള്ള 71 ദശലക്ഷം തൊഴിലാളികളില്‍ വൈദഗ്ധ്യമുള്ളവര്‍ വെറും 4.4 ദശലക്ഷം മാത്രമാണ്. ഈ പ്രശ്നം ഇന്ത്യയുടെ എന്‍ജിനീയറിംഗ്, ക്യാപ്പിറ്റല്‍ ഗുഡ്സ് വ്യവസായ മേഖലയെ വലിയ തോതില്‍ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പല മേഖലയിലെയും സാരഥികള്‍ പറയുന്നത്, പഠിച്ചിറങ്ങുന്ന എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്ക് തൊഴില്‍ ചെയ്യാനുള്ള വൈഭവമില്ലെന്നാണ്.
മറ്റൊരു കാരണം മോശം വേതനമാണ്. പല രംഗത്തെയും നൈപുണ്യമുള്ള ജോലിക്കാര്‍ക്ക് രാജ്യത്ത് ലഭിക്കുന്നത്, അവര്‍ക്ക് വിദേശത്ത് ലഭിക്കാനിടയുള്ള വേതനത്തേക്കാള്‍ ഏറെ കുറഞ്ഞ തുകയാണ്. അതുകൊണ്ട് അത്തരത്തിലുള്ളവര്‍ ഗള്‍ഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകുന്നു.
വലിയ വെല്ലുവിളി
യുഎഇയില്‍ 3.4 ദശലക്ഷം ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുണ്ട്. സൗദി അറേബ്യയില്‍ ഇത് 2.6 ദശലക്ഷമാണ്. ഇവരില്‍ ഭൂരിഭാഗത്തിനും ഇന്ത്യയില്‍ ലഭിക്കുന്നതിന്റെ പലമടങ്ങ് വേതനം അവിടെ കിട്ടുന്നുണ്ട്. രാജ്യത്തിന് പുറത്ത് മറ്റിടങ്ങളില്‍ ഓരോ തൊഴിലിനും ലഭിക്കുന്ന മാന്യതയും ഉയര്‍ന്ന വേതനവും കാരണം ഇന്ത്യയിലെ തൊഴിലുടമകള്‍ക്ക് ഇവിടെ മികച്ച തൊഴിലാളികളെ പിടിച്ചുനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാണ്.
രാജ്യത്തിന്റെ അഭിമാന പദ്ധതികള്‍ക്കെല്ലാം വിഘാതമായി മാറുന്ന ഈ ഗൗരവമായ പ്രശ്നത്തിന് എന്താണ് പരിഹാരം? നൈപുണ്യ വികസനത്തിനായും മികച്ച തൊഴില്‍ രംഗം സൃഷ്ടിക്കുന്നതിനായും നടത്തുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്ല പിന്തുണ നല്‍കേണ്ട അവസരമാണിത്. ഇപ്പോഴത്തെ പ്രശ്നത്തിന്റെ രൂക്ഷത പരിഗണിക്കുമ്പോള്‍ നൈപുണ്യ വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒട്ടും മതിയാകില്ലെന്ന് വ്യക്തമാണ്. ഇതോടൊപ്പം തന്നെ എല്ലാ തലത്തിലുമുള്ള വിദ്യാഭ്യാസത്തിന്റെ നിലവാരം വലിയ തോതില്‍ മെച്ചപ്പെടുത്തണം. തൊഴില്‍ ചെയ്യാന്‍ പ്രാപ്തിയുള്ള ബിരുദധാരികളെയും സംരംഭകരാകാന്‍ കഴിവുള്ളവരെയും സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസം.
സാമ്പത്തിക സുരക്ഷിതത്വവും മികച്ച വേതനവുമുണ്ടായാല്‍ മാത്രമെ വൈദഗ്ധ്യമുള്ള ജീവനക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുകയുള്ളൂ. വിദേശ രാജ്യങ്ങളിലേക്ക് ബ്ലൂ കോളര്‍, വൈറ്റ് കോളര്‍ ജീവനക്കാര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത് തടയാനും ഇത് അത്യാവശ്യമാണ്.


Related Articles

Next Story

Videos

Share it