ശ്രീധരന്റെ ഉള്ളിലിരുപ്പ് എന്താണ്?

കേരളത്തിലും വന്‍കിട പദ്ധതികള്‍ നടക്കുമെന്ന വിശ്വാസം ജനങ്ങളിലുണ്ടാക്കിയത് കൊച്ചി മെട്രോയാണ്. ഇന്ത്യയുടെ മെട്രോമാന്‍ ഇ ശ്രീധരന്‍ അതിന് പിന്നണിയില്‍ ഇല്ലായിരുന്നുവെങ്കില്‍ അത് സംഭവിക്കുമായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരും ഏറെ.

ഇ ശ്രീധരനെ കൊച്ചി മെട്രോ നിര്‍മാണം ഏല്‍പ്പിക്കാന്‍ രാഷ്ട്രീയ പ്രക്ഷോഭം വരെ നടന്ന നാട്ടില്‍ ഇപ്പോള്‍ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശമാണ് ചര്‍ച്ചാവിഷയം. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതും പിന്നീട് പ്രശസ്ത മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ തുറന്നുപറച്ചിലും രാഷ്ട്രീയ ജാഗ്രത ഏറെയുള്ള കേരളത്തില്‍ അലയൊലികള്‍ സൃഷ്ടിക്കുകയും ചെയ്തു.

വികസനം, ജനക്ഷേമം എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മുന്‍പെന്നത്തേക്കാള്‍ പ്രാധാന്യം കിട്ടുകയും ഇക്കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടക്കുകയും ചെയ്യുന്ന കാലമാണിത്. വികസനത്തെ കുറിച്ചും സംസ്ഥാനത്തിന്റെ വളര്‍ച്ചാ വഴികളെ പറ്റിയും സമാനതകളില്ലാത്ത ആശയം പൊതുസമൂഹത്തിന്റെ മുന്നില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശം വഴി ബി ജെ പിക്കും സാധിക്കും.
ഇക്കാര്യത്തില്‍ മൗലികമായ ഇടപെടല്‍ നടത്താന്‍ ഇ. ശ്രീധരന് സാധിക്കുമ്പോള്‍ അത് ബി ജെ പിക്ക് കരുത്ത് പകരും. ഇപ്പോള്‍ തന്നെ കേരളത്തിന്റെ കടത്തെ കുറിച്ചുള്ള ആശങ്ക ശ്രീധരന്‍ പങ്കുവെച്ചിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലിരുന്ന് സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, വികസന നായക പരിവേഷത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് ചുവടുവെച്ചത്. നരേന്ദ്ര മോദിയുടെ ഈ പ്രതിച്ഛായ, അതുവരെ ബി ജെ പിയുമായി അകന്നുനിന്നവരെ പോലും പാര്‍ട്ടിയുമായി അടുക്കാനും അനുഭാവികളാക്കാനും സഹായിച്ചു.
രണ്ടാംവട്ടം കൂടുതല്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറാന്‍ മോദിയെ ഇതും സഹായിച്ചിട്ടുണ്ട്. ശ്രീധരന്‍ കേരള ബി ജെ പിയുടെ ഭാഗമാകുന്നതോടെ, ബി ജെ പിയോട് അകന്നുനില്‍ക്കുന്ന, പ്രകടമായി അനുഭാവം പുലര്‍ത്താന്‍ മടിക്കുന്ന, വികസന അനുകൂലികളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ കാരണമായേക്കും. ഇതും ബിജെപി കേരള ഘടകത്തിന് ഗുണം ചെയ്യും.
ടെക്‌നോക്രാറ്റ് എന്ന നിലയില്‍ ശ്രീധരന് ഇനി തെളിയിക്കാന്‍ ഒന്നും ശേഷിക്കുന്നില്ല. ഡെല്‍ഹി, കൊല്‍ക്കത്ത, കൊച്ചി മെട്രോകള്‍, കൊങ്കണ്‍ റെയ്ല്‍വേ തുടങ്ങി രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങള്‍ തന്നെ അതിന് ധാരണം. പ്രൊഫഷണല്‍ എന്ന നിലയില്‍ തനിക്ക് ചെയ്യാനാവുന്നത് ചെയ്ത ശേഷം ശ്രീധരന്‍ ഇപ്പോള്‍ ലക്ഷ്യം വെയ്ക്കുന്നത് സംസ്ഥാനത്തിന്റെ വികസനമാണ്.
ഏറെ വര്‍ഷമായി കേരളത്തിലെ ജന്മനാട്ടില്‍ സ്ഥിരമായി താമസിക്കുന്ന അദ്ദേഹം സ്വന്തം നാട്ടില്‍ ആ ദിശയിലേക്കുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിയോട് അടുത്ത ബന്ധമുള്ള അദ്ദേഹം വര്‍ഷങ്ങളായി ബി ജെ പി അനുഭാവിയുമാണ്. സംസ്ഥാന വികസനത്തിനുള്ള രാഷ്ട്രീയ പ്ലാറ്റ്‌ഫോമിനെ കുറിച്ചാലോചിച്ചപ്പോള്‍ ബി ജെ പിയെ തന്നെ ശ്രീധരന്‍ തെരഞ്ഞെടുക്കാന്‍ കാരണവും അതാണ്. നരേന്ദ്ര മോദി എന്താണോ പ്രധാനമന്ത്രി പദത്തിലെത്താന്‍ പ്രയോഗിച്ചത് അതേ വികസന വാദം തന്നെയാണ് ഇപ്പോള്‍ ശ്രീധരനും പറയുന്നത്.
കേരളത്തില്‍ നടക്കുമോ?
മോദി മന്ത്രിസഭയില്‍ ശ്രീധരനെ പരിഗണിക്കുന്നതായി ശക്തമായ ഊഹാപോഹങ്ങള്‍ ഒരുകാലത്തുണ്ടായിരുന്നു. പ്രസിഡന്റ് പദത്തിലേക്കും പരിഗണിക്കപ്പെട്ടിരുന്നു. രാജ്ഭവന്‍, രാജകീയ വിശ്രമത്തിനുള്ള ഇടമാണെന്നും ഗവര്‍ണര്‍ ആകാന്‍ താല്‍പ്പര്യമില്ലെന്നും ശ്രീധരന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. പക്ഷേ പ്രസിഡന്റ് പദം തേടിവന്നാല്‍ മുഖം തിരിക്കുമെന്ന് അതിനര്‍ത്ഥമില്ല.
കേരളത്തിലെ ബി ജെ പി ഘടകത്തെ സംബന്ധിച്ചിടത്തോളം പൊതുസമ്മതിയുള്ള, മികച്ച വ്യക്തിത്വങ്ങളുടെ സജീവ സാന്നിധ്യം ഇപ്പോള്‍ അനിവാര്യമാണ്. ശക്തമായ നേതൃത്വവും മുന്നില്‍ നിര്‍ത്താന്‍ തിളക്കമാര്‍ന്ന വ്യക്തിത്വങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ബി ജെ പിക്ക് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ശ്രീധരന്‍ വരേണ്ടത് ബി ജെ പിയുടെ ആവശ്യം കൂടിയായിരുന്നുവെന്ന് പറയാം.
തെരഞ്ഞെടുപ്പില്‍ ശ്രീധരന്‍ വിജയിക്കുമോയെന്നത് പിറകെ വരുന്ന കാര്യമാണ്. ബി ജി വര്‍ഗീസ്, ഒ എന്‍ വി കുറുപ്പ്, മാധവിക്കുട്ടി തുടങ്ങി വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ തോറ്റിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും ബി ജെ പി ശ്രീധരന് ഉചിതമായ പദവി തന്നെ സമ്മാനിച്ചേക്കാം. ഒരു പക്ഷേ പ്രസിഡന്റ് പദം വരെ അദ്ദേഹത്തിന് നല്‍കാനും സാധ്യതയുണ്ട്.
വികസനം സംസാരിക്കുന്നവര്‍ രാഷ്ട്രീയ വേദികളിലേക്ക് വരുമ്പോള്‍ ഇടത് വലത് മുന്നണികള്‍ ഭിന്നത മറന്ന് അതിനെ പ്രതിരോധിക്കാറുണ്ട്. വികസന അനുകൂലികളാണ് എന്നു പറയുമ്പോഴും ബദല്‍ മുന്നേറ്റങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ഈ മുന്നണികള്‍ തീര്‍ക്കുന്നതിന്റെ ഉദാഹരണമാണ് കിഴക്കമ്പലത്തെ ട്വന്റി20 യോടുള്ള എതിര്‍പ്പ്. ശ്രീധരനെയും ഇതുപോലെ ഇരുമുന്നണികളും ഒന്നിച്ചുനിന്ന് എതിര്‍ക്കാന്‍ തന്നെയാണിട.
ടെക്‌നോക്രാറ്റ് എന്ന നിലയില്‍ സാധ്യമായത്ര സംഭാവന നല്‍കിയ ശേഷം 88ാം വയസിലാണ് ശ്രീധരന്‍ സംസ്ഥാനത്തിന്റെ വികസനത്തിനായി മറ്റൊരു പാത തേടുന്നത്. അദ്ദേഹം ആഗ്രഹിക്കുന്നത് സംസ്ഥാനത്തിന്റെ പുരോഗതി തന്നെയാണ്. അതിന് തെരഞ്ഞടുത്ത രാഷ്ട്രീയ പാര്‍ട്ടിയുടെയും രീതിയുടെയും പേരില്‍ വിമര്‍ശിക്കാമെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വീക്ഷണവും സ്വാഗതാര്‍ഹം തന്നെയാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it