Begin typing your search above and press return to search.
എന്നെടുക്കാം കേരളത്തിന് കടം? മൗനം വെടിയാതെ കേന്ദ്രം, ഞെരുക്കത്തിൽ സംസ്ഥാന സര്‍ക്കാര്‍
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഈമാസം കൂട്ടത്തോടെ വിരമിക്കുന്നത് 20,000ഓളം പേര്‍. ഇവര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യമായി നല്‍കേണ്ടത് ഏതാണ്ട് 7,500 കോടി രൂപ.
ഇതിനെല്ലാം പുറമേ ക്ഷേമ പെന്‍ഷന്‍ അടക്കം കുടിശിക ഉള്‍പ്പെടെ വീട്ടി വിതരണം ചെയ്യണം. വികസന പദ്ധതികള്‍ക്കും പണം നീക്കിവയ്ക്കണം. ഇതിനെല്ലാം പണം കണ്ടെത്താനായി കടമെടുക്കാനും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രത്തിന്റെ കടുംപിടിത്തമാണ് പ്രതിസന്ധിക്ക് പിന്നിലെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
എന്താണ് പ്രതിസന്ധി?
നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞമാസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ ആദ്യ ഒമ്പതുമാസക്കാലമായ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ എത്ര തുക കടമെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കേണ്ടതാണ്. എന്നാല്‍, മാസം ഒന്ന് കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ മൗനത്തിലാണ് കേന്ദ്രം.
ഇതിനിടെ, അടിയന്തരമായി 5,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേരളം കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3,000 കോടി രൂപ കടമെടുക്കാനുള്ള താത്കാലിക അനുമതിയാണ് കേന്ദ്രം നല്‍കിയത്. രണ്ടുതവണയായി ഈ തുക കേരളം കഴിഞ്ഞമാസം തന്നെ എടുക്കുകയും ചെയ്തു. തുടര്‍ന്നും കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കുന്നതാണ് കേരളത്തെ വലയ്ക്കുന്നത്.
കടപ്പത്രങ്ങളിറക്കി കടം വാങ്ങല്‍
റിസര്‍വ് ബാങ്കിന്റെ ഇ-കുബേര്‍ അഥവാ കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ കടമെടുക്കുന്നത്. പ്രധാനമായും ബാങ്കുകളാണ് ഇത്തരം കടപ്പത്രങ്ങള്‍ വാങ്ങുക.
നടപ്പുവര്‍ഷം കേന്ദ്രം താത്കാലികമായി അനുവദിച്ച 3,000 കോടി രൂപയുടെ കടം കേരളം എടുത്തുകഴിഞ്ഞു. ആന്ധ്രപ്രദേശ് (19,000 കോടി രൂപ), മഹാരാഷ്ട്ര (10,000 കോടി രൂപ), പഞ്ചാബ് (9,700 കോടി രൂപ), തെലങ്കാന (8,000 കോടി രൂപ), തമിഴ്‌നാട് (8,000 കോടി രൂപ), രാജസ്ഥാന്‍ (5,100 കോടി രൂപ), ഹരിയാണ (3,000 കോടി രൂപ), അസം (2,000 കോടി രൂപ), ഹിമാചല്‍ (1,700 കോടി രൂപ), ജമ്മു കശ്മീര്‍ (1,500 കോടി രൂപ), ഉത്തരാഖണ്ഡ് (900 കോടി രൂപ), മേഘാലയ (300 കോടി രൂപ), മണിപ്പൂര്‍ (200 കോടി രൂപ) എന്നിവയും നടപ്പുവര്‍ഷം ഇതിനകം കടമെടുത്തിട്ടുണ്ട്.
Next Story
Videos