കടം വാരിക്കൂട്ടുന്നതിൽ കേരളം പിൻനിരയിലെന്ന് റിസര്‍വ് ബാങ്ക്; മുന്നില്‍ തമിഴ്‌നാടും മഹാരാഷ്ട്രയും

കേരളത്തിന്റെ കടമെടുപ്പ് സംബന്ധിച്ച കോലാഹലങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഒരു നിയന്ത്രണവുമില്ലാതെ കടംവാരിക്കൂട്ടുകയാണെന്ന വിമര്‍ശനം പ്രതിപക്ഷവും കേന്ദ്രസര്‍ക്കാരും ഉന്നയിക്കുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കടുംവെട്ട് നടത്തുകയാണെന്നും സാമ്പത്തികമായി ഉപരോധിക്കുന്നതാണ് ഈ നടപടിയെന്നും സംസ്ഥാന സര്‍ക്കാരും വാദിക്കുന്നു. കേരളവും കേന്ദ്രവും തമ്മില്‍ ഈ കടമെടുപ്പ് പരിധി സംബന്ധിച്ച പോര് സുപ്രീം കോടതിയില്‍ പോലുമെത്തി.
എന്നാല്‍, റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ സാമ്പത്തികാവലോകന റിപ്പോര്‍ട്ട് (RBI Bulletin April 2024) വ്യക്തമാക്കുന്നത് രാജ്യത്തെ വലിയ (Major) സംസ്ഥാനങ്ങള്‍ക്കിടയില്‍ കടമെടുപ്പില്‍ ഏറ്റവും പിന്നിലാണ് കേരളം എന്നാണ്.
ഒന്നാമത് തമിഴ്‌നാട്, കേരളം പുറകില്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2023-24) ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ കണക്കുപ്രകാരം മൊത്തം കടമെടുപ്പില്‍ (Gross market borrowing) തമിഴ്‌നാടാണ് 91,001 കോടി രൂപയുമായി ഒന്നാംസ്ഥാനത്ത്. 80,000 കോടി രൂപ കടമെടുത്ത് മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തുമാണ്.
ആന്ധ്രാപ്രദേശ് 68,400 കോടി രൂപയും ഉത്തര്‍പ്രദേശ് 61,350 കോടി രൂപയും കര്‍ണാടക 60,000 കോടി രൂപയുമാണ് കടമെടുത്തിട്ടുള്ളത്. രാജസ്ഥാന്‍ (59,049 കോടി രൂപ), ബംഗാള്‍ (52,910 കോടി രൂപ), ബിഹാര്‍ (44,000 കോടി രൂപ), പഞ്ചാബ് (42,386 കോടി രൂപ), തെലങ്കാന (41,900 കോടി രൂപ) എന്നിവയും കടമെടുപ്പില്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഹരിയാന (39,000 കോടി രൂപ), മദ്ധ്യപ്രദേശ് (38,500 കോടി രൂപ), ഗുജറാത്ത് (30,500 കോടി രൂപ) എന്നിവയും കേരളത്തിന് മുന്നിലുണ്ട്. കേരളം കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവിലെടുത്ത മൊത്തം കടം 28,830 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2022-23ല്‍ കേരളം 38,839 കോടി രൂപ കടമെടുത്തിരുന്നു. 2021-22ലാകട്ടെ എടുത്തത് 27,000 കോടി രൂപയുമായിരുന്നു.
കേരളത്തിന്റെ ആകെ കടം
നടപ്പുവര്‍ഷം (2024-25) കേരളത്തിന്റെ ആകെ കടം 4.57 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് ബജറ്റിലെ വിലയിരുത്തല്‍. 2019-20ലെ കണക്കുപ്രകാരം ആകെ കടം 2.65 ലക്ഷം കോടി രൂപയായിരുന്നു. 2000-01ല്‍ 28,250 കോടി രൂപ മാത്രമായിരുന്ന കടബാധ്യതയാണ് രണ്ടര ദശാബ്ദംകൊണ്ട് നാലര ലക്ഷംകോടി രൂപയ്ക്കുമേലെയായി ഉയരുന്നത്.

കടമെടുപ്പും ജി.എസ്.ഡി.പിയും

ഓരോ സംസ്ഥാനത്തിനും അതിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 3.5 ശതമാനം ഒരു സാമ്പത്തിക വര്‍ഷം കടമെടുക്കാം എന്നാണ് കേന്ദ്രത്തിന്റെ ചട്ടം. ഉദാഹരണത്തിന് 2022-23ല്‍ 6.16 ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ ജി.എസ്.ഡി.പി മൂല്യം. തമിഴ്‌നാടിന്റേത് 23.65 ലക്ഷം കോടി രൂപയും. ജി.എസ്.ഡി.പി മൂല്യത്തിന് ആനുപാതികമായി ഓരോ സംസ്ഥാനത്തിനും കടമെടുക്കാം. ഇതാണ് തമിഴ്‌നാട് ഓരോ സാമ്പത്തിക വര്‍ഷം എടുക്കുന്ന വായ്പാത്തുക വലിയസംഖ്യയായി തോന്നാനും കാരണം.

ഈ വര്‍ഷത്തെ കടമെടുപ്പ്
കേരളത്തിന് നടപ്പുവര്‍ഷം (2024-25) ആകെ 37,512 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ത്രൈമാസത്തിലും കടമെടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കും. 37,512 കോടി രൂപയില്‍ ഈ വര്‍ഷം ഡിസംബര്‍ വരെ എടുക്കാവുന്ന കടത്തിന്റെ പരിധി കേന്ദ്രം വ്യക്തമാക്കേണ്ടതാണെങ്കിലും ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്.
അതേസമയം 5,000 കോടി രൂപയുടെ കടമെടുപ്പിന് ഇടക്കാല അനുമതി കേരളം തേടിയെങ്കിലും 3,000 കോടി രൂപയ്ക്കുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയത്. ഇതില്‍ നിന്ന് 1,000 കോടി രൂപയുടെ വായ്പ കടപ്പത്രങ്ങളിറക്കി കേരളം ഈമാസം എടുക്കുന്നുണ്ട്.
ഏറ്റവും പിന്നില്‍ പുതുച്ചേരി
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിച്ചാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ഏപ്രില്‍-ഫെബ്രുവരിയില്‍ ഏറ്റവും കുറവ് കടം വാങ്ങിയത് പുതുച്ചേരിയാണ്. 600 കോടി രൂപ മാത്രം. അരുണാചല്‍ പ്രദേശ് 670 കോടി രൂപയും മിസോറം 820 കോടി രൂപയും മാത്രമേ കടമെടുത്തിട്ടുള്ളൂ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it