ശതകോടികള്‍ മറിഞ്ഞ് സാട്ട ബസാറിലെ വാതുവയ്പ്; പണം വാരി തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണി 10,000 കോടി കവിഞ്ഞേക്കുമെന്നാണ് കണക്കുകള്‍
ശതകോടികള്‍ മറിഞ്ഞ് സാട്ട ബസാറിലെ വാതുവയ്പ്; പണം വാരി തിരഞ്ഞെടുപ്പ് പ്രവചനങ്ങള്‍
Published on

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സജീവമായിരിക്കുകയാണ് സാട്ട ബാസാര്‍ (വാതുവെപ്പ് വിപണി). ശതകോടികളുടെ ചൂതാട്ടമാണ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ മുതല്‍ മഴ പെയ്യുന്നത് വരെ പ്രവചിച്ച് വാതുവെപ്പ് നടക്കുന്നയിടമാണ് സാട്ട ബസാര്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരാനിരിക്കെ നിരവധി പ്രവചനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഇവിടെ നടക്കുന്നത്.

രഹസ്യമായാണ് വാതുവെപ്പ് നടക്കുന്നതെങ്കിലും ഓരോ പ്രധാന പാര്‍ട്ടിയും നേടുന്ന സീറ്റുകളുടെ എണ്ണം മുതല്‍ പ്രമുഖ രാഷ്ട്രീയക്കാരുടെ വ്യക്തിഗതവിജയം വരെ എല്ലാത്തിലും വാതുവെപ്പ് നടക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ വെളിപ്പെടുത്തുന്നു. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വാതുവെപ്പ് വിപണി 10,000 കോടി കവിഞ്ഞേക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രവചനങ്ങളിലെ കൃത്യത

പൊതുവേ മോദി 3.0യ്ക്ക് അനുകൂലമായാണ് എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. എന്‍.ഡി.എയ്ക്ക് 400 സീറ്റുകള്‍ വരെ മിക്ക എക്സിറ്റ് പോളികളും പ്രവചിക്കുന്നുണ്ട്. എക്സിറ്റ് പോള്‍ പുറത്തുവരും മുന്‍പ് ബി.ജെ.പിക്ക് സാധ്യത കുറവാണെന്നായിരുന്നു സാട്ട കമ്മ്യൂണിറ്റുകളുടെ പ്രവചനങ്ങള്‍. എന്നാല്‍ എക്സിറ്റ് പോളിനുശേഷം പ്രവചനങ്ങള്‍ മാറ്റിപ്പിടിച്ചിട്ടുണ്ട്. 335 സീറ്റുകള്‍ മുതല്‍ 340 സീറ്റ് വരെയാണ് സാട്ട ബസാര്‍ പ്രവചിച്ചിരിക്കുന്നത്. പൊതുവെ എല്ലാതവണയും സാട്ട ബസാറിന്റെ പ്രവചനം ഏതാണ്ട് കൃത്യമായി വരാറുണ്ട്. ഇത്തവണയും ഇത് യഥാര്‍ത്ഥ ഫലത്തോട് അടുത്തു നില്‍ക്കുമോ എന്നാണ് വാതുവെപ്പുകാര്‍ ഉറ്റുനോക്കുന്നത്.

വാതുവെപ്പും നിരക്കുകളും

തിരഞ്ഞെടുപ്പ് വാതുവെപ്പ് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്ന് രാജസ്ഥാന്റെ ഫലോഡി സാട്ട ബസാറാണ്. ഇത് കൂടാതെ ഡല്‍ഹിയും മറ്റ് പല നഗരങ്ങളും കേന്ദ്രീകരിച്ച് നിരവധി സാട്ട കമ്മ്യൂണിറ്റുകളുണ്ട്. തിരഞ്ഞെടുപ്പ്, ക്രിക്കറ്റ് മത്സരങ്ങള്‍, കാലാവാസ്ഥ എന്നിങ്ങനെ പലതിലും ഏതാണ്ട് കൃത്യമായ ഫലപ്രവചനം നടത്തി ട്രാക്ക് റെക്കോഡിട്ടിട്ടുണ്ട് ഫലോഡി സാട്ട ബസാര്‍.

സ്ഥാനാര്‍ത്ഥിയുടെ ജനസ്വീകാര്യത, ജാതി പിന്തുണ, തിരഞ്ഞെടുപ്പ് റാലികളിലെ ജനപങ്കാളിത്തം, പാര്‍ട്ടിയുടെ ശക്തി എന്നിങ്ങനെ നിരവധി കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സാട്ട ബസാറില്‍ വാതുവെപ്പ് തുക നിശ്ചയിക്കുന്നത്. വോട്ടിംഗ് ഓരോ ഘട്ടം പിന്നിടുമ്പോഴും നിരക്കില്‍ മാറ്റം വരുത്തുന്ന രീതിയാണ് പിന്തുടരുന്നത്.

ഒരു പാര്‍ട്ടി ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് സീറ്റ് നല്‍കുമോ? എത്ര സീറ്റുകളില്‍ ഒരു പാര്‍ട്ടി വിജയിക്കാം, ആരായാരിക്കും മുഖ്യമന്ത്രിയും പ്രാധാനമന്ത്രിയുമാകുക എന്നിങ്ങനെ പല പ്രവചനം നടത്തും. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഓരോ മണിക്കൂറിലും വാതുവെപ്പ് നിരക്കില്‍ മാറ്റം വരും. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെയും പ്രാദേശിക സ്ഥിതിവിവരക്കണക്കുകളുടെയും പിന്തുണയോടെയുള്ള വിശകലനമാണ് സാട്ട വിപണിയുടെ കൃത്യതയ്ക്ക് കാരണം.

സാട്ട വിപണിയുടെ പ്രവര്‍ത്തനം

ഖാന, ലഗാന എന്നീ രണ്ട് പ്രധാനപദങ്ങളാണ് വാതുവെപ്പില്‍ ഉപയോഗിക്കുന്നത്. ഖാന എന്നത് വിജയ സാധ്യത കുറവുള്ള പന്തയങ്ങളെയാണ് സൂചിപ്പിക്കുന്നത്. ലഗാനയെന്നാല്‍ തിരിച്ചും. വാതുവെപ്പുകാരുമായുള്ള വ്യക്തിപരമായ വിശ്വാസം മൂലം പ്രാദേശികമായ വാതുവെപ്പുകാര്‍ പണം നിക്ഷേപിക്കേണ്ടതില്ല. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പണം നിക്ഷേപിക്കണം.

രാജ്യത്തെമ്പാടും നിന്നുള്ള വിവരങ്ങളുപയോഗിച്ച് ഫലോഡിയിലെ വാതുവെപ്പുകാര്‍ വോട്ടര്‍മാരുടെ മാനസികാവസ്ഥയും തിരഞ്ഞെടുപ്പ് പ്രവണതകളും അവലോകനം ചെയ്താണ് പ്രവചനങ്ങളിലേക്ക് എത്തുന്നത്. രാവിലെ 10 മണി മുതല്‍ അഞ്ച് മണിവരെയാണ് വിപണിയുടെ സമയം. ഓരോ ദിവസവും കോടികളാണ് കൈകാര്യം ചെയ്യുന്നത്. ഫോണ്‍ വഴിയാണ് വാതുവെപ്പ് നടക്കുന്നത്. ജേതാക്കള്‍ക്ക് മൊബൈല്‍ വാലറ്റുകള്‍ വഴി പണം കൈമാറുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com