പ്രകടന പത്രിക: കേരളവും തമിഴ്‌നാട് മാതൃക പിന്തുടരുമോ?

കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികയിലും വാഗ്ദാന പെരുമഴയുണ്ടാവുമോ?
പ്രകടന പത്രിക: കേരളവും തമിഴ്‌നാട് മാതൃക പിന്തുടരുമോ?
Published on

തമിഴ് നാട്ടില്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഡിഎംകെ-യുടെ വിഷന്‍ സ്റ്റേറ്റ്‌മെന്റ് പാര്‍ടി നേതാവ് സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വര്‍ഷം തോറും 10 ലക്ഷം പേര്‍ക്ക് തൊഴിലും ഡിഎംകെ വിഷന്റെ ഭാഗമാണ്. കേരളത്തിലെ മുന്നണികളുടെ വാഗ്ദാനം എന്താവും. സംസ്ഥാന ഖജനാവിന്റെ സ്ഥിതി യാഥാര്‍ത്ഥ്യ ബോധത്തോടെ വീക്ഷിക്കുന്നവര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനുള്ള സാധ്യത വിരളമാണെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കക്ഷികള്‍ ഖജനാവിന്റെ ദുരവസ്ഥ പൂര്‍ണ്ണമായും മറക്കും.

യൂണിവേര്‍സല്‍ ബേസിക് ഇന്‍കം (UBI) എന്ന പേരില്‍ ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശയം സംസ്ഥാനത്തെ മുന്നണികളുടെ പരിഗണനയില്‍ വരുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കേണ്‍ഗ്രസ്സ് വാഗ്ദാനം ചെയ്ത ന്യായ് പദ്ധതിയുടെ പുതിയ രൂപം സംസ്ഥാന കോണ്‍ഗ്രസ്സ് അവതരിപ്പിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ശശി തരൂരിന്റെ നേതൃത്വത്തില്‍ ഉള്ള സമിതി തയ്യാറാക്കുന്ന കോണ്‍ഗ്രസ്സിന്റെ മാനിഫെസ്റ്റോയില്‍ ദാരിദ്ര്യ രേഖക്കു താഴെ വരുന്ന കുടുബങ്ങള്‍ക്ക് നിശ്ചിത തുക മാസം വരുമാനമായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ഉണ്ടാവും എന്നാണ് പ്രതീക്ഷ. ന്യായ് പദ്ധതിയില്‍ പറഞ്ഞ 6,000 രൂപയില്‍ താഴെയുള്ള സംഖ്യയാവും നിര്‍ദ്ദേശിക്കുകയെന്നുമാണ് അഭ്യൂഹങ്ങള്‍.

കോറോണയെ തുടര്‍ന്നുള്ള അടച്ചു പൂട്ടല്‍ കാലയളവില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ കിറ്റ് വിതരണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അനൂകൂലമായ തരംഗം സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചുവെന്ന വിലയിരുത്തലുകളാണ് ഇത്തരത്തിലുള്ള 'ഫ്രീബീസ്' വാഗ്ദാനം ചെയ്യുവാന്‍ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിക്കുന്ന ഘടകം. എന്നാല്‍ ഇത്തരം ചെലവുകള്‍ ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തികസ്ഥിതി സംസ്ഥാന ഖജനാവിന് ഉണ്ടോയെന്ന കാര്യം ആരും ഗൗരവമായി എടുക്കുന്നില്ല. വരുമാനത്തിന്റെ 80 ശതമാനത്തോളം ശമ്പളവും, പെന്‍ഷനും വായ്പ തിരിച്ചടവിനുമായി ചെലവഴിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ഖജനാവിന് പുതിയ ബാധ്യതകള്‍ വരുത്തി വെയ്ക്കുന്ന പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാന താല്‍പര്യത്തിന് നല്ലതാവില്ല.

കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി മാത്രമല്ല ഇപ്പോഴത്തെ ഭരണമുന്നണിയും വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ ഒട്ടും പിന്നോട്ടല്ല. ക്ഷേമ പദ്ധതികള്‍ തന്നെയാവും ഇടതു മുന്നണിയുടെ മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനം എന്നാണ് കരുതപ്പെടുന്നത്. ലൗ ജിഹാദ് നിരോധിക്കുന്നതിനുള്ള നിയമ നിര്‍മാണം പോലുള്ള വിഷയങ്ങള്‍ കഴിഞ്ഞാല്‍ ഗുജറാത്ത് മോഡലില്‍ കേരളത്തിന്റെ വികസനം ത്വരിതഗതിയില്‍ ആക്കുമെന്നതായിരിക്കും ബിജെപി-യുടെ പ്രധാന വാഗ്ദാനം.

പ്രധാന കക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാവുന്ന മുറയ്ക്ക് മാര്‍ച്ച് 15-ഓടെ മിക്കവാറും മാനിഫെസ്റ്റോകള്‍ പുറത്തു വരുമെന്നാണ് കണക്കാക്കപ്പെടുന്നു. മാനിഫെസ്റ്റോകള്‍ തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ചടങ്ങ് മാത്രമായി കണക്കാക്കുന്ന കാലം കഴിഞ്ഞുവെന്ന അവകാശ വാദം ഇടതു മുന്നണി മുന്നോട്ടു വയ്ക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഏകദേശം മുഴവന്‍ സര്‍ക്കാര്‍ നടപ്പിലാക്കി

എന്ന അവകാശ വാദവുമായാണ് ഭരണമുന്നണി പ്രത്യക്ഷപ്പെടുന്നത്. സാധാരണ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന അവകാശ വാദങ്ങളില്‍ നിന്നും ഇതിനുള്ള വ്യത്യാസം സര്‍ക്കാര്‍ രേഖയായി അത് പ്രസിദ്ധീകരിച്ച് എന്നുള്ളതാണ്. പ്രസിദ്ധീകരിച്ച രേഖയിലെ അവകാശവാദങ്ങളുടെ ശരിയും, തെറ്റും തുറന്നു കാണിക്കുവാന്‍ പ്രതിപക്ഷം വേണ്ടത്ര ശുഷ്‌ക്കാന്തി പുലര്‍ത്തിയതായി തോന്നുന്നില്ല. സര്‍ക്കാരിന്റെ പരസ്യ വിഭാഗം പുറത്തിറക്കുന്ന പബ്ലിസിറ്റി മെറ്റീരിയല്‍ എന്നതിനപ്പുറം പ്രാധാന്യം ഈ രേഖയ്ക്ക് പ്രതിപക്ഷ കക്ഷികള്‍ നല്‍കാതിരുന്നത് ഭരണമുന്നണിയുടെ ജോലി എളുപ്പമാക്കിയതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com