ടെക്സ്റ്റൈൽ കമ്പനികൾ ബംഗ്ലാദേശിനെ കൈവിടുന്നു, ആഗോള ഹബ് ആകാൻ ഇന്ത്യ

രാജ്യത്തെ രാഷ്ട്രീയ മാറ്റത്തെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍. ഒരു സമയത്ത് ഏഷ്യയിലെ വന്‍വളര്‍ച്ചയുണ്ടായിരുന്ന സമ്പദ്‌വ്യവസ്ഥയില്‍ നിന്നുള്ള വീഴ്ച്ച ഞൊടിയിടയില്‍ സംഭവിച്ചതാണ്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതിലേക്ക് നയിച്ച പ്രതിഷേധങ്ങള്‍ക്കു ശേഷം രാജ്യം സമാധാനത്തിലേക്ക് തിരികെയെത്തിയിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ രാജ്യാന്തര വാണിജ്യ രംഗത്തും ബംഗ്ലാദേശിന്റെ മുഖം വികൃതമാക്കിയിട്ടുണ്ട്.

നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ്
മുഹമ്മദ് യൂനുസിന്റെ
നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ കൂടുതല്‍ മതാധിഷ്ഠിതമായ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതും പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശനം ശക്തമാക്കിയതും യൂനസിന് തലവേദനയാണ്. ബംഗ്ലാദേശ് സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന വസ്ത്ര വ്യവസായത്തെയാണ് അസ്ഥിരത ഏറ്റവും കൂടുതല്‍ ബാധിച്ചത്.

വന്‍കിട കമ്പനികള്‍ ധാക്കയെ ഒഴിവാക്കുന്നു

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്താണ് ബംഗ്ലാദേശില്‍ ടെക്‌സ്റ്റൈല്‍ വ്യവസായം പുഷ്ടിപ്പെടുന്നത്. വിദേശ കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയും അടിസ്ഥാന സൗകര്യ വികസനം ഒരുക്കിയും ബ്രാന്‍ഡുകളെ ആകര്‍ഷിച്ചു. എന്നാല്‍ അധികാരം കൈമാറ്റം ചെയ്യപ്പെട്ടതോടെ ഹസീനയുടെ ഉറപ്പിലെത്തിയ കമ്പനികള്‍ പലതും ധാക്കയില്‍ നിന്ന് വിട്ടുപോകാനുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശിലെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്ന തിരിച്ചറിവാണ് കാരണം.
ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കുണ്ടായ തിരിച്ചടി നേട്ടമാകുന്നത് ഇന്ത്യയ്ക്കാണ്. തമിഴ്‌നാട്ടിലെയും ഉത്തര്‍പ്രദേശിലെയും ഗുജറാത്തിലെയും കമ്പനികള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ വര്‍ധിച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ക്കായി വസ്ത്രങ്ങള്‍ നിര്‍മിക്കാനായി കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. സൂറത്തിലെ വസ്ത്രനിര്‍മാണ കമ്പനികള്‍ക്ക് 25 ശതമാനത്തോളം അധിക ഓര്‍ഡറുകള്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയ്ക്ക് നേട്ടം

റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ബംഗ്ലാദേശിനാണ്. നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളില്‍ ഏറിയപങ്കും ബംഗ്ലാദേശിലേക്ക് എത്തുന്നത് സൂറത്തില്‍ നിന്നാണ്. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായതോടെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ അവിടുത്തെ ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിക്ക് ആശങ്കയുണ്ട്.
ബംഗ്ലാദേശിന്റെ ജിഡിപിയുടെ 11 ശതമാനവും ഗാര്‍മെന്റ് വ്യവസായത്തില്‍ നിന്നാണ്. ബംഗ്ലാദേശില്‍ നിര്‍മിക്കുന്നവയില്‍ 80 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. ഗാര്‍മെന്റ്‌സ് മേഖലയില്‍ സംഭവിക്കുന്ന ഏതൊരു തിരിച്ചടിയും ബംഗ്ലാദേശിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതിലേക്ക് ഇത് നയിക്കും. പാക്കിസ്ഥാനില്‍ സംഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ബംഗ്ലാദേശിനെയും കാത്തിരിക്കുന്നതെന്ന് സാരം.


Related Articles
Next Story
Videos
Share it