പണി പൂര്‍ത്തിയായ എറണാകുളത്തെ പാലാരിവട്ടം പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതു മുതല്‍ സംസ്ഥാനത്തെ ഏതു പദ്ധതികളും പ്രവര്‍ത്തിപഥത്തില്‍ എത്തുന്നതിന് അടുത്ത രണ്ടു മാസം തെരഞ്ഞെടുപ്പ് കമീഷന്റെ ദയാ വായ്പിനായി കാത്തിരിക്കേണ്ടി വരും. നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന്റെ ഭാഗമായി മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുള്ള പരിമിതികളാണ് അതിന്റെ കാരണം. സാധാരണഗതിയില്‍ പോലും ഒച്ചിന്റെ വേഗതയില്‍ ചലിക്കുന്ന ഭരണ സംവിധാനം മാതൃക പെരുമാറ്റച്ചട്ടത്തിന്റെ മറവില്‍ പൂര്‍ണ്ണമായും നിഷ്‌ക്രിയാവസ്ഥയിലെത്തുന്ന സ്ഥിതിവിശേഷമാണ് തെരഞ്ഞെടുപ്പ് കാലത്ത് കാണാനാവുക. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന് പൂര്‍ത്തിയാവുമെങ്കിലും ഫലം പുറത്തു വരാന്‍ വീണ്ടും ഏകദേശം ഒരു മാസത്തോളം കാത്തിരിക്കണം. ബംഗാളിലെ 8ഘട്ടത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മെയ് മാസം രണ്ടാം തീയതിയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നടത്തുക. രണ്ടാം തീയതി ഫലം വന്ന് മന്ത്രിസഭ രൂപീകരണം പൂര്‍ത്തിയാവുമ്പോള്‍ മെയ് മാസം പകുതിയാവുമെന്ന് കരുതേണ്ടി വരും. അതായത് മാര്‍ച്ചു മുതല്‍ മെയ് വരെയുള്ള ഏകദേശം മൂന്നു മാസത്തോളം നയപരമായ കാര്യങ്ങളില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവില്ല.
പുതിയ ധനകാര്യവര്‍ഷത്തിന്റെ തുടക്കത്തിലെ രണ്ടു മാസത്തെ നയപരമായ നിഷ്‌ക്രിയത്വം ഭരണസംവിധാനത്തെ ബാധിക്കുന്നത് ആരോഗ്യപരമായ ഒന്നാകില്ല. പഞ്ചായത്തുകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2021 - 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രേഖകളുടെ തയ്യാറക്കലും, മറ്റു വികസന പദ്ധതികളുടെ രൂപരേഖയുടെ ചര്‍ച്ചകളുമെല്ലാം മെയ് മാസം കഴിയാതെ തുടങ്ങാനിടയില്ല. മാതൃക പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ നടക്കുന്ന ഈ വഴിമുടക്കുകള്‍ 5 വര്‍ഷത്തില്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും സംസ്ഥാനങ്ങള്‍ അഭിമുഖീകരിയ്ക്കണം. ലോകസഭ, നിയമസഭ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്കെല്ലാം മാതൃക പെരുമാറ്റച്ചട്ടം ബാധകമാണ്.
ഇപ്പോഴത്തെ സ്ഥിതിയനസരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വോട്ടെടുപ്പും തമ്മില്‍ രണ്ടു മാസത്തെ ഇടവേള ഉണ്ടാവുമെന്ന് കണക്കാക്കിയാല്‍ അഞ്ചുകൊല്ലത്തില്‍ ആറു മാസക്കാലം ഭരണസംവിധാനം തീരുമാനങ്ങള്‍ എടുക്കാനാവാത്ത മൗനവ്രതത്തിലായിരിക്കും.
സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന മട്ടില്‍ കാര്യങ്ങള്‍ നടപ്പിലാവുന്നതിന് പെരുമാറ്റച്ചട്ടം തടസ്സമല്ലെന്നു ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഉദ്ഘാടന മാമാങ്കം ഒന്നുമില്ലാതെ പാലാരിവട്ടം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന്‍ തടയിടുമെന്നു കരുതാനാവില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ നിശ്ശബ്ദമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമുണ്ടാവില്ല.
മാതൃക പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കടുംപിടുത്തങ്ങള്‍ നടത്താറുണ്ടെങ്കിലും അവ കമീഷന്റെ സ്റ്റാട്ട്യുട്ടറി അധികാരത്തില്‍ വരുന്നവ അല്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ അഭിപ്രായ സമന്വയത്തിനു ശേഷം കമീഷന്‍ പുറപ്പെടുവിച്ച മാര്‍ഗ രേഖയാണ് മാതൃക പെരുമാറ്റച്ചട്ടം. 1960ലെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് മാതൃക പെരുമാറ്റച്ചട്ടം ആദ്യമായി പുറപ്പെടുവിച്ചതെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദു പത്രം റിപോര്‍ട് ചെയ്യുന്നു. 1962ല്‍ പെരുമാറ്റച്ചട്ടം കമീഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും വിതരണം ചെയ്തു. രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം 1979ല്‍ കൂടുതല്‍ സമഗ്രമായി പരിഷ്‌ക്കരിച്ച പെരുമാറ്റച്ചട്ടം കമീഷന്‍ പുറത്തിറക്കി. ഇപ്പോള്‍ നടപ്പിലാക്കുന്ന പെരുമാറ്റച്ചട്ടം 79ലെ പരിഷ്‌ക്കരിച്ച പതിപ്പാണ്. എന്തായാലും ബംഗാളില്‍ എട്ടു ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പേരില്‍ കേരളത്തിലും, തമിഴ്‌നാട്ടിലും, പോണ്ടിച്ചേരിയിലും ഭരണ സംവിധാനം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഏകദേശം ഒരു മാസത്തോളം നിഷ്‌ക്രിയാവസ്ഥയില്‍ തുടരണമെന്ന് തീരുമാനിക്കുവാന്‍ തെരഞ്ഞെടുപ്പ് കമീഷന് അധികാരമുണ്ടോയെന്ന വിഷയങ്ങള്‍ തെരഞ്ഞെടുപ്പു കാലത്തെങ്കിലും ചര്‍ച്ചയില്‍ വരേണ്ടതാണ്.