Begin typing your search above and press return to search.
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100% തീരുവ ഭീഷണിയുമായി ട്രംപ്, ഇന്ത്യയ്ക്ക് ആശങ്ക വേണ്ടാത്തതെന്തുകൊണ്ട്?
അന്താരാഷ്ട്ര പണമിപാടുകളില്‍ ഡോളറിനു പകരം ബ്രിക്‌സ് രാജ്യങ്ങള്‍ മറ്റേതെങ്കിലും കറന്‍സി ഉപയോഗിക്കാന്‍ നീക്കം നടത്തിയാല്‍ 100 ശതമാനം ഇറക്കുമതി നികുതി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഡോളറിനെ ഒഴിവാക്കിയാല്‍ അമേരിക്കയോടു തന്നെ വിടപറയേണ്ടി വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എതോപ്യ, യു.എ.ഇ എന്നീ ഒമ്പത് രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. യു.എസ് അംഗമല്ലാത്ത ഏക അന്താരാഷ്ട്ര സഖ്യമാണിത്.
ഇന്ത്യയ്ക്ക് ആശങ്ക വേണ്ട
ഡോളറിന് ബദലമായി മറ്റേതെങ്കിലും കറന്‍സിയെ മുന്നോട്ടു കൊണ്ടു വരികയോ അല്ലെങ്കില്‍ ബ്രിക്‌സ് കറന്‍സ് അവതരിപ്പിക്കുകയോ വേണമെന്ന് അംഗരാഷ്ട്രങ്ങളായ റഷ്യയും ചൈനയും പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇതുവരെ ഈ ആവശ്യത്തിന് ഒപ്പം നിന്നിട്ടില്ല.
അടുത്തിടെ കൊച്ചിയിലെത്തിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബ്രിക്‌സ് കറന്‍സിയെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയിരുന്നു. ഇതു വരെ ഇന്ത്യ ബ്രിക്‌സ് കറന്‍സിയെ കുറിച്ച് ശാശ്വതമായ തീരുമാനത്തിലെത്തിയിട്ടില്ലെന്നും അംഗരാജ്യങ്ങക്കിടയില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഔദ്യോഗികമായ കരാറുകളൊന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യൂറോ നടപ്പാക്കിയതുമായി ഇതിനെ താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറയുന്നു. യൂറോസോണ്‍ എന്നാല്‍ ഒരേ ഭൂമിശാസ്ത്രപരമായ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുടെ കൂട്ടായമയാണ്. എന്നാല്‍ ബ്രിക്‌സിലെ അംഗങ്ങള്‍ക്കിടയിലെ ഭൂമിശാസ്ത്രപരമായ വ്യത്യസ്തത ഒരു ഏകീകൃത കറന്‍സി നടപ്പാക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ചര്‍ച്ചകള്‍ പോലും അതുകൊണ്ട് ശൈശവഘട്ടം പിന്നിട്ടിട്ടില്ലെന്നും വളരെ ജാഗ്രതയോടെയാണ് ഇതേ കുറിച്ച് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. ബ്രിക്‌സ് കറന്‍സിയുടെ വരവ് ലോക സമ്പദ് വ്യവസ്ഥയെയും ഡോളറിനെയും എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിനുത്തരമായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൊച്ചിയിലെത്തിയത്.
വിമുഖതയ്ക്ക് കാരണങ്ങള്‍ പലത്
യു.എസുമായി ശക്തമായ വ്യാപാര ബന്ധമുള്ള ഇന്ത്യ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നയങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ട്. യു.എസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ.ടി, ടെക്‌സ്റ്റൈല്‍ എന്നിവയുടെ ഏറ്റവും വലിയ കയറ്റുമതിരാജ്യമാണ് യു.എസ്.
ട്രംപ് തന്റെ നിലപാടുമായി മുന്നോട്ടു പോയാല്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ഉയര്‍ന്ന ചെലവ് നേരിടേണ്ടിവരും, ഇത് യുഎസില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് കുറയ്ക്കും അതേസമയം, യുഎസ് അടുത്തിടെ മികച്ച വ്യാപാര പങ്കാളിയായി മാറിയതിനാല്‍ ഡോളറില്‍ നിന്ന് അകന്നുപോകുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 120 കോടി ഡോളര്‍ കടന്നിരുന്നു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ബ്രിക്‌സ് കറൻസിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. അംഗരാജ്യങ്ങള്‍ സ്വന്തം കറന്‍സികളുപയോഗിച്ച് വ്യാപാരം തുടരാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
പല വികസ്വര രാജ്യങ്ങളുടെയും വ്യാപാരത്തിന് യു.എസ് ഡോളര്‍ നിര്‍ണായകമാണ്. ഇന്ത്യയുടെ സ്വന്തം വ്യാപാരവും സാമ്പത്തിക ഇടപാടുകളും ഡോളറിനെ വളരെയധികം ആശ്രയിച്ചാണിരിക്കുന്നത്.
ഇന്ത്യ ബ്രിക്സ് കറൻസിയോട് വിമുഖത കാണിക്കാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്. ഡോളറിനെ വെല്ലുവിളിച്ചുകൊണ്ട് പാശ്ചാത്യ ശക്തികളുമായുള്ള ലാഭകരമായ വ്യാപാര കരാറുകള്‍ അപകടത്തിലാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ജാഗരൂകമായൊരു സമീപനം പിന്തുടരാനായിരിക്കും ഇന്ത്യയുടെ നയം.
Next Story
Videos