ധനക്കമ്മി കുത്തനെ കുറയ്ക്കാന്‍ കേന്ദ്രം; ബജറ്റിലെ ശ്രദ്ധേയമായ ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടമെന്ത്?

ബജറ്റ് പ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ അത് കേന്ദ്രത്തിന്റേതായാലും സംസ്ഥാനങ്ങളുടേതായാലും നമ്മള്‍ കേള്‍ക്കുന്നൊരു പദമാണ് ധനക്കമ്മി (Fiscal Deficit). ധനക്കമ്മി കൂടിയാല്‍ അതേച്ചൊല്ലി സര്‍ക്കാരുകള്‍ക്കെതിരെ വിമര്‍ശനങ്ങളും പതിവാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ണായക പ്രഖ്യാപനമായിരുന്നു ധനക്കമ്മി ജി.ഡി.പിയുടെ 4.5 ശതമാനത്തിലേക്ക് രണ്ടുവര്‍ഷത്തിനകം കുറയ്ക്കുമെന്നത്. എന്താണ് ഈ ധനക്കമ്മി? അത് കുറയ്ക്കുന്നത് കൊണ്ടുള്ള നേട്ടമെന്ത്? നമുക്ക് പരിശോധിക്കാം.
ധനക്കമ്മി
സര്‍ക്കാരിന്റെ മൊത്തം സാമ്പത്തികച്ചെലവും സാമ്പത്തിക വരുമാനവും തമ്മിലെ അന്തരമാണ് ധനക്കമ്മി (fiscal deficit). ഇതില്‍ സര്‍ക്കാര്‍ വാങ്ങിക്കൂട്ടുന്ന വായ്പകള്‍ (കടം/borrowings) ഉള്‍പ്പെടുന്നില്ല. ഇന്ത്യ തുടര്‍ച്ചയായി ധനക്കമ്മി രേഖപ്പെടുത്തുന്ന ഒരു രാജ്യമാണ്. അതായത്, സര്‍ക്കാരിന്റെ വരുമാനത്തേക്കാള്‍ കൂടുതലാണ് അതിന്റെ ചെലവ്. വരുമാനം ചെലവിനേക്കാള്‍ കൂടുതലാണെങ്കില്‍ അതിനെ സാമ്പത്തിക മിച്ചം (Fiscal Surplus) എന്നാണ് പറയുക. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബജറ്റിനെ മിച്ച ബജറ്റ് എന്നും വിളിക്കും. നമ്മുടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ബജറ്റ് സാധാരണയായി 'കമ്മി ബജറ്റ്' ആണ്.
ധനക്കമ്മി താഴേക്ക്
നടപ്പുവര്‍ഷം (2023-24) ജി.ഡി.പിയുടെ 5.9 ശതമാനമായിരിക്കും ധനക്കമ്മി എന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇടക്കാല ബജറ്റില്‍ ഇത് 5.8 ശതമാനമായിരിക്കുമെന്ന് പുനര്‍നിര്‍ണയിച്ചു.
2024-25ല്‍ പ്രതീക്ഷിക്കുന്നത് 5.1 ശതമാനമാണ്. 5.3 ശതമാനമായിരിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. 2025-26ഓടെ ഇത് 4.5 ശതമാനത്തിലേക്ക് താഴ്ത്തുമെന്നാണ് നിര്‍മ്മല വ്യക്തമാക്കിയത്.
ധനക്കമ്മി ജി.ഡി.പിയുടെ 3 ശതമാനമായി നിയന്ത്രിക്കുകയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. എന്നാല്‍, കൊവിഡ് അടക്കമുള്ള അപ്രതീക്ഷിത തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ധനക്കമ്മി പരിധിവിട്ട് ഉയരുകയായിരുന്നു. ഇതാണ് പടിപടിയായി കുറയ്ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്.
ധനക്കമ്മി കുറയ്ക്കുന്നത് കൊണ്ട് എന്താണ് നേട്ടം?
ധനക്കമ്മിയുടെ ലക്ഷ്യം കുറയ്ക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തികാരോഗ്യം ഭദ്രമാക്കുകയാണ് ചെയ്യുക. ഇത് ചെലവുകള്‍ക്കായി കടം വാങ്ങിക്കൂട്ടുന്നത് കുറയ്ക്കാനും സര്‍ക്കാരിനെ സഹായിക്കും.
2024-25ല്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്ന കടം നടപ്പുവര്‍ഷത്തേക്കാള്‍ കുറവായിരിക്കുമെന്ന് ഇടക്കാല ബജറ്റില്‍ നിര്‍മ്മല വ്യക്തമാക്കിയിട്ടുണ്ട്. 11.75 ലക്ഷം കോടി രൂപയാകും അടുത്തവര്‍ഷം വായ്പയെടുക്കുക. ഇത് 2023-24നേക്കാള്‍ കുറവാണ്.
പൊതു വിപണിയില്‍ നിന്ന് കടമെടുക്കുന്നത് കുറയ്ക്കുമെന്ന നിര്‍മ്മലയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാരിന്റെ 10-വര്‍ഷ കടപ്പത്രങ്ങളുടെ ആദായനിരക്ക് (Bond Yield) 7.13 ശതമാനത്തില്‍ നിന്ന് 7.06 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. ധനക്കമ്മിയും കടംവാങ്ങിക്കൂട്ടലും കുറയ്ക്കുമ്പോള്‍ പൊതുവിപണിയിലേക്കുള്ള പണമൊഴുക്ക് കുറയും. ഇത് പണപ്പെരുപ്പം (അവശ്യവസ്തുക്കളുടെ വിലനിലവാരം) കുറഞ്ഞ് നില്‍ക്കാന്‍ സഹായിക്കും.
മാത്രമല്ല, കുറച്ചേ കടമെടുക്കൂ എന്ന പ്രഖ്യാപനം സര്‍ക്കാരിന് കുറഞ്ഞ പലിശനിരക്കില്‍ കടം ലഭിക്കാനും സഹായിക്കും. കടം വാങ്ങിക്കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ ഫലത്തില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വിപണിയില്‍ നിക്ഷേപമൊഴുക്കാനുള്ള അവസരവുമാണ് തുറക്കുന്നത്. ഇത്, വികസന പ്രവര്‍ത്തനങ്ങളുടെ ഗതിവേഗവും നിലവാരവും വര്‍ധിപ്പിക്കും.
ധനക്കമ്മി കുറയുന്നത് സര്‍ക്കാരിന്റെ സാമ്പത്തികാരോഗ്യം ഭദ്രമാക്കുമെന്ന് പറഞ്ഞല്ലോ. അതോടെ, സര്‍ക്കാരിന്റെ ക്രെഡിറ്റ് റേറ്റിംഗും മെച്ചപ്പെടും. ഇത്, നിക്ഷേപകര്‍ക്ക് സര്‍ക്കാരിനോടും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയോടുമുള്ള വിശ്വാസ്യത വര്‍ധിപ്പിക്കും. ഫലത്തില്‍, കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വന്തമാക്കാനും അത് ഇന്ത്യക്ക് സഹായകമാകും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it