വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി; സൗജന്യ സ്‌കൂള്‍ യൂണിഫോമിന് 140 കോടി

വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ 2023 ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവച്ചു. സ്‌കൂളകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള വിഹിതം 85 കോടി രൂപയില്‍ നിന്ന് 95 കോടി രൂപയായി വര്‍ധിപ്പിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുന്നതിനായി 140 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ മാറ്റിവച്ചു. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 60 കോടി രൂപ നീക്കിവച്ചു. ഉച്ചഭക്ഷണ പദ്ധതിക്കായി 344.64 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓട്ടിസം പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 40 ലക്ഷം രൂപ വകയിരുത്തി.

ഉന്നത വിദ്യാഭ്യാസം

സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സഹായമാകുന്ന കര്‍മ്മപദ്ധതിയ്ക്ക് 2023-24 ല്‍ രൂപം നല്‍കും. ഇതിനായി 816.79 കോടി രൂപ വകയിരുത്തി. ഗവേഷണ ഫണ്ടിനുള്ള പ്രാരംഭ പിന്തുണയായി 10 കോടി രൂപ നീക്കിവയ്ക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചു. പ്രതിവര്‍ഷം ലോകത്തിലെ 200 സര്‍വകലാശാലകളില്‍ ഹ്രസ്വകാല ഗവേഷണ അസൈന്‍മെന്റുകള്‍ നേടുന്ന വിദ്യാര്‍ത്ഥികളുടെ യാത്രച്ചെലവുകള്‍ക്കും ജീവിതച്ചെലവുകള്‍ക്കുമായി ഹ്രസ്വകാല ഫെലോഷിപ്പ് ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 19 കോടി രൂപ അനുവദിച്ചു. കൂടാതെ ഗസ്റ്റ് ല്കചറര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കും. അന്തര്‍ സര്‍വ്വകലാശാല അക്കാദമിക് ഫെസ്റ്റിവല്‍ ഈ വര്‍ഷം ആരംഭിക്കും.

സാങ്കേതിക വിദ്യാഭ്യാസം

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്കായി 252.40 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജുകളുടെ വികസനത്തിനായി 40.50 കോടി രൂപ നീക്കിവച്ചു. കേരള സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം,സയന്‍സ് സെന്ററുകള്‍, സയന്‍സ് സിറ്റി എന്നിവയ്ക്കായി 23 കോടി നല്‍കും. സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജുകള്‍ക്ക് 43.20 കോടി രൂപ വകയിരുത്തി. നൈപുണ്യവികസനം ഉറപ്പുവരുത്തുന്നതിന് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന് (അസാപ്) 35 കോടി രൂപ നീക്കിവച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it