ഐ.ഐ.ടി ഡല്‍ഹിയിലും രക്ഷയില്ല! ക്യാംപസ് പ്ലേസ്‌മെന്റ് കിട്ടാതെ നിരവധി പേര്‍, സാലറി പാക്കേജും കുറവ്

രാജ്യത്തെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ (IIT). ഏറ്റവും കഴിവുള്ളവര്‍ക്ക് മാത്രം പ്രവേശനം ലഭിക്കുന്നയിടം എന്നതാണ് ഐ.ഐ.ടി കേന്ദ്രങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. പഠിച്ചിറങ്ങുമ്പോള്‍ തന്നെ ക്യാംപസ് പ്ലേസ്‌മെന്റ് വഴി ജോലിയില്‍ കയറാമെന്ന ഖ്യാതിയാണ് യുവാക്കളെ ആകര്‍ഷിക്കുന്ന പ്രധാന കാര്യം. എന്നാല്‍ ആ ആകര്‍ഷണം കുറയുകയാണെന്നാണ് ഐ.ഐ.ടി ഡല്‍ഹിയില്‍ നിന്നുള്ള പുതിയ വിവരാവകാശ രേഖകള്‍ (RTI) വ്യക്തമാക്കുന്നത്.

കഴിഞ്ഞ ആഞ്ച് വര്‍ഷമായി ക്യാംപസ് പ്ലേസ്‌മെന്റ് ലഭിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് ഐ.ഐ.ടി കാണ്‍പൂര്‍ പൂര്‍വ വിദ്യാര്‍ത്ഥിയും ഗ്ലോബല്‍ ഐ.ഐ.ടി
അലൂംനി
സപ്പോര്‍ട്ട് ഗ്രൂപ്പ് സ്ഥാപകനുമായ ധീരജ് സിംഗ് നല്‍കിയ വിവരാവകാശ പ്രകാരം കൊടുത്ത ചോദ്യങ്ങള്‍ക്ക് ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. 2019 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ പ്രവേശനം നേടിയവരില്‍ 22 ശതമാനത്തിനും ക്യാംപസ് പ്ലേസ്‌മെന്റ് വഴി ജോലി നേടാനായില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത 600 പേര്‍ക്കും ജോലി കിട്ടിയില്ല.
ഓരോ വര്‍ഷവും തഴേക്ക്
വിവരാവകാശ രേഖയില്‍ പറയുന്നതനുസരിച്ച് 2019ല്‍ 1,073 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 934 പേര്‍ക്ക് ജോലി ലഭിച്ചു. അതേസമയം 2020ല്‍ 1,098 വിദ്യാര്‍ത്ഥികളില്‍ 943 പേര്‍ക്ക് ക്യാംപസില്‍ വച്ച് തന്നെ ജോലി കിട്ടി. 2021ല്‍ രജിസ്റ്റര്‍ ചെയ്ത 1,184 വിദ്യാര്‍ത്ഥികളില്‍ 943 പേരാണ് ജോലി നേടുന്നതില്‍ വിജയിച്ചത്. 2022ല്‍ 1,471 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 1,105 പേര്‍ക്ക് ജോലി കിട്ടി. 2023ല്‍ 1,516 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1,270 പേര്‍ക്കാണ് ക്യാംപസ് പ്ലേസ്‌മെന്റ് ലഭിച്ചത്.
2024 കലണ്ടര്‍ വര്‍ഷത്തില്‍ ഐ.ഐ.ടി ഡല്‍ഹിയില്‍ 1,814 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 1,083പേര്‍ക്കാണ് ഏപ്രില്‍ അഞ്ച് വരെയുള്ള കാലയളവില്‍ ജോലി നേടാനായിട്ടുള്ളത്.
ധീരജ് പങ്കുവയ്ക്കുന്ന ആര്‍.ടി.ഐ അനുസരിച്ച് ഈ വര്‍ഷം 40 ശതമാനം പേരും (731) ജോലിക്കായി പ്രതീക്ഷിച്ചിരിക്കുകയാണ്. 2022ല്‍ 25 ശതമാനം പേര്‍ക്കും (366) പ്ലേസ്‌മെന്റ് ലഭിച്ചില്ല. 2021ല്‍ 20 ശതമാനം പേര്‍ക്കും (241) 2020ല്‍ 14 ശതമാനം പേര്‍ക്കും (155) ജോലി കിട്ടിയില്ല. 2019ല്‍ 13 ശതമാനം പേര്‍ക്കാണ് (139) ക്യാംപസ് പ്ലേസ്‌മെന്റ് കിട്ടാതിരുന്നത്.
പാക്കേജുകളും കുറവ്
വിവിധ ഐ.ടി.ഐ.ടികളില്‍ പ്ലേസ്‌മെന്റ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പുറത്തുവന്നിരിക്കുന്ന ആര്‍.ടി.ഐ വിവരങ്ങളെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥികള്‍ കാണുന്നത്. നിലവില്‍ വിവിധ ഐ.ഐ.ടികളില്‍ പഠനം പൂര്‍ത്തിയാക്കിയ 80 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഇതിനകം പ്ലേസ്‌മെന്റ് ലഭിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. ബാങ്കിയുള്ളവര്‍ക്കും ക്യാംപസ് പ്ലേസ്‌മെന്റ് വഴിയല്ലാതെ ജോലി ലഭിക്കാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
ആഗോള സാമ്പത്തിക മാന്ദ്യ സൂചനകള്‍ 2024ലെ ക്യാംപസ് പ്ലേസ്‌മെന്റിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പല കമ്പനികളും പ്ലേസ്‌മെന്റ് വെട്ടിച്ചുരുക്കി. മാത്രമല്ല ശമ്പള പാക്കേജുകളിലും വലിയ കുറവുണ്ട്. 10 ലക്ഷത്തില്‍ താഴെയാണ് പല കമ്പനികളും ക്യാംപസ് പ്ലേസ്‌മെന്റുകളില്‍ വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് തന്നെ തൊഴിലന്വേഷകരായ വിദ്യാര്‍ത്ഥികള്‍ പലരും ജോബ് ഫെയറുകളിലും വിവിധ നഗരങ്ങളിലെ തൊഴില്‍ ഇന്റര്‍വ്യൂകളിലും പങ്കെടുത്ത് മികച്ച പാക്കേജ് നേടാന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it