Begin typing your search above and press return to search.
കുട്ടികളെ നിങ്ങളിത് പഠിപ്പിക്കാറുണ്ടോ? തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില സാമ്പത്തിക പാഠങ്ങള്‍
കോവിഡ് 19 നെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ മാത്രമല്ല ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധി കൂടിയായിരുന്നു. പലര്‍ക്കും ജോലി നഷ്ടമാകുകയും പലരുടെയും സമ്പാദ്യം ചികിത്സയ്ക്കായി ചെലവഴിക്കേണ്ടതായും വന്നു. ശരിക്കും വ്യക്തികളുടെ സാമ്പത്തികാസൂത്രണത്തിന്റെ പ്രാധാന്യം വെളിവാക്കിക്കൊണ്ടാണ് കോവിഡ് വന്നത്. സാമ്പത്തിക നില തകിടം മറിഞ്ഞതോടെ പലരും ഇനിയെന്തു ചെയ്യും എന്ന ആശയക്കുഴപ്പത്തിലായി. സാമ്പത്തിക പ്രതിസന്ധി എങ്ങനെ നേരിടണം എന്ന് ചെറുപ്പം മുതല്‍ തന്നെ പഠിപ്പിക്കാത്തതിന്റെ പ്രശ്‌നമാണ് പലരിലും ഉണ്ടായത്.
സ്‌കൂളുകളില്‍ മിക്ക വിഷയങ്ങളും പാഠ്യവിഷയങ്ങളാണെങ്കിലും പണം എങ്ങനെ ചെലവിടണമെന്നതിനെ കുറിച്ച് പഠിപ്പിക്കുന്നില്ല. പണത്തെ ബഹുമാനിച്ച് ബുദ്ധിപരമായി ചെലവിടാന്‍ പ്രാപ്തമാക്കുന്നതിനായി കുട്ടികളെ പഠിപ്പിച്ചിരിക്കേണ്ട ചില കാര്യങ്ങളിതാ...
ആവശ്യപ്പെടുന്നതും ആവശ്യമുള്ളതും
ആവശ്യപ്പെടുന്നതും ആവശ്യമുള്ളതും തമ്മിലുള്ള വിത്യാസം കുട്ടികളെ പഠിപ്പിച്ചിരിക്കണം. കുട്ടികളുടെ കാര്യത്തില്‍ അവര്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങി നല്‍കുകയാണ് നമ്മള്‍ ചെയ്യാറ്. മറിച്ച് അവര്‍ക്ക് ആവശ്യമുള്ളതല്ല. അവര്‍ക്ക് ആവശ്യമുള്ളത് മാത്രം വാങ്ങാന്‍ പണം ചെലവിടുകയും ബാക്കിയുള്ളവ സമ്പാദിച്ചു വെക്കാനും പഠിപ്പിക്കുന്നതിലൂടെ പണത്തിന്റെ മൂല്യം മനസ്സിലാക്കാന്‍ അവരെ സഹായിക്കും. അനാവശ്യ ചെലവുകളുടെ പ്രത്യാഘാതങ്ങള്‍ ചെറു പ്രായത്തില്‍ തന്നെ മനസ്സിലാകട്ടെ.
പണം കുറച്ചേയുള്ളൂ
പണത്തിന്റെ ലഭ്യത കുറവാണെന്ന് കുട്ടികളായിരിക്കുമ്പോള്‍ തന്നെ അറിയട്ടെ. കോവിഡ് കാലത്ത് വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പോലും പണലഭ്യത കുറഞ്ഞിരുന്നു. ലഭ്യമായ സൗകര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക. അനാവശ്യമായ ചെലവുകള്‍ ഭാവിയെ ബാധിക്കുമെന്ന് പഠിപ്പിക്കുക. പോക്കറ്റ് മണിയായി ലഭിക്കുന്ന തക സമ്പാദിച്ചു വെക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ പണത്തെ ബഹുമാനിക്കാന്‍ അവര്‍ പഠിക്കും.
ബജറ്റിംഗിന്റെ പ്രാധാന്യം
നമ്മള്‍ സാധാരണയായി സാമ്പത്തിക കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാറില്ല. കുടുംബത്തിന്റെ ബജറ്റ് തയാറാക്കുന്നതില്‍ കുട്ടികളെയും ഉള്‍പ്പെടുത്തുക. ചെലവും വരുമാനവും സംബന്ധിച്ച വ്യക്തമായ ചിത്രം ലഭിക്കാന്‍ അതവരെ സഹായിക്കും. ഓരോ പൈസയും സൂക്ഷിച്ച് ഉപയോഗിക്കാന്‍ കുട്ടികളെ അത് പഠിപ്പിക്കും.
സമയവും പണവും തമ്മിലുള്ള ബന്ധം
കുട്ടികളില്‍ സമ്പാദ്യശീലം വര്‍ധിപ്പിക്കാന്‍ ഒരു പണക്കുടുക്ക സമ്മാനിക്കുക. കുറേ നാളുകള്‍ അതില്‍ തനിക്ക് കിട്ടിയ പണമെല്ലാം നിക്ഷേപിച്ച ശേഷം കുടുക്ക പൊട്ടിക്കുമ്പോള്‍ അവരില്‍ വിരിയുന്ന സന്തോഷം വലുതായിരിക്കും. മാത്രമല്ല, സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യും. കുട്ടികളെ പോലെ തന്നെയാണ് പണവും. വളരാന്‍ സമയം വേണം.
നിക്ഷേപം എന്ന കല
നിക്ഷേപം എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്. എത്രയും പെട്ടെന്ന് അത് സ്വായത്തമാക്കുന്നുവോ അത്രയും പെട്ടെന്ന് അത് ഫലം തരും. നിങ്ങള്‍ പണത്തിനായി ജോലി ചെയ്യുന്നതിന് പകരം നിങ്ങള്‍ക്കായി പണം ജോലി ചെയ്യുന്ന പ്രവൃത്തിയാണ് നിക്ഷേപത്തിലൂടെ നടക്കുന്നത്. കൂട്ടുപലിശയിലൂടെ അത് വളരുന്നത് ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അറിഞ്ഞു വെക്കട്ടെ.
Next Story
Videos