കുടിയേറ്റക്കാരെ പകുതിയാക്കി ചുരുക്കാനൊരുങ്ങി ഓസ്‌ട്രേലിയ; മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയോ?

കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെ വിദ്യാര്‍ഥികള്‍ക്കും വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികള്‍ക്കുമുള്ള വീസ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഓസ്‌ട്രേലിയയും. ഈ വിസയില്‍ രാജ്യത്ത് എത്തുന്നവരുടെ എണ്ണം 2 വര്‍ഷത്തിനകം പകുതിയായി കുറയ്ക്കുകയാണു ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷില്‍ കൂടിയ മാര്‍ക്കുള്‍പ്പെടെയുള്ള കര്‍ശന നിയമങ്ങളാണ് കൊണ്ടുവരുന്നത്.

2022-23 കാലയളവില്‍ സ്റ്റുഡന്റ് വിസയും മറ്റു വീസകളുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഓസ്‌ട്രേലിയയിലേക്കെത്തിയത് 5,10,000 പേരാണ്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതിനാല്‍ തന്നെ രണ്ട് വര്‍ഷത്തിനുള്ളില്‍ കോവിഡിന് മുമ്പുള്ള നിലയിലേക്ക് ഇത് എത്തിക്കാനാണ് നിയമങ്ങള്‍ കടുപ്പിക്കുന്നത്.

എന്താണ് ഓസ്‌ട്രേലിയയുടെ വിഷയം ?

''കോവിഡുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിദേശപഠനം, ജോലി എന്നിവ മോഹിച്ചെത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയ വിസ നിയമങ്ങളില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ ഈ അവസരം മുതലെടുത്ത് പല രാജ്യങ്ങളില്‍ നിന്നും അര്‍ഹരല്ലാത്തവരും ഓസ്‌ട്രേലിയയിലേക്ക് കുടിയേറി. ഇത് സ്വദേശികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ക്ക് വെല്ലുവിളിയായി. വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും സമര്‍പ്പിച്ച് പലരും രാജ്യത്തേക്ക് കടന്നു കയറി. ഈ സാഹചര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളെയും ഉദ്യോഗാര്‍ത്ഥികളെയും ഉള്‍ക്കൊള്ളാനുള്ള ചുറ്റുപാട് രാജ്യത്തിന് നഷ്ടമായി തുടങ്ങി. ഈ അവസരം മാറ്റാനാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്''. കേരളത്തിലെ പ്രമുഖ വിദേശ പഠന ഏജന്‍സിയായ സാന്റമോണിക്ക ഉടമ ഡെന്നി തോമസ് പറയുന്നു.

വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടേണ്ടതുണ്ടോ?

വിവിധ കോഴ്‌സുകള്‍ക്കും ജോലിക്കും വീസ ലഭിക്കാനായി IELTS, TOEFL, PTE പോലുള്ള ഇംഗ്ലീഷ് ഭാഷ ടെസ്റ്റുകള്‍ മികച്ച സ്‌കോറോടെ പാസായിരിക്കണം. മാത്രമല്ല വീസ അനുവദിക്കുന്നതിനുള്ള സൂക്ഷ്മ പരിശോധനകള്‍ കര്‍ശനമാക്കുകയും സ്റ്റേ ബാക്ക് കാലയളവ് ഉള്‍പ്പടെയുള്ളവയില്‍ നിയമങ്ങള്‍ കടുപ്പിക്കുകയും ചെയ്യുമെന്നാണ് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ABC) പുറത്തുവിട്ട വിവരങ്ങളില്‍ പറയുന്നത്.

നടപടി കടുപ്പിക്കുമ്പോഴും നൈപുണ്യമുള്ള തൊഴിലാളികളുടെ ഓസ്‌ട്രേലിയയിലേക്കുള്ള വരവും അംഗീകൃത യൂണിവേഴ്‌സിറ്റികളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ വരവും ഓസീ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട്.

ഓരോ വര്‍ഷവും മൂവായിരത്തോളം പേര്‍ കേരളത്തില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് വിദ്യാഭ്യാസവും ജോലിയും തേടിപ്പോകുന്നു. ഇതില്‍ 1500ഓളം പേര്‍ പോകുന്ന ഏജന്‍സിയെന്ന നിലയില്‍ ഡെന്നി തോമസ് പറയുന്നത് ഇങ്ങനെയാണ്. ''കള്ള സര്‍ട്ടിഫിക്കറ്റും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളും നല്‍കി എങ്ങനെയും ഓസ്‌ട്രേലിയയിലേക്ക് കയറിപ്പറ്റാം എന്നു കരുതുന്നവര്‍ക്ക് മാത്രമേ ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടുകള്‍ വരൂ. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും രാജ്യത്തേക്ക് കടക്കാന്‍ യാതൊരു പ്രശ്‌നവുമില്ല. STEM അഥവാ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്ത്‌സ് തുടങ്ങിയ വിഷയങ്ങള്‍ക്കാണ് ഓസ്‌ട്രേലിയയില്‍ കൂടുതല്‍ അവസരങ്ങളുമുള്ളത്. ഈ മേഖലകളിലേക്ക് മികച്ച പഠന നിലവാരമുള്ള ഇംഗ്ലീഷില്‍ മികച്ച സ്‌കോര്‍ നേടാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പേടിക്കേണ്ടതില്ല.''




Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it