മഹാമാരിക്കാലത്തെ കൂട്ടരാജി: ബിസിനസുകാര്‍ എന്തുചെയ്യണം?

'' എല്ലാ വിഭാഗത്തിലെയും ജീവനക്കാര്‍ രാജിവെച്ച് പോകുകയാണ്. അവര്‍ക്ക് പുറത്തുള്ളവര്‍ വാഗ്ദാനം ചെയ്യുന്ന വേതനം നമുക്ക് കൊടുക്കാന്‍ പറ്റില്ല. പോകുന്നവര്‍ക്ക് പകരം പറ്റിയവരെ ലഭിക്കുന്നുമില്ല. പലപ്പോഴും ലഭിച്ച ഓര്‍ഡറുകള്‍ വരെ കൃത്യമായി ഡെലിവറി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍,'' കൊച്ചിയിലെ ഭക്ഷ്യോല്‍പ്പന്ന മേഖലയിലുള്ള ഒരു കമ്പനിയുടെ സാരഥി പറയുന്നു.

''50,000-60,000 രൂപ വേതന സ്‌കെയിലുള്ളവരെ ഒന്നര - രണ്ട് ലക്ഷം രൂപ വാഗഗ്ദാനം ചെയ്താണ് ചില കമ്പനിക്കാര്‍ കൊണ്ടുപോകുന്നത്. ആ സാലറി നമുക്ക് എന്തായാലും കൊടുക്കാന്‍ പറ്റുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇക്കോണമി തുറന്നപ്പോള്‍ നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു. പക്ഷേ അവ കൃത്യസമയത്ത് തീര്‍ത്ത് കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണ്,'' ഒരു ഐറ്റി കമ്പനിയുടെ ഉടമയുടേതാണ് ഈ വാക്കുകള്‍.

കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും തലപൊക്കിയ പ്രവണതകളില്‍ ഒന്നായ Great resignation അഥവാ മഹത്തായ കൂട്ടരാജിയുടെ പ്രതിഫലനം ഇവിടെ കേരളത്തിലുമുണ്ട്. എല്ലാ തലങ്ങളില്‍ നിന്നുള്ള ജീവനക്കാരും രാജി വെച്ച് പോകുന്നുണ്ടെന്ന് കൊച്ചി ആസ്ഥാനമാക്കി ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സേവനം നല്‍കുന്ന ഒരു ഐടി കമ്പനിയുടെ സാരഥി വ്യക്തമാക്കുന്നു. കേരളത്തില്‍ ഐറ്റി, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ രംഗങ്ങളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതല്‍. എന്നിരുന്നാലും എല്ലാ രംഗങ്ങളിലെയും കമ്പനികളില്‍ ഏറിയും കുറഞ്ഞും ജീവനക്കാര്‍ രാജിവെച്ച് പോകുന്നുണ്ട്.
പുതിയ കാര്യമല്ല; പക്ഷേ ഇപ്പോള്‍ ഏറെ പ്രശ്‌നം
കമ്പനികളില്‍ നിന്ന് ജീവനക്കാര്‍ രാജിവെച്ച് പോകുന്നത് പുതിയ കാര്യമല്ല. ഇതിന് മുമ്പും അതുണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ ഇതിന് പ്രത്യേകതകള്‍ പലതുണ്ട്. രാജിക്കത്ത് നല്‍കുന്നവരെ കൂടുതല്‍ വേതനം വാഗ്ദാനം ചെയ്ത് പല ബിസിനസ് സാരഥികള്‍ക്ക് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. കോവിഡ് മഹാമാരി രണ്ട് കലണ്ടര്‍ വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇക്കാലം കൊണ്ടുണ്ടായ സാമ്പത്തിക ഭാരത്തില്‍ നിന്ന് കരകയറാത്ത ബിസിനസുകള്‍ക്ക് എങ്ങനെ വേതനം കൂട്ടി നല്‍കാനാകും? അതേസമയം, ലോക്ക്ഡൗണിന് ശേഷം സമ്പദ് വ്യവസ്ഥ തുറന്നുവരുന്നതോടെ കമ്പനികള്‍ക്ക് കൂടുതല്‍ കരാറുകളും ഹെല്‍ത്ത്‌കെയര്‍ പോലുള്ള രംഗങ്ങളില്‍ സേവനം തേടിയെത്തുന്നവരുടെ എണ്ണവും കുത്തനെ ഉയരുകയും ചെയ്യുന്നുണ്ട്.
എന്തുകൊണ്ട് ജീവനക്കാര്‍ കൂട്ടമായി കൊഴിഞ്ഞുപോകുന്നു?
സേവന വേതന വ്യവസ്ഥകളിലുള്ള അതൃപ്തി, തൊഴിലിടത്തെ അസുഖകരമായ അന്തരീക്ഷം, ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പോകാന്‍ സാധിക്കാത്തത് തുടങ്ങി നിരവധി കാരണങ്ങള്‍ ജീവനക്കാരുടെ രാജിയിലേക്ക് നയിക്കാറുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്തും അതിനുശേഷവും ജീവനക്കാരെ ജോലിയില്‍ നിന്ന് മാറാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ വ്യത്യാസമുണ്ട്.

ലോക്ക്ഡൗണ്‍ നാളുകളില്‍ സാധ്യമായത്ര മേഖലകളിലെല്ലാം വര്‍ക്ക് ഫ്രം ഹോം ശൈലി സാധാരണമായി. ഇതോടെ ഭൂരിഭാഗം പേര്‍ക്കും ജോലിയും സ്വകാര്യ ജീവിതവും തമ്മിലുള്ള വേര്‍തിരിവ് തന്നെ ഇല്ലാതായി. അതിരാവിലെ തുടങ്ങുന്ന ഓഫീസ് ജോലികള്‍ പാതിരാത്രി വരെ നീണ്ടു. അതിനിടെ വീട്ടിലെ ജോലികളും എല്ലാം ചേര്‍ന്നതോടെ അമിതഭാരം സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ തുടങ്ങി. ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ പറ്റുന്ന പുതിയ മേച്ചില്‍ പുറങ്ങള്‍ ജീവനക്കാര്‍ തുടങ്ങിയതോടെ രാജിയും കൂടി. ലോക്ക്ഡൗണ്‍ കാലത്ത് വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ സദാ ഇരിക്കാന്‍ നിര്‍ബന്ധിതരായവര്‍ ജോലി, വ്യക്തിജീവിതം, സ്വന്തം താല്‍പ്പര്യങ്ങള്‍, ജീവിത ലക്ഷ്യങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അതുവരെ ചിന്തിക്കാത്ത രീതിയില്‍ ചിന്തിച്ചുതുടങ്ങിയതും ഇപ്പോഴത്തെ കൂട്ടരാജിക്ക് കാരണമാകുന്നുണ്ട്. ജോലിയെ കുറിച്ചും ജീവിതത്തെ കുറിച്ചും വ്യക്തികളുടെ കാഴ്ചപ്പാടുകള്‍ മാറിയതും ഇപ്പോഴത്തെ കൊഴിഞ്ഞുപോക്കുകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് എച്ച് ആര്‍ രംഗത്തുള്ളവരും കോര്‍പ്പറേറ്റ് സൈക്കോളജി മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ജോലിയുമായി ബന്ധപ്പെടുത്തി മാത്രം വ്യക്തിഗത ആവശ്യങ്ങള്‍ക്ക് സമയം കണ്ടെത്തിയിരുന്നവര്‍ ഇപ്പോള്‍ സ്വന്തം ജീവിതത്തിന് മുന്‍തൂക്കം നല്‍കി ജോലിയെ ഫ്‌ളക്‌സിബ്ള്‍ ആക്കാന്‍ ശ്രമിച്ചതുതന്നെയാണ് ഇക്കാലത്തെ കൂട്ടരാജിക്ക് പിന്നിലെ പ്രധാന കാരണം.

മറ്റൊന്ന് ഉയര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പ് രംഗമാണ്. പതിനായിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍ കോവിഡ് കാലത്ത് ഇന്ത്യയില്‍ മാത്രം ഉയര്‍ന്നുവന്നിട്ടുണ്ട്. പലമേഖലകളില്‍ ജോലി ചെയ്തവരാണ് ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ സാരഥികളും അവയിലെ ജീവനക്കാരും. പുതിയൊരു മേഖലയില്‍ കമ്പനി സൃഷ്ടിക്കുക മാത്രമല്ല ഇവര്‍ ചെയ്തിരിക്കുന്നത് പുതുതലമുറയുടെ അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുന്ന തൊഴില്‍ സംസ്‌കാരവും ഇവിടങ്ങളിലുണ്ട്. മാത്രമല്ല കോവിഡ് വന്നതോടെ Gig Economy യും ശക്തിപ്പെടുത്തു. ഒരിടത്ത് മാത്രം അടിഞ്ഞുകിടക്കാതെ ചെയ്യുന്ന ജോലിക്ക് വേതനം കൈപ്പറ്റി, പലതരത്തിലുള്ള ജോലികള്‍ ചെയ്യാനുള്ള സാഹചര്യം ഇപ്പോഴുണ്ട്.

രാജ്യത്തെ ഐറ്റി മേഖലയെ കൂട്ടരാജി അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ചിരിക്കുകയാണ്. റിസര്‍ച്ച് സ്ഥാപനമായ Gartner ന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ഐറ്റി മേഖലയിലെ കൊഴിഞ്ഞുപോക്ക് ഇപ്പോള്‍ 20 ശതമാനമാണ്. 2020ല്‍ ഇത് പത്ത് ശതമാനമായിരുന്നു. ചില ഐറ്റി കമ്പനികളില്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് 30 ശതമാനം വരെയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാത്രമല്ല നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഓരോ ത്രൈമാസത്തിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഐറ്റി കമ്പനികളില്‍ കൂടി വരികയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐറ്റി കമ്പനികളിലൊന്നായ ടിസിഎസ്സില്‍ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ കൊഴിഞ്ഞുപോക്ക് 8.6 ശതമാനമായിരുന്നുവെങ്കില്‍ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ ഇത് 11.9 ശതമാനമായി. ഇന്‍ഫോസിസ്, വിപ്രോ, എച്ച് സി എല്‍, ടെക് മഹീന്ദ്ര തുടങ്ങി വമ്പന്‍ ഐറ്റി കമ്പനികളുടെയെല്ലാം ജീവക്കാരുടെ കൊഴിഞ്ഞുപോക്ക് നിരക്ക് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്.

ജീവനക്കാരുടെ കൂട്ടക്കൊഴിഞ്ഞുപോക്കും ജോലിയില്‍ നിന്ന് വിട്ടുപോകാന്‍ താല്‍പ്പര്യമില്ലാതെ ജീവനക്കാര്‍ തുടരുന്നതും ചരിത്രത്തിലെ പല സന്ദര്‍ഭങ്ങളിലും ഇടവിട്ട് ആവര്‍ത്തിച്ചിട്ടുള്ള പ്രതിഭാസമാണ്. ഇത്തരം ഘട്ടങ്ങളില്‍ ബിസിനസുകള്‍ നിലനിന്നുപോകാന്‍ ഓരോ ബിസിനസുകാരനും തങ്ങളുടെ സ്ഥാപനത്തിലെ സാഹചര്യങ്ങളെയും തൊഴില്‍ അന്തരീക്ഷത്തെയും ആഴത്തില്‍ വിശകലനം ചെയ്യണം. ബിസിനസ് നടത്തിപ്പിന് അനിവാര്യരായ ജീവനക്കാരെ കൂടെ നിര്‍ത്താന്‍ ഇത്തരം ഘട്ടങ്ങളില്‍ ഇതുവരെ തുടര്‍ന്നുവന്ന രീതികള്‍ മതിയാകില്ല.
ബിസിനസുകാര്‍ എന്തുചെയ്യണം?
ഓരോ സംരംഭങ്ങളും അവ പിന്തുടരുന്ന എച്ച് ആര്‍ പോളിസികളെ പുനരവലോകനം ചെയ്യാനുള്ള അവസരമാണിത്. ജീവനക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇതൊക്കെയാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.
  • സ്ഥാപനത്തില്‍ ഏതൊക്കെ തലത്തിലുള്ളവരാണ് രാജി വെയ്ക്കുന്നത്? എന്തുകൊണ്ട് അവര്‍ പോകുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുക. കാരണം കണ്ടെത്തി, മനുഷ്യവിഭവശേഷി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തുക.
  • ലോകമെമ്പാടും നടത്തിയ പഠങ്ങള്‍ പറയുന്നത് ഇപ്പോള്‍ ജീവനക്കാര്‍ തേടുന്ന കാര്യങ്ങള്‍ ഫ്‌ളെക്‌സിബ്ള്‍ ആയി ജോലി ചെയ്യാനുള്ള സൗകര്യം, റിമോട്ട് ആയി വര്‍ക്ക് ചെയ്യാനുള്ള അവസരം, കുറഞ്ഞ ജോലി സമയം തുടങ്ങിയവയൊക്കെയാണ്. ഇത്തരം സൗകര്യങ്ങള്‍ നല്‍കി ജോലി ചെയ്യുന്ന സമയത്തിന് വേതനം എന്ന ശൈലി വരെയൊക്കെ അവലംബിക്കാന്‍ ശ്രമിക്കണം.
  • വേതനം മാത്രമല്ല ജീവനക്കാര്‍ ഇപ്പോള്‍ നോക്കുന്നതെന്ന് ആഗോള സര്‍വെകള്‍ പറയുന്നു. അവര്‍ക്കും കുടുംബത്തിനുമുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോലുള്ള കാര്യങ്ങള്‍, മാനസികോല്ലാസം നല്‍കുന്ന ഇടപെടലുകള്‍ എല്ലാം ജീവനക്കാര്‍ നോക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം തൊഴിലുടമകള്‍ ഇനി പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു.
  • ജീവനക്കാരെ ശാക്തീകരിക്കുന്നതിനും അവരുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുന്നതിനും അനുയോജ്യമായ അന്തരീക്ഷമാകണം കമ്പനികള്‍ ഒരുക്കേണ്ടത്. ഇതിനൊന്നുമുള്ള അവസരം കമ്പനികള്‍ നല്‍കുന്നില്ലെങ്കില്‍ പുതിയ കമ്പനികളിലേക്ക് ജീവനക്കാര്‍ പോകും.
  • ഒരു പ്രത്യേക ജോലി തന്നെ നിരന്തരം ചെയ്യാനും ആവര്‍ത്തന വിരസതയോടെ ജീവിക്കാനും ഇപ്പോഴത്തെ തലമുറ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് സ്ഥാപനത്തിലെ മനുഷ്യവിഭവശേഷിയെ കൃത്യമായി വിശകലനം ചെയ്ത് അവര്‍ക്ക് വ്യത്യസ്തമായ റോളുകള്‍ നല്‍കി വിരസത ഒഴിവാക്കാന്‍ ശ്രമിക്കണം.
  • എല്ലാ കമ്പനികളിലും വ്യത്യസ്ത പ്രായക്കാരും അനുഭവ പാരമ്പര്യമുള്ളവരും എല്ലാം കാണും. ഇവരെയെല്ലാം കൂടെ നിര്‍ത്താന്‍ എല്ലാവര്‍ക്കും അനുയോജ്യമായ ഫോര്‍മുലയൊന്നുമില്ല. കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളും ജീവനക്കാരുടെ കാര്യശേഷിയും എല്ലാം കണക്കിലെടുത്ത് തികച്ചും കസ്റ്റമസൈഡ് ആയ പോളിസികള്‍ സ്ഥാപനത്തില്‍ കൊണ്ടുവരിക.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it