
കാനഡയില്‍ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സമയങ്ങളില്‍ നിയന്ത്രണം വരുത്തി കാനഡ സര്‍ക്കാര്‍. ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമായാണ് തൊഴില്‍ സമയം പരിമിതപ്പെടുത്തിയത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ സാമ്പത്തിക വെല്ലുവിളിയാകുമെന്നാണ് സൂചനകള്‍. ജോലി ചെയ്യാനുള്ള സമയം പരിമിതപ്പെടുത്തിയതോടെ വിദ്യാര്‍ത്ഥികളുടെ വരുമാനത്തില്‍ സാരമായ കുറവുണ്ടാകും. ഇത് അവര്‍ക്ക് ഫീസ് അടക്കാനുള്ള വരുമാനമുള്‍പ്പടെയുള്ള കാര്യങ്ങളെ ബാധിച്ചേക്കും. പുതിയ നിയമം ഈ മാസം പ്രാബല്യത്തില്‍ വരും. അവധിക്കാലത്ത് കൂടുതല്‍ സമയം ജോലിയെടുക്കുന്നതിന് തടസ്സമുണ്ടാകില്ല.
രണ്ടേകാല്‍ ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍
വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നായി 5.5 ലക്ഷം വിദ്യാര്‍ത്ഥികളാണ് കാനഡയില്‍ പഠിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ളവരാണ് കൂടുതലുള്ളത്. രണ്ടേകാല്‍ ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നാണെന്നാണ് 2022 ലെ കണക്ക്. കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാനഡയിലെ വിവിധ കോളേജുകളിലുണ്ട്. പലരും വായ്പയെടുത്താണ് അങ്ങോട്ട് പോയിട്ടുള്ളത്. പഠത്തോടൊപ്പം ജോലിയെടുത്ത് വായ്പകളുടെ തിരിച്ചടവ് നടത്തുന്നവരുമുണ്ട്. പുതിയ നിയമത്തോടെ അവരുടെ വരുമാനത്തില്‍ കുറവ് വരും. ഇത് വായ്പാ തിരിച്ചടവുകളെ വരെ ബാധിക്കാം. അവരുടെ ചെലവുകള്‍ക്കായി വീട്ടുകാരും പണം കണ്ടെത്തേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine