ഓട്ടോമോട്ടീവ് റീട്ടെയ്‌ലില്‍ പുതിയ കോഴ്‌സ്, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ത്ത് മാരുതി

മുംബൈ ആസ്ഥാനമായുള്ള ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി കൈകോര്‍ത്ത് മാരുതി സുസുകി ഇന്ത്യ. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓട്ടോമോട്ടീവ് റിട്ടെയ്ല്‍ കോഴ്‌സ് ലഭ്യമാക്കുന്നതിനാണ് മാരുതിയുടെ ഈ നീക്കം. പുതിയ പങ്കാളിത്തത്തിലൂടെ ഓട്ടോമോട്ടീവ് റീട്ടെയില്‍ സ്‌പെഷ്യലൈസേഷനോടു കൂടിയ റീട്ടെയ്ല്‍ മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്സ് വാഗ്ദാനം ചെയ്യും.

പുതിയ കോഴ്‌സിലൂടെ ഓട്ടോമൊബൈല്‍ വ്യവസായവുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍-സോഫ്റ്റ് സ്‌കില്‍ പരിശീലനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിന് പുറമെ ഓട്ടോമൊബൈല്‍ റീട്ടെയില്‍ രംഗത്ത് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. മൂന്ന് വര്‍ഷത്തെ പ്രോഗ്രാമില്‍ ഒരു വര്‍ഷത്തെ ക്ലാസ് റൂം പരിശീലനവും മാരുതി സുസുകിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ രണ്ട് വര്‍ഷത്തെ തൊഴില്‍ പരിശീലനവും ഉള്‍പ്പെടും.
'ഓട്ടോമൊബൈല്‍ വ്യവസായം അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി വിദഗ്ധരായ ഉദ്യോഗസ്ഥരുടെ ലഭ്യതക്കുറവാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസുമായുള്ള ഞങ്ങളുടെ സഹകരണത്തോടെ ഈ വിടവ് നികത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു' മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മനോജ് അഗര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മാസത്തെ തൊഴില്‍ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള അറിവ് നല്‍കുകയും അവരെ വ്യവസായത്തിന് സജ്ജമാക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021-22 അധ്യയന വര്‍ഷത്തിന്റെ ആദ്യ ബാച്ചിന്റെ സെഷനുകള്‍ 2021 ഒക്ടോബര്‍ മുതല്‍ ആരംഭിക്കും. നേരത്തെ, ഹരിയാനയിലെ ഗുരുഗ്രാമിലെ ശ്രീ വിശ്വകര്‍മ സ്‌കില്‍ സര്‍വകലാശാല, ഗുജറാത്തിലെ അഹമ്മദാബാദിലെ ജിഎല്‍എസ് സര്‍വകലാശാല, മഹാരാഷ്ട്രയിലെ പൂനെയിലെ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാല എന്നിവയുമായി സഹകരിച്ച് കമ്പനി സമാനമായ കോഴ്‌സുകള്‍ നടത്തിയിരുന്നു.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it