Begin typing your search above and press return to search.
ആള്‍ക്കൂട്ട ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് പുറത്തിറങ്ങരുതെന്ന് ഈ രാജ്യത്തെ ഏംബസി
മധ്യ ഏഷ്യന്‍ രാഷ്ട്രമായ കിര്‍ഗിസ്ഥാനില്‍ (Kyrgyztan) വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരേ തദ്ദേശീയരുടെ ആക്രമണം. പ്രധാനമായും ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കിര്‍ഗിസ്ഥാന്‍കാരായ വിദ്യാര്‍ത്ഥികളാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അക്രമത്തിന്റെ യഥാര്‍ത്ഥകാരണം ഇനിയും വ്യക്തമല്ല. കിര്‍ഗിസ്ഥാന്‍ വിദ്യാര്‍ത്ഥികളും ഈജിപ്റ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും തമ്മിലാണ് അക്രമം തുടങ്ങിയതെങ്കിലും പിന്നീട് മറ്റ് രാജ്യക്കാര്‍ക്ക് നേരെയും അക്രമികള്‍ തിരിയുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.
വിദേശ വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ച് മെഡിക്കല്‍ ബിരുദം നേടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് കിര്‍ഗിസ്ഥാന്‍. 10,000ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കിര്‍ഗിസ്ഥാനിലുണ്ടെന്നാണ് കണക്കുകള്‍.
പുറത്തിറങ്ങരുതെന്ന് നിര്‍ദേശം
കിര്‍ഗിസ്ഥാനില്‍ സ്ഥിതി ശാന്തമായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് തത്കാലം ഹോസ്റ്റലുകളില്‍ നിന്നും മറ്റും പുറത്തിറങ്ങരുതെന്ന് രാജ്യത്തെ ഇന്ത്യന്‍ ഏംബസി നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തരാവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ 0555710041 എന്ന ഫോണ്‍ നമ്പറും ഏംബസി ലഭ്യമാക്കിയിട്ടുണ്ട്; 24 മണിക്കൂറും നമ്പര്‍ പ്രവര്‍ത്തിക്കും.
കിര്‍ഗിസ്ഥാനിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ട്വിറ്ററില്‍ വ്യക്തമാക്കി.
അക്രമത്തില്‍ ഏതാനും പാക് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്നും ചില വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരികരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
Next Story
Videos