ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീസയില്‍ കടുംവെട്ടുമായി ന്യൂസിലന്‍ഡ്; സര്‍വകലാശാലകള്‍ക്കും പ്രതിസന്ധി

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് ന്യൂസിലന്‍ഡിലേക്ക് പറക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തിരിച്ചടി. വീസ അപേക്ഷയിന്മേലുള്ള നിരസിക്കല്‍നിരക്ക് (Rejection rate) കുത്തനെ കൂടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീസ അപേക്ഷകളില്‍ 28 ശതമാനവും തള്ളിയ ന്യൂസിലന്‍ഡ്, 2023ല്‍ നിരസിച്ചത് 40 ശതമാനം അപേക്ഷകളാണെന്ന് ഇമ്മിഗ്രേഷന്‍ ന്യസിലന്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കി. 2024ലെ ആദ്യ 4 മാസങ്ങളില്‍ വീസ നിരസക്കില്‍നിരക്ക് 49 ശതമാനമായി കുതിച്ചുയര്‍ന്നിട്ടുണ്ട്.
ഈവര്‍ഷം ജനുവരി-ഏപ്രില്‍ കാലയളവില്‍ 5,018 ഇന്ത്യക്കാരാണ് ന്യൂസിലന്‍ഡില്‍ പഠിക്കാന്‍ വീസയ്ക്കായി അപേക്ഷിച്ചത്. ഇതില്‍ 2,010 അപേക്ഷകളും തള്ളി. അപൂര്‍ണമായ രേഖകളാണ് കൂടുതല്‍ വീസ അപേക്ഷകളും നിരസിക്കപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. വീസ അപേക്ഷയുടെ ഭാഗമായി ബാങ്ക് അക്കൗണ്ടില്‍ നിശ്ചിത നിക്ഷേപം സൂക്ഷിക്കണമെന്ന ചട്ടം പലര്‍ക്കും പാലിക്കാനാവാത്തതും തിരിച്ചടിയാണ്.
വീസ നിരസിക്കല്‍നിരക്ക് കൂടിയത് ന്യൂസിലന്‍ഡിലെ സര്‍വകലാശാലകളെയും വലയ്ക്കുകയാണ്. വിഷയത്തില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ ന്യൂസിലന്‍ഡ് സര്‍ക്കാരിനെ സമീപിച്ചിട്ടുമുണ്ട്.
അതേസമയം, ചൈനീസ് വിദ്യാര്‍ത്ഥികളുടെ വീസ നിരസിക്കല്‍നിരക്ക് വെറും രണ്ട് ശതമാനമേയുള്ളൂ. ഏപ്രില്‍-ജനുവരിയില്‍ 8,012 വീസ അപേക്ഷകള്‍ ചൈനയില്‍ നിന്ന് കിട്ടിയതില്‍ 200 എണ്ണമാണ് തള്ളിയത്.
പഠിക്കാന്‍ പ്രതിസന്ധി
ബിരുദ പഠനത്തിന്റെ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയായാലും 10-20 ശതമാനം പേരുടെ വീസയിന്മേല്‍ തീരുമാനമായിട്ടുണ്ടാവില്ല. ഇത് പഠനത്തെ ബാധിക്കുന്നുണ്ട്. ആറാഴ്ചവരെയാണ് വീസ അപേക്ഷയിന്മേല്‍ തീരുമാനമെടുക്കാന്‍ ന്യൂസിലന്‍ഡ് അധികൃതര്‍ എടുക്കുന്ന സമയം.
ന്യൂസിലന്‍ഡിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്ന 5 മേഖലകളിലൊന്നാണ് ഉന്നത വിദ്യാഭ്യാസം. ഇന്ത്യയും ചൈനയുമടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി ന്യൂസിലന്‍ഡിനെ ആശ്രയിക്കുന്നുണ്ട്.
ന്യൂസിലന്‍ഡില്‍ ഉന്നത പഠനം ഉറപ്പാക്കാനായി ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂസിലന്‍ഡ് സര്‍വകലാശാലകളും തമ്മില്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലും വീസ അപേക്ഷകളില്‍ പാതിയും നിരസിക്കപ്പെടുന്നത് സര്‍വകലാശാലകളെയും പ്രതിസന്ധിയിലാക്കുകയാണ്.

Related Articles

Next Story

Videos

Share it