
കോവിഡ് വ്യാപനം തുടങ്ങിയ നാള്‍ മുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ സ്വകാര്യ/ സമാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. കംപ്യൂട്ടര്‍ കേന്ദ്രങ്ങള്‍, ഐടിസി, ഐടിഐകള്‍ തുടങ്ങി നിരവധി സമാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ കേരളത്തിലുണ്ട്. ഏതാണ്ട് ഒന്നര ലക്ഷത്തോളം പേര്‍ സ്വകാര്യ/ സമാന്തര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നതായാണ് കണക്ക്.
സമാന്തര/സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ 2000ത്തോളം സ്ഥാപനങ്ങള്‍ കേരളത്തില്‍ കോടിക്കണക്കിന് രൂപ നിക്ഷേപവും നടത്തിയിട്ടുണ്ട്. പക്ഷേ എല്ലാവര്‍ക്കും സൗജന്യങ്ങളും പിന്തുണയും സര്‍ക്കാര്‍ നല്‍കിയപ്പോള്‍ തങ്ങള്‍ നല്‍കിയ നിവേദനങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അവഗണിക്കുകയാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ഇത്തരം കേന്ദ്രങ്ങള്‍ പലതും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. പലരും വാടക നല്‍കാനാകാത്തതിനാല്‍ മുറികള്‍ ഒഴിഞ്ഞു. പ്രമുഖ കംപ്യൂട്ടര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ പോലും കംപ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മെഷീനുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം നശിച്ചുപോയിരിക്കുന്നു.
ഈ കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും വൈദ്യുതി, വെള്ളക്കരം എന്നീ ഇനത്തില്‍ മാസം നല്ലൊരു തുക അടയ്ക്കണം. കംപ്യൂട്ടര്‍ സെന്ററുകള്‍ക്കെല്ലാം ഭീമമായ കറന്റ് ചാര്‍ജാണ് വരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഓരോ സ്ഥാപനത്തിനും പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ ലൈസന്‍സ് പുതുക്കുന്നതിന് 100 രൂപ മതിയായിരുന്നുവെങ്കില്‍ ഈ വര്‍ഷം മുതല്‍ അത് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലായതോടെ പലര്‍ക്കും ഈ നിരക്ക് 1000 രൂപ വരെയൊക്കെയായി. കേരളത്തിലെ ചിലയിടങ്ങളില്‍ വാടക ചീട്ട് പ്രകാരം കെട്ടിട നികുതി അടക്കേണ്ടത് വാടകക്കാരനാണ്. വാടക ഇളവ് നല്‍കാന്‍ കെട്ടിട ഉടമ തയ്യാറാകണമെന്ന അഭ്യര്‍ത്ഥിച്ച സര്‍ക്കാര്‍ കെട്ടിട നികുതിയിലോ ലൈസന്‍സ് നേടുന്ന നിരക്കിലോ കുറവ് കൊണ്ടുവന്നില്ല. ഇതോടൊപ്പം പ്രവര്‍ത്തിക്കാത്ത കാലത്തെ പ്രൊഫഷണല്‍ ടാക്‌സും അടക്കണം.
സര്‍ക്കാര്‍ ജോലിയെന്ന മോഹം നിറവേറ്റാന്‍ അഭ്യസ്തവിദ്യരായ മലയാളികള്‍ കൂട്ടത്തോടെ പോയിരുന്നു പിഎസ് സി പരിശീലന കേന്ദ്രങ്ങളില്‍ പലതും പൂട്ടിപ്പോയി. സ്വകാര്യ കോളെജും കംപ്യൂട്ടര്‍ സെന്ററും ഡ്രൈവിംഗ് സ്‌കൂളും നടത്തി നല്ല നിലയില്‍ നൂറുകണക്കിനാളുകള്‍ക്ക് ജോലി നല്‍കിയിരുന്ന ഒരു സംരംഭകന്‍ പറയുന്നു; ''ഞാനിപ്പോള്‍ ഒരു കോടിയിലേറെ രൂപയുടെ ബാധ്യതയാണ് പേറുന്നത്. ഇക്കാലവും കടന്നുപോകുമെന്ന് പ്രതീക്ഷയോടെ പറയാം. പക്ഷേ എവിടെനിന്നും ഒരു പിന്തുണയും കിട്ടാത്ത ഒരു നിര്‍ഭാഗ്യവാനായ സ്വയം സംരംഭകനാണ് ഞാന്‍.''
Read DhanamOnline in English
Subscribe to Dhanam Magazine