എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയാണോ? ഇതാ നിങ്ങളെ കാത്തിരിക്കുന്നു ടാറ്റ ഗ്രൂപ്പില്‍ അവസരങ്ങള്‍
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ് കോളേജുകളില്‍ നിന്നും മൂന്നിരട്ടിയിലധികം ബിരുദധാരികളെ നിയമിക്കുമെന്ന് ടാറ്റ ഗ്രൂപ്പിന്റെ എന്‍ജിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (EPC) വിഭാഗമായ ടാറ്റ പ്രോജക്ട്‌സ് അറിയിച്ചു. ഇതിന്റെ ഭാഗമായി 400 പുതിയ ബിരുദധാരികളെ നിയമിക്കും.
ഇതില്‍ 255 പേര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) എന്നിവയില്‍ നിന്നുള്ള എന്‍ജിനീയര്‍മാരായിരിക്കുമെന്ന് ടാറ്റ പ്രോജക്ട്സ് ചീഫ് ഹ്യൂമന്‍ റിസോഴ്സ് ഓഫീസര്‍ ഗണേഷ് ചന്ദന്‍ പറഞ്ഞു. ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളില്‍ നിന്നുള്ള ഡിപ്ലോമക്കാരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021-22ല്‍ ഐ ഐ ടികളില്‍ നിന്നും എന്‍ ഐ ടികളില്‍ നിന്നും 80 പേര്‍ ഉള്‍പ്പെടെ 250 ബിരുദധാരികളെ കമ്പനി നിയമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,000 ബിരുദ എന്‍ജിനീയര്‍മാരെയും സയന്‍സ് ബിരുദധാരികളെയും ചേര്‍ത്തുവെന്നും ഗണേഷ് ചന്ദന്‍ പറഞ്ഞു.
കാമ്പസ് വഴി നിയമിച്ചവരില്‍ ഭൂരിഭാഗവും എന്‍ജിനീയറിംഗിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍ ബ്രാഞ്ചില്‍ നിന്നുള്ളവരാണ്. മുന്‍നിര സ്ഥാപനങ്ങളില്‍ നിന്നുള്ള പുതിയ എന്‍ജിനീയര്‍മാര്‍ക്ക് പ്രതിവര്‍ഷം 17 ലക്ഷം രൂപയാണ് കമ്പനി നല്‍കുന്നതെന്ന് ചന്ദന്‍ പറയുന്നു. നിയമിക്കുന്ന സ്ത്രീകളുടെ എണ്ണം എല്ലാ വര്‍ഷവും കമ്പനി വര്‍ധിപ്പിക്കുന്നുണ്ട്.