കായികാധ്വാനം വേണ്ട 40% തൊഴിലുകള്‍ ഇല്ലാതാവും; സാങ്കേതിക വിദ്യ കൈയ്യടക്കും ഈ ജോലികള്‍

കൊച്ചി നഗരത്തിനുള്ള സാധാരണ കഞ്ഞിക്കട. തൈരും കൂട്ടി കഞ്ഞി കുടിച്ച് കൊടുക്കാനുള്ള പൈസ എത്രയാണെന്ന് വെയ്റ്ററോട് തന്നെ ചോദിച്ച് മുമ്പില്‍ കാണുന്ന ക്യു.ആര്‍ കോഡില്‍ സ്‌കാന്‍ ചെയ്ത് പൈസ അയച്ച് ആളുകള്‍ പോവുന്നു. അവിടെയുള്ള സ്‌കാനര്‍ പേടിഎം സൗണ്ട്‌ബോക്‌സില്‍ ഉച്ചത്തില്‍ പൈസ കിട്ടിയ കാര്യം കേള്‍ക്കുന്നു. ഇവിടെയൊരു ജോലിയാണ് ഇല്ലാതായത്. കുറേക്കാലം കുറച്ചൊരു ഗമയോടെ കൊണ്ടുനടന്നിരുന്ന കാഷ്യറെന്ന ജോലി.

ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ കായികാധ്വാനം വേണ്ട 40% ജോലികള്‍ ഇല്ലാതാകുമെന്ന് ദുബായ് തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ മാര്‍ക്കറ്റ് മാഗസിന്‍ പഠനത്തില്‍ പറയുന്നത്. പഠനം ദുബായിലാണ് നടത്തിയതെങ്കിലും, നമ്മുടെ നാട്ടിലെ സാധാരണ കഞ്ഞിക്കടയിലെ സ്ഥിതി വരെ ഇതാണെങ്കില്‍ മറ്റു മേഖലകളെപ്പറ്റി ആലോചിക്കാവുന്നതേയുള്ളൂ.
മനുഷ്യന് പകരം, റോബോട്ടുകളുടെയും മെഷീനുകളുടെയും കിയോസ്‌കുകളുടെയും രൂപത്തില്‍ സാങ്കേതിക വിദ്യ ഇടംപിടിക്കും. കൂടുതല്‍ വേഗതയോടെയും സുതാര്യമായും കാര്യങ്ങള്‍ നടക്കുമെന്നതിനാലും ചെലവുകുറഞ്ഞ മാര്‍ഗമായതിനാലും ബിസിനസുകാര്‍ അവയെ ആശ്രയിക്കും. അതാണുണ്ടാവാന്‍ പോകുന്നത്.
കാഷ്യറെ വേണ്ട
കാഷ്യറുടെ (Cashier Jobs) ജോലി തന്നെയാണ് ഏറ്റവും വേഗത്തില്‍ പോകാന്‍ സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് കൂടുതലും നടക്കുന്നത്. വിവിധ ആപ്പുകളില്‍ രസീതുകള്‍ ലഭ്യമാവുന്നതിനാല്‍ പണമടക്കുന്ന രസീത് അടിച്ചുകൊടുക്കാന്‍ വരെ ആളുവേണ്ട.
ആളില്ലാ സ്റ്റാളുകള്‍
കൊച്ചി മെട്രോയില്‍ (Kochi Metro) കയറിയവര്‍ക്കറിയാം. പല മെട്രോ സ്‌റ്റേഷനുകളിലും പ്രമുഖ ബിസ്‌കറ്റ്, സോഫ്റ്റ് ഡ്രിങ്ക് കമ്പനികളുടെ കിയോസ്‌കുകള്‍ കാണാം. സ്റ്റാളുകളില്‍ നിന്ന് വാങ്ങിയിരുന്ന ഇത്തരം സാധനങ്ങള്‍, പണം മെഷീനില്‍ ഇട്ടുകൊടുത്താല്‍ സാധനം വരും.
ടിക്കറ്റ് വിതരണം
കോവിഡ് (Covid19) സമയത്ത് രാജ്യത്തെ ഒരു റെയില്‍വേസ്‌റ്റേഷനുകളിലും ടിക്കറ്റ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ടിക്കറ്റുകളെല്ലാം ഓണ്‍ലൈനാക്കി. പ്രത്യേകിച്ചൊരു ബുദ്ധിമുട്ടുമില്ലാതെ, എന്നാല്‍ കൂടുതല്‍ സുഗമമായി യാത്രികര്‍ക്ക് ടിക്കറ്റെടുക്കാനും ട്രെയിന്‍ എത്തുന്ന സമയത്ത് മാത്രം റെയില്‍വേ സ്റ്റേഷനില്‍ പോയാല്‍ മതിയെന്നുമായി. ഇന്നിപ്പോള്‍ വീണ്ടും ട്രെയിന്‍ ടിക്കറ്റുകള്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തന്നെയെടുക്കേണ്ട അവസ്ഥയിലേക്ക് സംവിധാനം തിരികെ കൊണ്ടുവന്നു. നീണ്ട ക്യൂവും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ക്യൂവിലുള്ളവരൊക്കെയും പറയുന്നത്, കോവിഡ് കാലത്തെ പോലെ ഓണ്‍ലൈന്‍ ടിക്കറ്റ് (Online Ticket) തന്നെ മതിയായിരുന്നു എന്നാണ്. ആളുകളുടെ ആഗ്രഹങ്ങളും സൗകര്യങ്ങളുടെ തെരഞ്ഞെടുപ്പും വരെ മാറിക്കഴിഞ്ഞു. ടിക്കറ്റ് കൊടുക്കല്‍ ജോലിയൊന്നും അധികകാലം ഉണ്ടായെന്ന് വരില്ലെന്നാണ് പുതിയ പഠനവും വ്യക്തമാക്കുന്നത്.
ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളും ഇപ്പോള്‍ വ്യാപകമായി വരികയാണ്. മെട്രോ സ്‌റ്റേഷനുകളിലെല്ലാം ടിക്കറ്റ് മെഷീനുകള്‍ വന്നുകഴിഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകളിലെ മെഷീനുകളിലും ക്യു.ആര്‍ കോഡ് പേയ്‌മെന്റിലൂടെ ടിക്കറ്റെടുക്കാമെന്ന സൗകര്യവും ആളുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ബില്ലിംഗ് സ്റ്റാഫ്
വലിയൊരു ബില്ലിംഗ് സ്റ്റാഫ് നിര തന്നെയുള്ള കെഎസ്ഇബി, ബില്ലിംഗ് സംവിധാനം ഡിജിറ്റലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ സമ്പൂര്‍ണമായി ഇ-പേയ്‌മെന്റ് മോഡിലേക്ക് മാറുമെന്നാണ് പ്രഖ്യാപനം. വീട്ടിലെത്തി ബില്ല് കൊണ്ടുവന്നു തന്നിരുന്നതിനു പകരം, മൊബൈലില്‍ എസ്എംഎസായി എത്തും.
ചെറുകിട കടകളില്‍ വരെ ബില്ലിംഗ് സ്റ്റാഫിനെ (Billing staff) വേണ്ടാതെ വരും. ആവശ്യമുള്ള സാധനം ആവശ്യാനുസരണം എടുത്ത് ത്രാസിലിട്ടാല്‍, ഉല്‍പ്പന്നത്തിന്റെ മൂല്യം കൂടി അടിച്ചുകൊടുത്താല്‍ എത്ര രൂപയുടെ സാധനം എടുത്തുവെന്ന് വരെ കാണിക്കുന്ന സംവിധാനം ഇന്ന് വ്യാപകമായി. ഇതെല്ലാം സെല്‍ഫ് സെര്‍വിംഗ്, സെല്‍ഫ് ബില്ലിംഗ് സംവിധാനം വ്യാപകമാക്കും.
ഡ്രോണുകള്‍ കൈയ്യടക്കുന്ന തൊഴിലുകള്‍
വലിയ തോട്ടങ്ങളിലും പാടങ്ങളിലും അടുത്തെത്തി വിളകള്‍ പരിശോധിക്കാതെ, ഒരു മൂലയ്ക്കിരുന്ന് എല്ലാം പരിശോധിക്കാവുന്ന സംവിധാനത്തിലേക്ക് കാര്‍ഷിക ഡ്രോണ്‍ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇന്ത്യയിലിപ്പോള്‍. ഡ്രോണുകള്‍ വളരെ വേഗം പല മേഖലകളില്‍ വ്യാപിക്കുമെന്നാണ് പഠനം. സാധനങ്ങളുടെ ഡെലിവെറി ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഡ്രോണ്‍ വ്യാപകമാവും.


Related Articles
Next Story
Videos
Share it