പ്രവാസികളുടെ മക്കള്‍ക്ക് 15,000 രൂപ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്; അവസാന തീയ്യതി നവംബര്‍ 30, നിബന്ധനകള്‍ അറിയാം

പ്രവാസി മലയാളികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയ ഡയറക്ടേഴ്‌സ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപിന് നവംബര്‍ 30 വരെ അപേക്ഷിക്കാം. നോര്‍ക്കയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍മാരും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് പ്രൊഫഷണല്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും പഠിക്കുന്ന ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് നല്‍കുന്നത്. ഓരോ കോഴ്‌സിനും 15,000 രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ്. മൊത്തം സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം അപേക്ഷകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ഒരു പ്രവാസിയുടെ രണ്ട് മക്കള്‍ക്ക് വരെ അപേക്ഷ നല്‍കാം.

പ്രധാന നിബന്ധനകള്‍

ചുരുങ്ങിയത് രണ്ടു വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്നവരോ തിരിച്ചെത്തിയവരോ ആയ പ്രവാസികളുടെ മക്കള്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയരുത്. പഠിക്കുന്ന കോഴ്‌സിന് വേണ്ട യോഗ്യതാ പരീക്ഷയില്‍ (യൂണിവേഴ്‌സിറ്റി അല്ലെങ്കില്‍ ബോര്‍ഡ് പരീക്ഷയില്‍) ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരാള്‍ക്ക് ഒരു തവണ മാത്രമാമാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. രണ്ടു പേർക്ക് തുല്യ മാര്‍ക്കോ ഗ്രേഡോ വന്നാൽ വരുമാനം കുറഞ്ഞയാള്‍ക്കായിരിക്കും മുന്‍ഗണന. പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷ നല്‍കാനാകൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ കൃത്യമായ വിവരങ്ങള്‍ ഇതുവഴി സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിലേക്കാണ് സ്‌കോളര്‍ഷിപ്പ് തുക എത്തുക. വിശദവിവരങ്ങള്‍ 04712770528, 2770543, 2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.

Related Articles
Next Story
Videos
Share it