ഈ രാജ്യത്ത് ഇനി ശമ്പളത്തോട് കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കാം

പോര്‍ച്ചുഗല്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ രണ്ട് കാര്യങ്ങളാകും പ്രധാനമായും ഓടിയെത്തുക. ഒന്ന്, കാല്‍പ്പന്ത് കളിയുടെ ഇതിഹാസ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നാട്. രണ്ട്, ഇന്ത്യയിലേക്ക് കടലുകള്‍ താണ്ടിയെത്തി കോഴിക്കോട്ട് കടപ്പുറത്ത് കപ്പലിറങ്ങിയ നാവികന്‍ വാസ്‌കോ ഡ ഗാമയുടെ ജന്മനാട്.

കാല്‍പ്പന്ത് കളിക്കാരുടെയും നാവികരുടെയും മാത്രമല്ല, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്കും പേരുകേട്ട യൂറോപ്യന്‍ രാജ്യമാണ് പോര്‍ച്ചുഗല്‍. ഇപ്പോഴിതാ, വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പഠനകാലയളവില്‍ തന്നെ ശമ്പള ബോണസ് നേടാവുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് സര്‍ക്കാര്‍.

സെപ്റ്റംബറില്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ രൂപരേഖ തയ്യാറാക്കുകയും ഡിസംബര്‍ 28ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്ത ഓര്‍ഡിനന്‍സില്‍ ഈ ശമ്പള ബോണസുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഈ നിയമ വ്യവസ്ഥകള്‍ പാലിക്കുന്ന ബിരുദധാരികള്‍ക്കും ബിരുദാനന്തര ബിരുദധാരികള്‍ക്കും അവരുടെ ബാച്ച്ലേഴ്‌സ് ഡിഗ്രിയുടെ ഓരോ വര്‍ഷത്തിനും 697 യൂറോ (ഏകദേശം 63,300 രൂപ) വാര്‍ഷിക ശമ്പള ബോണസും ബിരുദാനന്തര ബിരുദത്തിന്റെ ഓരോ വര്‍ഷത്തിനും 1,500 യൂറോയും (1.36 ലക്ഷം രൂപ) ലഭിക്കും.

2023ല്‍ പോര്‍ച്ചുഗീസ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും നേടിയ 35 വയസ്സിന് താഴെയുള്ളവര്‍ക്ക് ഈ ശമ്പള ബോണസ് ലഭിക്കും. 2023ന് മുമ്പ് അക്കാദമിക് ബിരുദം നേടിയവര്‍ക്കും പുതിയ ശമ്പള ബോണസ് സംവിധാനം പ്രയോജനപ്പെടുത്താനാകും. നിയന്ത്രിത നികുതിയും സാമൂഹിക സുരക്ഷാ പദവികളും ഉള്ള കാറ്റഗറി എ (ആശ്രിത ജോലി), കാറ്റഗറി ബി (സ്വയം തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍) എന്നിവയ്ക്ക് കീഴിലുള്ളവര്‍ക്ക് പ്രത്യേക പിന്തുണ ഇതുവഴി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it