Top stories of 2023: 120 ഏക്കര്‍, 20 കോളെജുകള്‍, 89 കോഴ്സുകള്‍: മലബാറിലുണ്ടൊരു 'മണിപ്പാല്‍'
(This article was originally published in Dhanam Magazine July 31st issue and again published on Jul 19, 2023
കോഴിക്കോട് ജില്ലയിലെ മുക്കത്ത് കെ.എം.സി.ടി മെഡിക്കല്‍ കോളെജ് ക്യാമ്പസിലേക്ക് പ്രവേശിക്കുന്ന ആരുമൊന്ന് അത്ഭുതപ്പെടും. മെഡിക്കല്‍ കോളെജ്, ഡെന്റല്‍ കോളെജ്, ആയുര്‍വേദ മെഡിക്കല്‍ കോളെജ്, ഫാര്‍മസി കോളെജ്, നഴ്‌സിംഗ് കോളെജ്, എന്തിന് ആര്‍ക്കിടെക്ചര്‍ കോളെജുവരെയുണ്ട് 70 ഏക്കറിലുള്ള ഈ ക്യാമ്പസില്‍. ഇവിടെ നിന്ന് അധികം അകലെയല്ലാതെ മറ്റൊരു 20 ഏക്കറില്‍ എന്‍ജിനീയറിംഗ് കോളെജടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.
ഇതുകൂടാതെ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് 30 ഏക്കര്‍ വിസ്തൃതിയുള്ള ക്യാമ്പസില്‍ പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഫാര്‍മസി കോളെജ്, ലോ കോളെജ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി എന്നിങ്ങനെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. മുക്കത്തും കുറ്റിപ്പുറത്തുമായി മൊത്തം 120 ഏക്കറില്‍ 20 കോളെജുകള്‍, 89 കോഴ്‌സുകള്‍, 7000ത്തിലേറെ വിദ്യാര്‍ത്ഥികള്‍, 4000ത്തോളം ജീവനക്കാര്‍! കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്ന് ഇതെല്ലാമാണ്. ആരോഗ്യപരിരക്ഷ, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ ഇത്രയേറെ മികവിന്റെ കേന്ദ്രങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്ന മറ്റൊരു കുടുംബത്തെ കേരളത്തില്‍ കാണാനാകില്ല.
''കര്‍ണാടയിലെ ഉഡുപ്പിക്ക് സമീപം ഒരു സീനിയര്‍ ഡോക്ടര്‍ സ്ഥാപിച്ച ഒരു മെഡിക്കല്‍ കോളെജില്‍ നിന്ന് ഇന്ന് ദേശീയ, രാജ്യാന്തരതലത്തില്‍ പ്രശസ്തിയാര്‍ജിച്ച ഒരു പ്രസ്ഥാനം ഉയിരെടുത്തിട്ടുണ്ട്; മണിപ്പാല്‍ ഗ്രൂപ്പ്. അതുപോലൊരു പ്രസ്ഥാനം മലബാറില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്''- ചെയര്‍മാന്‍ ഡോ. കെ.എം നവാസ് പറയുന്നു.
ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷയും മികവുറ്റ വിദ്യാഭ്യാസവും മാത്രമല്ല ഇന്ന് ഡോ. നവാസും കെ.എം.സി.ടിയും ലക്ഷ്യമിടുന്നത്. ഗവേഷണ രംഗത്ത് മികവിന്റെ കേന്ദ്രമാകാനും ഹെല്‍ത്ത് കെയര്‍ രംഗത്ത് ഉയര്‍ന്നുവരുന്ന സംരംഭക സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടുള്ള മുന്നേറ്റമാണ്.
വേറിട്ട വഴികള്‍ അന്നും, ഇന്നും
മധുരൈ മെഡിക്കല്‍ കോളെജിലെ ആദ്യ എം.ബി.ബി.എസ് ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു കോഴിക്കോട് കുറ്റ്യാടിക്കാരനായ കെ. മൊയ്തു. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ മൊയ്തു ഡോക്ടര്‍ 1968ല്‍ കോഴിക്കോട് നഗരത്തില്‍ 50 കിടക്കകളുള്ള ഒരു ആശുപത്രി തന്നെ തുറന്നു; വെസ്റ്റേണ്‍ ആശുപത്രി. പിന്നീട് അത് നാഷണല്‍ ഹോസ്പിറ്റല്‍ എന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായി. ആതുരസേവന രംഗത്തുമാത്രം അദ്ദേഹം ഒതുങ്ങിനിന്നില്ല.
മുസ്ലിം സമുദായത്തിലെ വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ മാറ്റി സാമൂഹിക, സാംസ്‌കാരികമായ ഉന്നമനം ലക്ഷ്യമിട്ടുള്ള മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ദേശീയ സ്ഥാപക സെക്രട്ടറി ജനറല്‍ ഡോ. മൊയ്തുവായിരുന്നു. കേരളത്തിലെ എം.ഇ.എസ് ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കകാലത്ത് നേതൃപരമായ പങ്കുവഹിക്കുകയും പിന്നീട് അതിന്റെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചു. ആതുരസേവനം എന്നതില്‍ മാത്രമൊതുങ്ങാതെ വിശാലമായ ലക്ഷ്യത്തോടെ സാമൂഹ്യ, സാംസ്‌കാരിക, സംരംഭക മേഖലകളില്‍ ഇടപെടലുകള്‍ നടത്തിയ ഡോ. മൊയ്തു സ്ഥാപക ചെയര്‍മാനായി തന്റെ പിതാവായ കുഞ്ഞിത്തറുവായി ഹാജിയുടെ പേരില്‍ 1999ല്‍ ആരംഭിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് കുഞ്ഞിത്തറുവായി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (KMCT).
ഡോ. മൊയ്തുവിന്റെ മൂന്ന് ആണ്മക്കളും പിതാവിന്റെ പാത പിന്തുടര്‍ന്ന് ആതുരസേവന രംഗത്തേക്കുതന്നെ കടന്നു. ഇളയമകനായ ഡോ. കെ.എം നവാസ് വെല്ലൂര്‍ മെഡിക്കല്‍ കോളെജിലെ ജോലി ഉപേക്ഷിച്ച് കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ സേവനമനുഷ്ഠിക്കാന്‍ നാട്ടിലെത്തിയതോടെയാണ് കെ.എം.സി.ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ആരംഭിച്ചത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 15 കിലോമീറ്ററുകള്‍ അകലെയുള്ള മുക്കത്ത് സ്ഥലം വാങ്ങി അവിടെയൊരു ഫാര്‍മസി ഡിപ്ലോമ പഠിപ്പിക്കുന്ന കോളെജാണ് ആദ്യം ഡോ. നവാസ് സ്ഥാപിച്ചത്. പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ 11 സ്വകാര്യ എന്‍ജിനീയറിംഗ് കോളെജുകള്‍ക്ക് അനുമതി നല്‍കി. അതിലൊന്ന് നേടിയെടുത്തുകൊണ്ട് കെ.എം.സി.ടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ യാത്രയ്ക്ക് തുടക്കമിടുകയായിരുന്നു.
ഫാര്‍മസി ഡിപ്ലോമ കോഴ്‌സിന് പുറമേ ഡിഗ്രി കോഴ്‌സും ആരംഭിച്ചു. 2004ല്‍ ബിഎഡ്, ടി.ടി.സി, പോളിടെക്‌നിക്ക് കോളെജുകള്‍ തുടങ്ങി. 2005ല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന് തുടക്കമായി. 2006ല്‍ മണാശ്ശേരിയില്‍ ആശുപത്രിയും ഡെന്റല്‍ കോളെജും ആയുര്‍വേദ കോളെജും തുടങ്ങി. 2007ല്‍ ബി.എസ്സി നഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിച്ചു. 2008ല്‍ കെ.എം.സി.ടി മെഡിക്കല്‍ കോളെജ് പ്രവര്‍ത്തനം തുടങ്ങി. ''ഏറ്റവും വെല്ലുവിളി നേരിട്ടത് മെഡിക്കല്‍ കോളെജിന്റെ അനുമതികളുടെയും മറ്റും കാര്യത്തിലാണ്. എന്റെ ടീം അതിനായി ഏറെ ശ്രമകരമായ ജോലികളാണ് ചെയ്തത്'' - ഡോ. നവാസ് പറയുന്നു.
2013ലാണ് കുറ്റിപ്പുറത്ത് കെ.എം.സി.ടിയുടെ ക്യാമ്പസ് ആരംഭിക്കുന്നത്. പിന്നീട് അവിടെ പടിപടിയായി കോളെജുകള്‍ സ്ഥാപിച്ചുകൊണ്ടേയിരുന്നു. പോളിടെക്‌നിക്ക് കോളെജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജ്, ഫാര്‍മസി കോളെജ്, ലോ കോളെജ്, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്‌നോളജി കോളെജ് എന്നിവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നു. ഈവര്‍ഷം എന്‍ജിനീയറിംഗ്, എം.ബി.എ, എം.സി.എ കോളെജുകളും ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചു. ''മലപ്പുറം ജില്ലയില്‍ നിന്നു മാത്രമല്ല, പാലക്കാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ സമീപ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വരെ നിത്യം വന്ന് പഠിച്ചുപോകാന്‍ പറ്റുന്ന വിധമാണ് ഈ ക്യാമ്പസിന്റെ ലൊക്കേഷന്‍'' -ഡോ. നവാസ് പറയുന്നു.
2022ല്‍, ഏതാണ്ട് ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കേരളത്തില്‍ പുതിയൊരു എന്‍ജിനീയറിംഗ് കോളെജ് സ്ഥാപിച്ചത് ഡോ. നവാസാണ്. കെ.എം.സി.ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗ് ഫോര്‍ എമര്‍ജിംഗ് ടെക്‌നോളജി.
1200 കിടക്കകളും 90 ഐ.സി.യു കിടക്കകളും എയര്‍കണ്ടീഷന്‍ സൗകര്യത്തോടെയുള്ള 40 സ്വകാര്യ മുറികളുമുള്‍പ്പടെ നാലുലക്ഷത്തിലധികം ചതുരശ്രയടിയില്‍ നിര്‍മിച്ച 10നില ആശുപത്രി സമുച്ചയമാണ് കെ.എം.സി.ടി മെഡിക്കല്‍ കോളെജ്. അഞ്ച് ഓപ്പറേഷന്‍ തിയേറ്ററുകളിലായി താക്കോല്‍ ദ്വാര ശസ്ത്രക്രിയയും അവയവമാറ്റ ശസ്ത്രക്രിയയുമടക്കം അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ കാരുണ്യ സുരക്ഷാ പദ്ധതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പ് എന്നീ സര്‍ക്കാര്‍ ഇന്‍ഷ്വറന്‍സ് സ്‌കീമുകള്‍ ഉപയോഗപ്പെടുത്തിയുള്ള ചികിത്സാ സൗകര്യങ്ങളുള്ള വടക്കന്‍ കേരളത്തിലെ ഏക ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍, 2022 ഡിസംബര്‍ 19ന് മുക്കം മെഡിക്കല്‍ കോളെജ് ക്യാമ്പസില്‍ നടന്ന പരിപാടിയിലാണ് നാടിനു സമര്‍പ്പിച്ചത്.
കോവിഡ് രൂക്ഷമായ സമയങ്ങളില്‍ മലബാറിലെ രോഗികള്‍ക്ക് സൗജന്യമായി ഏറ്റവും മികവാര്‍ന്ന ചികിത്സ നല്‍കിയ കെ.എം.സി.ടി മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തിരുന്നു.
മികവിലേക്കുള്ള സഞ്ചാരം
''മികവുറ്റ ടീം, പ്രവര്‍ത്തന മേഖലയില്‍ ഉയരങ്ങള്‍ ലക്ഷ്യംവെച്ച് മുന്നോട്ടുപോകാനുള്ള ഉത്സാഹം എന്നീ രണ്ട് കാര്യങ്ങളുണ്ടെങ്കില്‍ ബാക്കിയെല്ലാം പിന്നാലെ വരും,''-ഇത്ര വലിയൊരു പ്രസ്ഥാനം കെട്ടിപ്പടുത്തത് എങ്ങനെ എന്ന ചോദ്യത്തിന് ഡോ. നവാസിന്റെ മറുപടിയിതാണ്. പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടം മുതലുള്ള നിരവധി പേര്‍ ഇന്നും കെ.എം.സി.ടിക്കൊപ്പമുണ്ട്. ''ഇന്ന് ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനം കെട്ടിയുയര്‍ത്താന്‍ പ്രാപ്തിയുള്ള 10-15 പേരെങ്കിലും ഇവിടെ കാണും''- ഡോ. നവാസ് പറയുന്നു.
2005 മുതല്‍ കെ.എം.സി.ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഡോ. നവാസിനൊപ്പം ഭാര്യ ഡോ. ആയിഷ നസ്‌റീനുമുണ്ട്. ഡെന്റല്‍ സര്‍ജനായ ഡോ. ആയിഷ ഐ.ഐ.എം കോഴിക്കോട് നിന്ന് എക്‌സിക്യൂട്ടിവ് പ്രോഗ്രാം കൂടി ചെയ്ത ശേഷമാണ് കെ.എം.സി.ടിയോടൊപ്പം സജീവമായത്. ''പഠിച്ചവര്‍ വെറുതെ ഇരിക്കുന്നതിനെ ഭര്‍തൃപിതാവ് അനുകൂലിച്ചിരുന്നില്ല. ഡെന്റല്‍ കോളെജ് വന്നപ്പോള്‍ അതിന്റെ ഭാഗമായി. പിന്നീട് അഡ്മിനിസ്‌ട്രേഷന്‍, ക്വാളിറ്റി, റിസര്‍ച്ച്, അക്രഡിറ്റേഷന്‍, ഓപ്പറേഷന്‍സ് എന്നിങ്ങനെ ഓരോ വിഭാഗത്തിലെയും ജോലികള്‍ ഏല്‍പ്പിച്ചുതുടങ്ങി.
റിക്രൂട്ട്‌മെന്റ്, സ്റ്റാഫിംഗ് എന്നിവയുടെയൊക്കെ ഉത്തരവാദിത്വത്തിലേക്ക് വന്നത് ഘട്ടംഘട്ടമായാണ്,''- ഡോ. ആയിഷ നസ്‌റീന്‍ പറയുന്നു. ടീമിലേക്ക് വരുന്ന ഏതൊരാളിലും ജന്മസിദ്ധമായ ചില കഴിവുകള്‍ കാണും. അതിനെ കണ്ടെത്തി തേച്ചുമിനുക്കി, അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് കൂടെ നിര്‍ത്തുകയാണ് കെ.എം.സി.ടി ചെയ്യുന്നതെന്ന് ഡോ. ആയിഷ നസ്‌റീന്‍ പറയുന്നു.
ഇവിടെ ചികിത്സിച്ചവരാരും കടക്കെണിയിലാകില്ല; പഠിക്കുന്നവരെ നേര്‍വഴിയിലെത്തിക്കും!
കോഴിക്കോട് മെഡിക്കല്‍ കോളെജിലാണ് ഡോ. നവാസ് എം.ബി.ബി.എസ് പഠിച്ചത്. വിദൂരഗ്രാമങ്ങളില്‍ നിന്നുപോലും എത്തുന്ന നിര്‍ധനര്‍ക്ക് ഏറ്റവും ചുരുങ്ങിയ ചെലവില്‍ മികച്ച ചികിത്സ കെ.എം.സി.ടിയില്‍ ലഭ്യമാക്കുന്നു. ''മണിപ്പാലിലും വെല്ലൂരിലും പിന്നീട് കണ്ടറിഞ്ഞ ആതുരസേവനത്തിന്റെ മഹത്തായ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് കെ.എം.സി.ടിയുടെ മൂല്യങ്ങള്‍. ഇവിടെ ചികിത്സ തേടി വരുന്നവരാരും തന്നെ അതിന്റെ പേരില്‍ കടക്കെണിയിലാകില്ലെന്ന ഉറപ്പ് എനിക്ക് തരാനാകും''- ഡോ. നവാസ് പറയുന്നു.
കെ.എം.സി.ടിയുടെ കുറ്റിപ്പുറം ക്യാമ്പസിലെ പോളിടെക്‌നിക്ക് കോളെജിന് അടുത്തിടെ എം.ബി.എ അക്രഡിറ്റേഷന്‍ ലഭിച്ചിരുന്നു. കേരളത്തിലെ സ്വകാര്യ, സ്വാശ്രയ പോളിടെക്‌നിക്കുകള്‍ക്കിടയില്‍ ഈ അക്രഡിറ്റേഷന്‍ ലഭിക്കുന്ന ആദ്യ പോളിടെക്‌നിക്കാണിത്. ഡെന്റല്‍ കോളെജ് നാക്കിന്റെ (NAAC) ഫസ്റ്റ് റൗണ്ട് അക്രഡിറ്റേഷനില്‍ എ+ നേടിയിട്ടുണ്ട്. ''ഗ്രൂപ്പിന് കീഴിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദേശീയ, രാജ്യാന്തര തലത്തിലെ ഉയര്‍ന്ന അക്രഡിറ്റേഷനുള്ളവയാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമാണ്. ഇത് സമയബന്ധിതമായൊരു പദ്ധതിയായി ഞങ്ങള്‍ ആവിഷ്‌ക്കരിച്ചുകഴിഞ്ഞു'' - ഡോ. നവാസ് പറയുന്നു.
ഗ്രൂപ്പിന് കീഴിലെ 14 കോളെജുകളില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകള്‍ (IEDC) പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ തന്നെ ആദ്യമായി ലോ കോളെജ്, ആയുര്‍വേദ കോളെജ്, മെഡിക്കല്‍ കോളെജ്, ഡെന്റല്‍ കോളെജ് എന്നിവയുടെയെല്ലാം ഭാഗമായി ഐ.ഇ.ഡി.സികള്‍ സ്ഥാപിച്ചത് കെ.എം.സി.ടിയിലാണ്'' - ഡോ. ആയിഷ നസ്‌റീന്‍ ചൂണ്ടിക്കാട്ടുന്നു. മണാശ്ശേരി ക്യാമ്പസില്‍ ഇന്‍ക്യുബേഷന്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് എന്‍.ഐ.ടി, കെ.എം.സി.ടി മെഡിക്കല്‍ കോളെജ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സി.ഡബ്ല്യൂ.ആര്‍.ഡി.എം, സെന്റര്‍ ഫോര്‍ സ്‌പൈസസ് റിസര്‍ച്ച്, ഫിന്‍ഡ്‌ലെ യൂണിവേഴ്‌സിറ്റി എന്നിവയുമായി മെഡിക്കല്‍ ടെക്‌നോളജി രംഗത്തെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണാപത്രത്തിലും ഒപ്പിട്ടിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്ന കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായും കെ.എം.സി.ടി മെഡിക്കല്‍ കോളെജ് പ്രവര്‍ത്തിക്കുന്നു.
''വിദ്യാഭ്യാസ രംഗത്തും മെഡിക്കല്‍ ടെക്ക് രംഗത്തുമെല്ലാം ഇനിയുമേറെ കേരളത്തിന് സഞ്ചരിക്കാനുണ്ട്. ആ യാത്രയില്‍ കരുത്തോടെ കെ.എം.സി.ടി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സും കൂടെ കൂടും'' - ഡോ. നവാസ് പറയുന്നു.
ഇവിടെ വരണം മികവിന്റെ കേന്ദ്രങ്ങള്‍
എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ കോളെജുകള്‍ തുടങ്ങാനുള്ള അനുമതികള്‍ നല്‍കുന്ന അവസരത്തില്‍ ഏതാണ്ട് എല്ലാ വിഭാഗത്തിലുമുള്ളവയ്ക്കായി കെ.എം.സി.ടി സര്‍ക്കാരിനെ സമീപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാധ്യമായത്ര പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുക എന്നതാണ് ഡോ. കെ.എം നവാസിന്റെ ലക്ഷ്യം. കേരളത്തിലെ വിദ്യാഭ്യാസ, മെഡിക്കല്‍ ടെക്‌നോളജി മേഖലയിലെ സാധ്യതകളാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ ആവേശം നിറയ്ക്കുന്നത്. വിദ്യാഭ്യാസം, ഗവേഷണം, സംരംഭകത്വം എന്നീ മേഖലയെ കുറിച്ചൊക്കെ ഡോ. കെ.എം നവാസ് സംസാരിക്കുന്നു.
Q.കേരളത്തില്‍ നിന്ന് ഓരോ വര്‍ഷവും വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെന്താകും?
നല്ല ജോലി, ഗവേഷണ സൗകര്യങ്ങള്‍, മികച്ച ജീവിത സാഹചര്യങ്ങള്‍ എന്നിവയെല്ലാം തേടിയാണ് കുട്ടികള്‍ പുറത്തേക്ക് പോകുന്നത്. ഇതോടെ കേരളത്തിലെ വീടുകള്‍ പക്ഷികള്‍ പറന്നുപോയ ശൂന്യമായ കൂടുകള്‍ പോലെയായിട്ടുണ്ട്. പക്ഷേ നമുക്കവരെ ഇവിടെ പിടിച്ചുനിര്‍ത്താനാവും. അതിനുള്ള ശ്രമമാണ് കെ.എം.സി.ടി നടത്തുന്നത്. എന്‍.ബി.എ, എന്‍.ഐ.ആര്‍.എഫ്, ക്യു.എസ് പോലുള്ള ദേശീയ, രാജ്യാന്തര അക്രഡിറ്റേഷനുകളുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളാണല്ലോ കുട്ടികള്‍ ഉന്നത പഠനത്തിന് നോക്കുന്നത്. അത്തരം അക്രഡിറ്റേഷനുകള്‍ നേടിയെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിന്റേതെന്നല്ല, ലോകത്തിന്റെ തന്നെ ഹബ്ബാകാനുള്ള കരുത്ത് കേരളത്തിനുണ്ട്. വൈജ്ഞാനിക അധിഷ്ഠിത സമ്പദ്വ്യവസ്ഥയായി കേരളം മാറണമെങ്കില്‍ നമ്മുടെ സഹജമായ അനുകൂല സാഹചര്യങ്ങളെ ഉയര്‍ത്തിക്കാട്ടി ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ക്ഷണിക്കണം. നമ്മള്‍ ഗൗരവത്തോടെ ഈ ദിശയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും വിദ്യാഭ്യാസത്തിന്റെ ഗ്ലോബല്‍ ഹബ്ബായി കേരളത്തിന് മാറാന്‍ സാധിക്കും.
Q.അതിന് എന്തെല്ലാം കാര്യങ്ങളാണ് ഇവിടെ അടിയന്തരമായി ചെയ്യേണ്ടത്?
സ്വകാര്യ നിക്ഷേപകരോടുള്ള മനോഭാവത്തില്‍ ഇനിയും മാറ്റം ഇവിടെ വരേണ്ടതുണ്ട്. സര്‍ക്കാരിന്റെ ഉന്നത തലത്തിലുള്ളവരും ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപക സമൂഹത്തോട് അനുകൂല മനോഭാവമാണ് പുലര്‍ത്തുന്നതെങ്കിലും താഴേത്തട്ടില്‍ അങ്ങനെയൊരു മനോഭാവമാറ്റം വന്നിട്ടില്ല.
Q.പഠനത്തിനുള്ള സൗകര്യം മാത്രമല്ലല്ലോ ചെറുപ്പക്കാര്‍ക്ക് വേണ്ടത്? നല്ല ജോലിയും ഗവേഷണ സൗകര്യങ്ങളും സംരംഭക അവസരങ്ങളുമെല്ലാം ഒരുക്കേണ്ടേ?
തീര്‍ച്ചയായും. ഇത്തരം സമഗ്രമായ കാഴ്ച്ചപ്പാട് തന്നെയാണ് കെ.എം.സി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനുള്ളത്. മെഡ്‌ടെക്, മെഡിക്കല്‍ ഡിവൈസസ് രംഗത്ത് ചെറുകിട, ഇടത്തരം കമ്പനികള്‍ സ്ഥാപിക്കാന്‍ ഇനിയും അനേകം അവസരങ്ങളുണ്ട്. ഇവിടെ ഇന്‍ക്യുബേഷന്‍ കേന്ദ്രം തുടങ്ങിയിരിക്കുന്നതും അതിന്റെ ഭാഗമായാണ്. ഭാവിയില്‍ ഒരു ഹെല്‍ത്ത് പാര്‍ക്ക് ഇവിടെ വന്നേക്കാം. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ രാജ്യത്തെ ആര്‍ ആന്‍ഡ് ഡി (ഗവേഷണവും വികസനവും) ഇന്നൊവേഷന്‍ രംഗത്ത് വലിയ മുന്നേറ്റം നടക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപയാണ് ഗവേഷണത്തിനായി ചെലവിടുക. ഏറ്റവും പ്രധാനം ഇത് സര്‍ക്കാര്‍ മേഖലയിലുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് മാത്രമല്ല, സ്വകാര്യ മേഖലയിലുള്ളവയ്ക്കും ലഭിക്കുമെന്നതാണ്. അതൊക്കെ കെ.എം.സി.ടിക്ക് ഉപയോഗപ്പെടുത്താനാകുമെന്ന വിശ്വാസമുണ്ട്.
Q.ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെഡിക്കല്‍ കോളെജ് ഇവയെല്ലാം നടത്തിക്കൊണ്ടുപോകുന്നതിന്റെ രഹസ്യമെന്താണ്?
എന്റെ ടീമാണിതെല്ലാം ചെയ്യുന്നത്. ഞാനൊരു സ്ട്രാറ്റജിസ്റ്റാണ്. ദിവസത്തില്‍ 3-4 മണിക്കൂറില്‍ കൂടുതല്‍ ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യാറില്ല. ഉത്തരവാദിത്വങ്ങളും ജോലികളും വീതിച്ചു നല്‍കിയിട്ടുണ്ട്. അവര്‍ക്ക് തെറ്റ് പറ്റിയാല്‍ കൈയൊഴിയില്ല. കൂടെ നിന്ന് ശരിയാക്കും. മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. എല്ലാവരുമായി നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. ഫിനാന്‍സ് ഞാന്‍ ഏറെ ശ്രദ്ധയോടെ നോക്കുന്ന കാര്യമാണ്. കഴിയുന്നത്ര വായ്പകള്‍ ഒഴിവാക്കി മുന്നോട്ട് പോകാന്‍ നോക്കും. പദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നതൊക്കെ ഒഴിവാക്കും. 6-8 മാസങ്ങള്‍ കൊണ്ടാണ് പല കോളെജുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അത് സജ്ജമായാല്‍ കോഴ്‌സുകള്‍ ആരംഭിക്കും. ഞങ്ങള്‍ നില്‍ക്കുന്ന മേഖലയിലെ എല്ലാ ചലനങ്ങളും സശ്രദ്ധം വീക്ഷിക്കും. എന്തും ആലോചിച്ച് മാത്രമേ തീരുമാനിക്കൂ. വല്ലതിലും പിന്നീട് പാകപ്പിഴ കണ്ടാല്‍ തിരുത്തുകയും ചെയ്യും. തിരിച്ചടികളില്‍ ഞാന്‍ പതറാറില്ല. നമുക്ക് ചുറ്റിലുമുള്ളവര്‍ക്ക് വേണ്ടാത്ത കാര്യം ഞാനും വേണ്ടെന്ന് വെയ്ക്കും. അത്തരം ആശങ്കകളൊന്നും എന്നെ അലട്ടില്ല.
കെ.എം.സി.ടി സ്ഥാപനങ്ങള്‍
1. KMCT Medical College
2. KMCT Medical College Hospital
3. KMCT Dental College
4. KMCT Ayurveda Medical College
5. National college of Pharmacy
6. KMCT College of Nursing
7. KMCT School of Nursing
8. KMCT Architecture College
9. KMCT Arts & Science College
10. KMCT Institute of Engineering for Emerging Technology
11. KMCT College of Allied Health Sciences
12. National Institute of Allied Health Sciences
13. KMCT School of Management
14. KMCT Law College
15. KMCT Polytechnic College
16. KMCT College of Pharmacy
17. KMCT College of Hotel Management and Catering Technology
18. KMCT Institute of Technology
19. KMCT Institute of Management
20. KMCT College of Computer Application
ഇവിടെയുണ്ട് ഹാപ്പിനസ് ഡിപ്പാര്‍ട്ട്‌മെന്റ്!
പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമല്ല വിദ്യാര്‍ത്ഥികളുടെ സന്തോഷത്തിനും കെ.എം.സി.ടി ഗ്രൂപ്പ് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഓരോ ക്യാമ്പസിലെയും വിവിധ കോളെജുകളിലെ കുട്ടികളെ ഒരുമിച്ച് ചേര്‍ത്തുള്ള പ്രോഗ്രാമുകളാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. '' ഇന്നത്തെ കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ നെറ്റിസണുകളാണ്. ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയയ്ക്കുമപ്പുറമുള്ള സാമൂഹ്യജീവിതം അവര്‍ ക്യാമ്പസില്‍ നിന്ന് അനുഭവിച്ചറിയണം. അതിന് ഇവിടെ സൗകര്യമൊരുക്കാന്‍ ഹാപ്പിനസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയുണ്ട്. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കാന്‍ കൗണ്‍സലിംഗും മറ്റ് സേവനങ്ങളും നിരന്തരം ഇവിടെ നല്‍കിവരുന്നു. ഹാപ്പിനസ് ഇന്‍ഡെക്‌സില്‍ ഇവിടുത്തെ അന്തരീക്ഷവും കുട്ടികളും ഉയര്‍ന്നുനില്‍ക്കുക എന്നതാണ് ലക്ഷ്യം'' - ഡോ. ആയിഷ നസ്‌റീന്‍ വ്യക്തമാക്കുന്നു.