അറിയൂ, ഭാവി ജോലി സാധ്യതകള്‍; ഉജ്ജ്വല്‍ കെ ചൗധരി എഴുതുന്നു
വികസ്വര രാജ്യങ്ങളില്‍ തൊഴിലാളിയും ഉടമയും തമ്മിലുള്ള ബന്ധം ചെറിയ മാറ്റങ്ങളോടെ വികസിത രാജ്യങ്ങളിലുള്ളതുപോലെ മാറിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണേഷ്യയും അതില്‍ നിന്ന് വ്യത്യസ്തമല്ല. തൊഴില്‍ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പ്പങ്ങളിലുണ്ടായ ഇടിവ്, കരാര്‍ ജോലി, ഉടമയോടുള്ള ആശ്രിതത്വം കൂടുക, ഗിഗ് ഇക്കണോമിയുടെ കടന്നുവരവ്, പങ്കാളിത്ത സമ്പദ്വ്യവസ്ഥയുടെ വികാസം തുടങ്ങിയവയൊക്കെ വികസ്വര രാജ്യങ്ങളിലും തൊഴിലാളി-തൊഴിലുടമ ബന്ധങ്ങളിലും മാറ്റം വരുത്തുന്നുണ്ട്.
കോവിഡിന് ശേഷം റിമോട്ട് വര്‍ക്കിംഗ്, ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയ്ക്കും പ്രാധാന്യമേറി. അതോടൊപ്പം ആവര്‍ത്തിച്ചുള്ള ജോലികള്‍ക്കായി മനുഷ്യനു പകരം കൃത്രിമ ബുദ്ധി (AI)യെയും ആശ്രയിച്ചു തുടങ്ങി. വന്‍തോതില്‍ ഉല്‍പ്പാദനം നടത്തുമ്പോഴും ടെംപ്ലേറ്റ് ഉപയോഗിച്ച് ചെയ്യേണ്ടതോ ആയ ആവര്‍ത്തന സ്വഭാവമുള്ള ജോലികള്‍ ചെയ്യേണ്ടി വരുമ്പോഴും മെഷീന്‍ ലേണിംഗ് പോലുള്ള സാങ്കേതിക വിദ്യ സഹായത്തിനെത്തുന്ന സാഹചര്യത്തില്‍, ഇന്ത്യയെ പോലെ പൂര്‍ണ വികസിതമാകാത്തതും എന്നാല്‍ വലിയ സമ്പദ്വ്യവസ്ഥയുള്ളതുമായ രാജ്യത്തെ ഭാവി തൊഴിലിടങ്ങള്‍ ഇതുവരെയുള്ളതു പോലെ ഒരിക്കലും ആയിരിക്കില്ല. ഒരുവശത്ത് ഓട്ടോമേഷനും മറുവശത്ത് ഫിന്‍ടെക്കുകളും ബ്ലോക്ക് ചെയ്‌നും ആയിരിക്കുമ്പോള്‍ 2000 എ.ഡിയുമായി സാമ്യപ്പെടുത്തുന്ന ഒന്നും 2025ല്‍ ഉണ്ടാവില്ല.
തൊഴില്‍ രംഗം മാറ്റിയ വ്യാവസായിക വിപ്ലവങ്ങള്‍
തൊഴില്‍ ലോകം എന്നെന്നേക്കുമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒന്നാം വ്യാവസായിക വിപ്ലവം യന്ത്രവല്‍കരണം, ആവിയിലും ജലവുമായി ബന്ധപ്പെട്ട മെഷിനറികളിലുമാണ് ശ്രദ്ധിച്ചത്. അതോടെ ഗ്രാമങ്ങളിലെ ഭൂരഹിതരായ തൊഴിലാളികളുടെ ഒഴുക്കാണ് നഗരങ്ങളിലേക്കുണ്ടായത്. യന്ത്രങ്ങളുപയോഗിച്ച് മണിക്കൂറുകളോളം പണിയെടുക്കുന്ന തൊഴിലാളി വര്‍ഗമായി അവര്‍ മാറി.
വൈദ്യുതിയുടെ കണ്ടുപിടിത്തത്തോടെ വന്‍തോതിലുള്ള ഉല്‍പ്പാദനം സാധ്യമായതോടെ രണ്ടാം വ്യാവസായിക വിപ്ലവത്തിന് തുടക്കമായി. അത് മികച്ച തൊഴില്‍ സാഹചര്യങ്ങളിലേക്കും തൊഴില്‍ വൈദഗ്ധ്യം വര്‍ധിക്കുന്നതിലേക്കും ലോകമെമ്പാടുമുള്ള തൊഴിലാളി വര്‍ഗങ്ങള്‍ സംഘടിക്കുന്നതിലേക്കും നയിച്ചു.
തൊഴിലാളികളുടെ അവകാശങ്ങളും മറ്റും നിശ്ചയിക്കുന്നതിലേക്ക് തൊഴിലാളി പ്രസ്ഥാനങ്ങള്‍ കടന്നു. വിവരസാങ്കേതിക വിദ്യ, ഇലക്ട്രോണിക്‌സ്, ഐ.ടിയുമായി ബന്ധപ്പെട്ട ഓട്ടോമേഷന്‍ എന്നിവയുടെ ഉദയം മൂന്നാമത് വ്യാവസായിക വിപ്ലവം മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കി. ഐ.ടി, ഇലക്ട്രോണിക് മേഖലകളില്‍ വൈദഗ്ധ്യത്തിന് ഏറെ പ്രാധാന്യം കൈവന്നു. വൈറ്റ് കോളര്‍ ജോലികളുടെ ഗുണവും എണ്ണവും കൂടി. തൊഴില്‍ നിബന്ധനകളില്‍ ഇളവുകള്‍ ഉണ്ടായി.
നാലാമത്തെ വ്യാവസായിക വിപ്ലവത്തിന്റെ പടിവാതില്‍ക്കലാണ് നാമിപ്പോള്‍. പടിഞ്ഞാറന്‍ വികസിത സമ്പദ്വ്യവസ്ഥകളില്‍ ഇതിനകം തന്നെ അത് പക്വതയാര്‍ജിച്ചു കഴിഞ്ഞു. ഈ വിപ്ലവം പല മേഖലകളിലും മനുഷ്യ പ്രയത്‌നത്തിന് പകരമായി കൃത്രിമ ബുദ്ധിയെ മുന്നിലേക്ക് കൊണ്ടുവന്നു. ഇന്റര്‍നെറ്റ് ഓഫ് തിഗ്‌സ് ഉപകരണങ്ങളെ ബന്ധിപ്പിക്കുകയും അവരുടെ ഉപയോക്താക്കളെ മുമ്പെങ്ങുമില്ലാത്ത വിധം ശാക്തീകരിക്കുകയും ചെയ്യുന്നു.
ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ക്ലൗഡ് ടെക്‌നോളജി സമ്പൂര്‍ണ പേപ്പര്‍ രഹിത ഡിജിറ്റലൈസേഷനിലേക്ക് നയിച്ചു. മെഷീന്‍ ലേണിംഗിലൂടെ മനുഷ്യരുടെ പെരുമാറ്റം, ശീലങ്ങള്‍ ആവശ്യങ്ങള്‍ എന്നിവ പ്രവചിക്കാനാകുന്നു. ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യ വീട് നിര്‍മാണം, ചരക്ക് ഉല്‍പ്പാദനം തുടങ്ങി ആരോഗ്യസംരക്ഷണ മേഖലയില്‍ പോലും വിവിധ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടു. സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയ്ന്‍ തുടങ്ങിയവയാണ് മറ്റു സാങ്കേതിക വിദ്യകള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ഉന്നതപഠന രംഗത്ത് ഇവ പാഠ്യവിഷയമായി ഇതിനകം തന്നെ മാറിയിട്ടുണ്ട്.
ഈ ഘട്ടം വ്യത്യസ്ത തരത്തിലുള്ള ജോലിയും തൊഴില്‍ സേനയും ആവശ്യപ്പെടുന്നു. ദൗര്‍ഭാഗ്യവശാല്‍ നമുക്കിപ്പോഴും ഇവയെ കുറിച്ച് വലിയ ധാരണയില്ല. നമ്മളില്‍ പലരും 21 ാം നൂറ്റാണ്ടിലും 20 ാം നൂറ്റാണ്ടിലെ സിലബസ് പിന്തുടരുന്നു.
ജോലിയുടെ ഭാവി
2018 ല്‍ പ്രസിദ്ധീകരിച്ച ജോലിയുടെ ഭാവി എന്ന റിപ്പോര്‍ട്ട് 2018 നും 2025 നും ഇടയിലുണ്ടാകുന്ന മാറ്റത്തെ കുറിച്ചാണ് പറയുന്നത്. ഹൈസ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേഷന്‍ നമ്മുടെ വിരല്‍ത്തുമ്പിലെത്തിക്കുകയും അത് മുമ്പത്തേക്കാള്‍ വേഗത്തിലാകുകയും ചെയ്യും. കൃത്രിമബുദ്ധിയുടെ വരവ് മനുഷ്യന്റെ സേവനം ആവര്‍ത്തന ജോലികളില്‍ കുറയ്ക്കുകയും സൃഷ്ടിപരമായ, നൂതനമായ, പ്രശ്‌നപരിഹാരം ആവശ്യപ്പെടുന്ന തരത്തിലുള്ള ജോലികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യും. റോബോട്ടൈസേഷന്‍ വളരാനും ഇതിടയാക്കും.
ബിഗ് ഡാറ്റ അനലറ്റിക്‌സിന്റെ വ്യാപകമായ സ്വീകാര്യത പ്ലാനര്‍മാരെയും സ്ട്രാറ്റജിസ്റ്റുകളെയും ഡാറ്റ പോയ്ന്റുകള്‍ ഉപയോഗിച്ച് മികവോടെയും കൂടുതല്‍ കൃത്യതയോടെയും പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഡാറ്റ മികച്ച രീതിയില്‍ സ്റ്റോറേജ് ചെയ്യാനും വീണ്ടെടുക്കാനും ക്ലൗഡ് ടെക്‌നോളജി സഹായിക്കും. കൂടാതെ പരമ്പരാഗതമായ ഓണ്‍ലൈന്‍ സ്റ്റോറേജിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
ഇവ ടെക്‌നോളജി വളര്‍ച്ചയെ ത്വരിതപ്പെടുത്തും. വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റിക്കും ഗുണകരമാകും. മനുഷ്യനും യന്ത്രങ്ങള്‍ക്കുമിടയില്‍ ഒരു പുതിയ അതിര് രൂപപ്പെടും. യന്ത്രങ്ങളെ ബുദ്ധിപരമായി ഉപയോഗിക്കാനുള്ള മനുഷ്യന്റെ ശേഷി വര്‍ധിക്കും. നമ്മള്‍ പ്രവര്‍ത്തിക്കുന്ന മേഖലകള്‍ പരിഗണിക്കാതെ തന്നെ നാളത്തെ തൊഴില്‍ വൈദഗ്ധ്യം ഇന്നത്തേതിനേക്കാള്‍ വികസിതമായിരിക്കുമെന്ന് ഇവയിലൂടെ വെളിവാകുന്നു.
ജോലിയുടെ ഭാവി രൂപപ്പെടുത്തുന്ന 5 പ്രവണതകള്‍
* പുതിയ സ്വഭാവ രീതികള്‍ (സോഷ്യല്‍ മീഡിയയും വെബും രൂപപ്പെടുത്തിയത്).
* സാങ്കേതിക വിദ്യകള്‍ (ക്ലൗഡ് സാങ്കേതിക വിദ്യ, ബിഗ് ഡാറ്റ, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവയിലേക്കുള്ള മാറ്റം).
* പുതുതലമുറ തൊഴില്‍സേന (പുതിയ മനോഭാവവും പ്രതീക്ഷകളും ജോലി ചെയ്യുന്ന രീതികളുമുള്ളവ).
*ഉയര്‍ന്ന മൊബിലിറ്റി (എവിടെയിരുന്നും ഏതു നേരവും ഏത് ഉപകരണം വഴിയും ജോലി ചെയ്യുക).
* ആഗോളവല്‍കരണം (അതിരുകളില്ലാതെ ജോലി ചെയ്യുക). തുടങ്ങിയവയാണ് ജോലിയുടെ ഭാവി
രൂപപ്പെടുത്തുന്ന അഞ്ച് പ്രവണതകളെന്ന് 'ദി ഫ്യൂച്ചര്‍ ഓഫ് വര്‍ക്ക്' എന്ന പുസ്തകത്തില്‍ ജേക്കബ് മോര്‍ഗന്‍ പറയുന്നു.
ലോക ബാങ്കിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി
സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കും ഭാവി തൊഴിലിനെ തീരുമാനിക്കുന്നതില്‍ പങ്കുണ്ട്. ഉദാഹരണത്തിന് ലോക ബാങ്കിന്റെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതി വികസ്വര രാജ്യങ്ങളോട് നാലാം വ്യാവസായിക വിപ്ലവത്തിനായി തയാറെടുക്കുന്നതിന് മൂന്നു കാര്യങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ആവശ്യപ്പെടുന്നത്.
1. മത്സരക്ഷമത (competitiveness)
2. ശേഷി (Capabilities)
3. ബന്ധം (Connectedness)
പുതിയ ബിസിനസ് മോഡലുകള്‍ പ്രാവര്‍ത്തികമാക്കല്‍, ചെലവ് ചുരുക്കല്‍, ഉറച്ച ബിസനസ് സാഹചര്യം സൃഷ്ടിക്കല്‍ എന്നിവയിലൂടെ മത്സരക്ഷമത വര്‍ധിപ്പിക്കാനാകും. മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ്, കുറഞ്ഞ വ്യാപാര നിയന്ത്രണങ്ങള്‍, സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിച്ചുമൊക്കെ ബന്ധങ്ങളും മെച്ചപ്പെടുത്താം.
തൊഴിലവസര സാധ്യതയുള്ള മേഖലകള്‍
വികസ്വര രാജ്യങ്ങളില്‍ പലതും പ്രത്യേക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വളരുന്നുണ്ട്. ഉദാഹരണത്തിന്:
എത്യോപ്യ
* ടെക്‌സ്‌റ്റൈല്‍സ് & ഗാര്‍മന്റ്‌സ് ഹബ് ആയി മാറി.
* ഒരുവര്‍ഷം മുമ്പ് ഗാര്‍മന്റ്‌സ് വ്യവസായ മേഖലയില്‍ ചൈനയില്‍ നിന്ന് 1.2 ശതകോടി ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചു.
* യൂറോപ്പിലെ പ്രധാന വസ്ത്ര നിര്‍മാണ കമ്പനികള്‍ക്കടക്കം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു.
ബ്രസീല്‍
* ഭക്ഷ്യ സംസ്‌കരണം, മരം, പേപ്പര്‍ ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
* കഴിഞ്ഞ വര്‍ഷം ഈ രംഗങ്ങളില്‍ 50 ശതകോടി ഡോളറിന്റെ കയറ്റുമതി നേടി.
ഫിലിപ്പൈന്‍സ്
* കോള്‍ സെന്ററുകളുടെ ഹബ് ആയി മാറി.
* ഓഫ്‌ഷോര്‍ സര്‍വീസ് മേഖലയില്‍ വലിയ ശക്തിയായി.
* 2004ല്‍ ഒരുലക്ഷം പേര്‍ക്ക് ഈ മേഖല തൊഴില്‍ നല്‍കിയപ്പോള്‍ 2015ല്‍ അവരുടെ എണ്ണം ഒരു ദശലക്ഷമായി.
* ഏകദേശം 20 ശതകോടി ഡോളറിന്റെ വരുമാനം.
ഇന്ത്യ
* ബിസിനസ് പ്രോസസ്, നോളജ്, ഡിസൈന്‍ പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് മേഖലകളില്‍ നേരത്തെ ശക്തി തെളിയിച്ചു.
* പരുത്തി ഉല്‍പ്പാദനത്തിലും പരുത്തി വസ്ത്ര നിര്‍മാണത്തിലും മുന്നിലുള്ളതിനു പുറമേ ഐ.ടി അനുബന്ധ മേഖലകളിലും ഫാര്‍മസി, സോളാര്‍ എനര്‍ജി മേഖലകളില്‍ കൂടി കരുത്താര്‍ജിച്ചു വരുന്നു.
ബംഗ്ലാദേശ്
* ഡിജിറ്റല്‍, ടെക്‌നോളജി മേഖലയില്‍ വലിയ കുതിപ്പ് നടത്തുന്നു.
* സര്‍ക്കാരിന്റെ ഐ.സി.ടി ഡിവിഷനും യു.എല്‍.ഡി.പിയുടെ ഭാഗമായുള്ള എ.ടു.ഐ പദ്ധതിയും വലിയ വിജയമായി.
ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട്
വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഫ്യൂച്ചര്‍ ഓഫ് ജോബ്‌സ് റിപ്പോര്‍ട്ടില്‍ 2015ലെ പ്രധാനപ്പെട്ട 10 വൈദഗ്ധ്യത്തെ കുറിച്ച് പറയുന്നു. പ്രാധാന്യമനുസരിച്ച് സങ്കീര്‍ണമായ പ്രശ്‌നപരിഹാരം, ഏകോപനം, പീപ്പ്ള്‍ മാനേജ്‌മെന്റ്, ക്രിട്ടിക്കല്‍ തിങ്കിംഗ്, കൂടിയാലോചന, ഗുണനിലവാര നിയന്ത്രണം, സേവന ദിശാബോധം, വിധിനിര്‍ണയം, തീരുമാനമെടുക്കല്‍, മറ്റുള്ളവരെ കേള്‍ക്കല്‍, സര്‍ഗാത്മകത എന്നിവയാണവ. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ഈ കഴിവുകള്‍ ആവശ്യമാണ്.
4 സികള്‍
നാല് സികളാണ് 21ാം നൂറ്റാണ്ടിന് ആവശ്യമായ പ്രധാന കഴിവുകള്‍.
* ആശയവിനിമയം (Communication)
* കൂട്ടുപ്രവര്‍ത്തനം (collaboration)
* വിമര്‍ശനാത്മക ചിന്ത (Critical Thinking)
* സര്‍ഗാത്മകത (Creativity)
ഭാവിയിലെ ജോലിയില്‍ 60 ശതമാനവും അനലിറ്റിക്‌സ്, ഡിസൈന്‍, കൃത്രിമ ബുദ്ധി തുടങ്ങിയവയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സമ്പദ്വ്യവസ്ഥയില്‍ ആവശ്യമായ നൈപുണ്യം
ഭാവിയില്‍ ബിഗ് ഡാറ്റയുടെ സ്ഥാനം അനിഷേധ്യമായിരിക്കും. അഞ്ച് ഢകള്‍ അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വലിപ്പം (Volume ഡാറ്റയുടെ വലിയ വലിപ്പം), വേഗത (Veloctiy ഡാറ്റ ലഭ്യമാകുന്ന വേഗത), വൈവിധ്യം (Varitey വിവിധ തരത്തിലുള്ള ഡാറ്റ), കൃത്യത (Veractiyകൃത്യതയുടെ അടിസ്ഥാനത്തില്‍ അതിനുണ്ടാകുന്ന വിശ്വാസ്യത), മൂല്യം (Value വിശകലനവിധേയമാക്കി മൂല്യനിര്‍ദ്ദേശങ്ങളാക്കി മാറ്റുന്നില്ലെങ്കില്‍ ബിഗ് ഡാറ്റയ്ക്ക് മൂല്യമില്ല).
ബിഗ് ഡാറ്റ ഉപയോഗപ്പെടുത്താനുള്ള കഴിവ് നാളെ എല്ലാ മേഖലകളിലും തൊഴില്‍ സേനയ്ക്ക് ആവശ്യമുള്ള വൈദഗ്ധ്യമായി മാറും. സങ്കീര്‍ണമായ വെല്ലുവിളികളെ ആളുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് ഇന്നത്തെ വൈദഗ്ധ്യം. ജിജ്ഞാസ, മുന്‍കൈ എടുക്കല്‍, സ്ഥിരോത്സാഹം, പരിതസ്ഥിതിയോട് ഇണങ്ങാനുള്ള കഴിവ്, നേതൃത്വം, സാമൂഹ്യസാംസ്‌കാരിക ബോധം തുടങ്ങിയവയൊക്കെ ഭാവിയിലെ ജോലിയുടെ ഘടന രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കും.
ഭാവിയിലെ തൊഴിലാളി രീതിയിലെ മാറ്റം
ഭാവിയില്‍ കോ വര്‍ക്കിംഗ് സ്‌പേസുകളില്‍ പ്രവര്‍ത്തിക്കുകയും ഗിഗ് ഇക്കണോമിയുടെ ഭാഗമായി ഒരേസമയം അല്ലെങ്കില്‍ ഒന്നു പൂര്‍ത്തിയാക്കി മറ്റൊരു സ്ഥാപനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കും. ഒരേ സ്ഥാപനത്തിനായി ജോലി ചെയ്യുന്നവരുടെ എണ്ണം ഇനി കുറയും. പരമ്പരാഗത യൂണിവേഴ്‌സിറ്റി പഠനത്തിന്റെ പ്രാധാന്യം നഷ്ടപ്പെടും.
ഇപ്പോള്‍ത്തന്നെ ഫേസ്ബുക്ക്, ആമസോണ്‍, ആപ്പ്ള്‍, ഗൂഗ്ള്‍ തുടങ്ങിയവ തങ്ങള്‍ ഡിഗ്രി നോക്കിയല്ല വൈദഗ്ധ്യം നോക്കിയാണ് ജോലി നല്‍കുകയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഗ്രി കേന്ദ്രീകരിച്ചുള്ള യൂണിവേഴ്‌സിറ്റി പഠനരീതി മാറുമെന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ആവശ്യമായത് പഠിക്കാനുള്ള അവസരം ലഭിക്കും.
ഓണ്‍ലൈന്‍ ഓപണ്‍ കോഴ്‌സുകള്‍ പ്രാധാന്യം നേടും. ഇതുവരെ ഓഫീസില്‍ 9 മണി മുതല്‍ 5 മണിവരെ പണിയെടുക്കുന്നവനായിരുന്നു തൊഴിലാളി. ഇനി എന്തു ഫലം ലഭിക്കുന്നു എന്നതുമാത്രമായിരിക്കും തൊഴിലുടമ ശ്രദ്ധിക്കുക. സ്വന്തം ഇഷ്ടത്തിനനുസരിച്ച് എപ്പോള്‍ വേണമെങ്കിലും എവിടെവച്ചും ജോലി ചെയ്യാവുന്ന സാഹചര്യം ഒരുങ്ങി.
ഗിഗ് അല്ലെങ്കില്‍ ഫ്രീലാന്‍സര്‍ ഇക്കണോമി വന്‍തോതില്‍ ശക്തമാകുന്നുണ്ട്. തങ്ങളുടെ കഴിവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തി ജോലി കണ്ടെത്തുകയും ഒരേ കമ്പനിയില്‍ പൂര്‍ണസമയം പ്രവര്‍ത്തിക്കാതെ പല കമ്പനികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യാമെന്നത് ഇതിന്റെ നേട്ടമാണ്. ലീഡര്‍ഷിപ്പ്, മുന്നില്‍ നിന്ന് പിന്തുടരുക, സാങ്കേതികവിദ്യ അറിഞ്ഞിരിക്കുക, സ്വയം മാതൃകയായി നയിക്കുക, ഫയര്‍ സ്റ്റാര്‍ട്ടര്‍ ആകുക, അപ്പപ്പോള്‍ അംഗീകാരവും ഫീഡ്ബാക്കും നല്‍കുക തുടങ്ങിയവയാണ് ഭാവി മാനേജര്‍മാര്‍ക്കായുള്ള പ്രവര്‍ത്തന തത്വങ്ങളായി ജോക്കബ് മോര്‍ഗന്‍ പറയുന്നത്.
നാളത്തെ സര്‍വകലാശാലകള്‍
ബിരുദ കേന്ദ്രീകൃതമാകാതെ നാളത്തെ സര്‍വകലാശാലകള്‍ യഥാര്‍ത്ഥ വൈദഗ്ധ്യം പകര്‍ന്നുനല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അസംഖ്യം പഠനസംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും അധ്യാപനത്തേക്കാള്‍ മെന്ററിംഗിന് പ്രാധാന്യം നല്‍കുകയും വേണം. പഠിതാവിന്റെ താല്‍പ്പര്യമനുസരിച്ച് തെരഞ്ഞെടുക്കുന്നതാവണം വിദ്യാഭ്യാസം.
ഇന്നലെ എന്നുള്ളതിനേക്കാള്‍ ഇന്നിനും നാളെയ്ക്കും പ്രാമുഖ്യം നല്‍കുന്നവയാകണം സര്‍വകലാശാലകള്‍. പ്രായോഗികതയ്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. എല്ലാ മേഖലകളിലെ പ്രതിഭകളെ ഒരുക്കിയെടുക്കാനും സര്‍വകലാശാലകള്‍ക്ക് കഴിയണം.
ഇന്റര്‍നാഷണല്‍ ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി
ഈ സാഹചര്യത്തില്‍ രാജ്യാന്തര തലത്തില്‍ ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റി എന്ന സങ്കല്‍പ്പത്തിന് സാധ്യത ഏറിയിരിക്കുന്നു. ഇതിനെ സര്‍വകലാശാലകളുടെ സര്‍വകലാശാല എന്നു വിളിക്കാം. പക്ഷേ ഡിജിറ്റല്‍ രൂപത്തിലായിരിക്കും. വിവിധ യൂണിവേഴ്‌സിറ്റികള്‍ക്കും പണ്ഡിതര്‍ക്കും കോഴ്‌സുകള്‍ അപ്ലോഡ് ചെയ്യാനാവും.
വിവിധ ഭാഷകളില്‍ വിവിധ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വാര്‍ഷിക ഫീസ് ഇടാക്കി പഠിക്കാനാകുന്ന സംവിധാനമാകുമത്. എന്നാല്‍ ഉന്നതപഠനത്തിനായി ഓരോ കോഴ്‌സുകള്‍ക്കും ഫീസ് ഏര്‍പ്പെടുത്താം. ഭാവിയിലെ ജോലികള്‍ക്ക് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
(ഡാഫോഡില്‍ ഇന്റര്‍നാഷണല്‍ സര്‍വകലാശാലയില്‍ അഡൈ്വസറാണ് പ്രൊഫസർ ഉജ്ജ്വൽ കെ ചൗധരി )