മുന്‍നിരക്കാരെ വെട്ടി ബാറ്റയുടെയും ഡോരിറ്റോസിന്റെയും അംബാസഡര്‍ ആയത് കാര്‍ത്തിക് ആര്യന്‍

ഫൂട്ട്‌വെയര്‍ ബ്രാന്‍ഡായ ബാറ്റ ഇന്ത്യ ബോളിവുഡ് യുവനടന്‍ കാര്‍ത്തിക് ആര്യനെ കമ്പനിയുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. വ്യവസായരംഗത്ത് ഏറ്റവുമധികം ഡിമാന്‍ഡ് ഉള്ള താരങ്ങളിലൊരാളായി വളര്‍ന്നു വരുന്ന യുവതാരമെന്ന നിലയില്‍ പ്രശസ്തനാണ് കാര്‍ത്തിക്. കാര്‍ത്തിക് അടുത്ത കാലത്ത് അഭിനയിച്ചിരുന്ന സിനിമകള്‍ക്ക് പുറമെ കാഡ്ബറി ഡയറിമില്‍ക്ക് ഉള്‍പ്പെടെ ചില പരസ്യങ്ങളും സോഷ്യല്‍മീഡിയ ക്യാമ്പെയ്‌നുകളും സൂപ്പര്‍ഹിറ്റ് ആയതോടെ താരത്തിന്റെ ഡിമാന്‍ഡും വര്‍ധിക്കുകയായിരുന്നു.

യുവാക്കളെ ആകര്‍ഷിക്കുന്ന ' ലൈക്കബിള്‍' പേഴ്‌സണാലിറ്റി എന്നാണ് കാര്‍ത്തികിനെ അടുത്ത കാലത്ത് പ്രശ്‌സ്ത സിനിമാ മാസികകളും ചാനലുകളും അഭിസംബോധന ചെയ്തത്. ബാറ്റയെക്കൂടാതെ പ്രശസ്ത സ്‌നാക്‌സ് (നാച്ചോസ് )ബ്രാന്‍ഡ് ആയ ഡോരിറ്റോസിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആയിരിക്കുകയാണ് കാര്‍ത്തിക്.
പെപ്‌സികോയുടെ കീഴിലുള്ള പ്രമുഖ രാജ്യാന്തര ബ്രാന്‍ഡിന്റെ മുഖമാകുന്ന ആദ്യ ഇന്ത്യന്‍ താരവും കാര്‍ത്തിക് ആര്യനാണ്. കോണ്‍ഗ്രസ് നേതാവ് മനിഷ് തിവാരിയുടെ മകനാണ് ഈ ബോളിവുഡ് താരം. ലുക്കാ ചുപ്പി , ലവ് ആജ് കല്‍ അങ്ങനെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ സൗത്ത് ഇന്ത്യന്‍ ആരാധകര്‍ക്കിടയിലും പ്രിയങ്കരനാകാന്‍ കാര്‍ത്തികിന് കഴിഞ്ഞിട്ടുണ്ട്.
ബാറ്റയുടെ വിവിധ ബ്രാന്‍ഡുകളിലേക്കായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അന്തരിച്ച നടന്‍ സുശാന്ത് സിംഗ് നടിമാരായ കൃതി സേനന്‍, സ്മൃതി മന്ദാന തുടങ്ങിയവരൊക്കെ ബ്രാന്‍ഡ് അംബാസഡര്‍മാരായിരുന്നു. കാര്‍ത്തിക്കിന് മികച്ച ഫാഷന്‍ സെന്‍സാണെന്നാണ് സെലിബ്രിറ്റി ലോകത്തെ ഇപ്പോഴുള്ള അഭിപ്രായം. ഒരു ട്രെന്‍ഡ് സെറ്ററായിട്ടാണ് ഈ നടനെ ഇപ്പോള്‍ പല ബ്രാന്‍ഡുകളും കണക്കാക്കുന്നതും.
യൂത്ത് ഐക്കണ്‍ എന്ന നിലയിലുള്ള ഈ സ്വീകാര്യത കാരണം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്‍സ്റ്റാഗ്രാമിലും മറ്റും വലിയ ആരാധക വൃന്ദത്തെ സമ്പാദിക്കാനും ഈ മുപ്പതുവയസ്സുകാരന് കഴിഞ്ഞിട്ടുണ്ട്. ഇതാണ് ടോപ് ബ്രാന്‍ഡുകളും ഈ നടനെ തേടിയെത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ബാറ്റയുടെ പുതിയ കാമ്പെയ്ന്‍ ആരംഭിക്കുന്നതോടെ നടനുമായുള്ള അസോസിയേഷന്‍ ആരംഭിക്കും.
ടെലിവിഷന്‍, ഡിജിറ്റല്‍, മറ്റ് മാധ്യമങ്ങള്‍ എന്നിവയിലുടനീളം നിരവധി പരസ്യങ്ങളില്‍ കാര്‍ത്തിക് ആകും ഇനി ബാറ്റയുടെ മുഖം. ബാറ്റ റെഡ് ലേബല്‍, നോര്‍ത്ത് സ്റ്റാര്‍, പവര്‍ ആന്‍ഡ് ഹഷ് പപ്പീസ് തുടങ്ങിയ ബാറ്റയുടെ യുവ ബ്രാന്‍ഡുകളുമായും കാര്‍ത്തിക് സഹകരിക്കുമെന്നും ബാറ്റ വാസ് പ്രസിഡന്റ് ആനന്ദ് നാരംഗ് അറിയിച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള നാച്ചോസ് ചിപ്‌സ് ബ്രാന്‍ഡ് ആയ ഡോരിറ്റോസും തങ്ങളുടെ വിപണി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് യുവാക്കള്‍ക്കിടയില്‍ അടുത്ത കാലത്ത് ഏറെ തിളങ്ങി നില്‍ക്കുന്ന കാര്‍ത്തിക് ആര്യനെ അംബാസഡര്‍ ആക്കുന്നത്. 10 രൂപ പായ്ക്കറ്റില്‍ തുടങ്ങുന്ന ഡോരിറ്റോസിനെ ഏറെ ജനകീയമാക്കാന്‍ കാര്‍ത്തികിനെ പോലെ ചുറുചുറുക്കുള്ള ബോള്‍ഡ് ആയ നടനു കഴിയുമെന്ന് പെപ്‌സികോ ഇന്ത്യയുടെ ഡോരിറ്റോസ് വിഭാഗവും വ്യക്തമാക്കുന്നു.
സോഷ്യല്‍മീഡിയയിലും ടിവി ആഡ് ക്യാമ്പെയ്‌നുകളിലും ഇതുവരെ ഡോരിറ്റോസിന് ഒരു സിനിമാ താരം അംബാസഡര്‍ ആയിരുന്നില്ല. കാര്‍ത്തിക് ആര്യന്റെ സാന്നിധ്യം ഡോരിറ്റോസിന്റെ മാര്‍ക്കറ്റ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Related Articles

Next Story

Videos

Share it