ആലിയ ഭട്ട്; ട്രോളന്മാരുടെ പ്രിയപ്പെട്ട നടിയില്‍ നിന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള നായികയിലേക്ക്

സംവിധായകന്‍ കരണ്‍ ജോഹറിന്റെ 'കോഫീ വിത്ത് കരണ്‍' ഷോയില്‍ പ്രധാനമന്ത്രി ആരെന്നുള്ള ചോദ്യത്തിന് പ്രിത്വിരാജ് ചവാനെന്ന് ആവേശത്തോടെ വിളിച്ചു പറയുന്ന ആലിയ ഭട്ടിന്റെ വീഡിയോ നിങ്ങള്‍ കണ്ടുകാണും. 2012ല്‍ ആണ് ആലിയ ഭട്ട് നായികയായ ആദ്യ സിനിമ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' പുറത്തിറങ്ങിയത്. നായികയായി അരങ്ങേറ്റം കുറിച്ചതിന് ശേഷം, ആലിയ ഭട്ടിനോളം ട്രോളുകള്‍ ഏറ്റുവാങ്ങിയ ഒരു താരം ഉണ്ടായിക്കാണില്ല. പൊതുവിഞ്ജാനത്തിന്റെ പേരിലും കുട്ടിത്തം മാറാത്ത പെരുമാറ്റം കൊണ്ടും വിമര്‍ശിക്കപ്പെട്ട ഒരു പത്തൊമ്പതുകാരി, 10 വര്‍ഷത്തിന് ഇപ്പുറം ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നായികയായി വളരുമെന്ന് ഒരു പക്ഷെ ആരും പ്രതീക്ഷിച്ചു കാണില്ല.

duff & phelps പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍(2021)നാലാം സ്ഥാനത്താണ് ആലിയ. പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഇരുപത്തൊമ്പതുകാരിയായ ആലിയ ആണ്. 68.1 മില്യണ്‍ യുഎസ് ഡോളറാണ് ആലിയയുടെ ബ്രാന്‍ഡ് മൂല്യം. 2020ല്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് ആയിരുന്നു നാലാം സ്ഥാനം. ദീപിക പദ്‌കോണിനും പിന്നില്‍ ആറാമതായിരുന്നു അന്ന് ആലിയ. ഇത്തവണ ഏഴാമതുള്ള ദീപിക പദ്‌കോണ്‍ മാത്രമാണ് ആലിയയ്‌ക്കൊപ്പം ആദ്യ 10ല്‍ ഇടം നേടിയ ഏക വനിത താരം. എംസ് ധോണി, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരാണ് ബ്രാന്‍ മൂല്യത്തില്‍
ആലിയ
ക്ക് പിന്നിലുള്ളത്. ക്രിക്കറ്റ് താരം വിരാട് കോലിയാണ് ($185.7million) രാജ്യത്തെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി.
61.8 മില്യണ്‍ ഫോളോവേഴ്‌സ് ആണ് ആലിയ ഭട്ടിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. ട്വിറ്ററില്‍ ആലിയയെ 21.3 മില്യണ്‍ ആളുകളാണ് പിന്തുടരുന്നത്. പത്ത് വര്‍ഷത്തെ സിനിമാ കരിയറില്‍ ഇതുവരെ വലിയ വിവാദങ്ങളില്‍ പെടാത്തതും സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്‌സിന്റെ എണ്ണവും താരത്തിന്റെ വിപണി മൂല്യം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. നിലവില്‍ പതിനാറിലധികം ബ്രാന്‍ഡുകളുമായാണ് അലിയ സഹകരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട്, ഫ്രൂട്ടി, ഡാര്‍ക്ക് ഫാന്റസി, സാംസംഗ്, ലെയ്‌സ്, ഹീറോ മോട്ടോകോര്‍പ്, ഫോണ്‍പേ, ജെഎസ്ഡബ്യൂ പെയിന്റ്, കോപിക്കോ, ഡ്യൂറോഫ്‌ലക്‌സ്, ബ്ലെന്‍ഡേഴ്‌സ് പ്രൈഡ് തുടങ്ങിയവ അലിയയുമായി സഹകരിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളാണ്. പരസ്യങ്ങള്‍ക്കായി ഈടാക്കുന്ന തുക കഴിഞ്ഞവര്‍ഷം താരം 20-40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
ആലിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഗന്‍ഗുബായി കത്തിയവാഡി' എന്ന സിനിമ 100 കോടി ക്ലബ്ബില്‍ കയറിയതും രാജമൗലിയുടെ ആര്‍ആര്‍ആറിലെ വേഷവും താരത്തിന്റെ മൂല്യം വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. ഹൈവേ, റാസി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വലിയ വിഭാഗം സിനിമാ പ്രേമികളുടെയും പിന്തുണ നേടിയ താരത്തിന്റേതായി ഇനി വരാനിരിക്കുന്നതും ബ്രഹ്‌മാസ്ത്ര ഉള്‍പ്പടെയുള്ള വമ്പന്‍ ചിത്രങ്ങളാണ്. നെറ്റ്ഫ്‌ലിക്‌സിന്റെ 'ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍' എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന അലിയയ്ക്കായി കൂടുതല്‍ ബ്രാന്‍ഡുകള്‍ രംഗത്തെത്തും എന്നതില്‍ സംശയമില്ല.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it