ആന്‍ അഗസ്റ്റിന്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം ഈ മലയാള സിനിമയുടെ കന്നഡ റീമേക്ക്!

സിനിമാ നിര്‍മാതാവിന്റെ കുപ്പായമിട്ട് നടിയും മുതിര്‍ന്ന നടന്‍ അഗസ്റ്റിന്റെ മകളുമായ ആന്‍ അഗസ്റ്റില്‍. ആദ്യ നിര്‍മാണം അന്യഭാഷാ ചിത്രമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മലയാളത്തിലെ കോമഡി ത്രില്ലറിന്റെ റീമേക്കാകും അതെന്ന് പുറത്തുവിട്ടിരിക്കുകയാണ് ആന്‍. അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന്റെ കന്നഡ റീമേക്കാണ് നടി നിര്‍മാണ രംഗത്തെത്തുന്ന ആദ്യ ചിത്രം.

താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നടി തന്നെ പുറത്തെത്തിയിരിക്കുകയാണ്. ജോണ്‍ വര്‍ഗീസിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തെത്തിയ അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ കന്നഡ റീമേക്ക് അബ്ബബ്ബാ എന്ന പേരിലാണ് എത്തുക. വിജയ് ബാബു, വിവേക് തോമസ് എന്നിവരും ആനിനൊപ്പം ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. ഫ്രൈഡേ ഫിലിം ഹൌസ്, മിറാമര്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. അടി കപ്യാരേ കൂട്ടമണിയുടെ നിര്‍മ്മാണം ഫ്രൈഡേ ഫിലിം ഹൌസ് ആയിരുന്നു.
താന്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ദിവസമാണ് ഇതെന്നും സന്തോഷകരവും സംഘര്‍ഷഭരിതവുമായ, നിരവധി ഓര്‍മ്മകള്‍ ഈ ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായെന്നും ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് ആന്‍ അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ യാത്രയില്‍ ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി അറിയിക്കുന്ന ആന്‍ അമ്മയ്ക്കാണ് സിനിമ സമര്‍പ്പിച്ചിരിക്കുന്നത്.2015 ല്‍ തിയറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയ ക്യാംപസ് ചിത്രമായിരുന്നു അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ് എന്നിവര്‍ നായികാ നായകന്മാരായെത്തിയ ചിത്രത്തില്‍ മുകേഷ്, അജു വര്‍ഗീസ്, വിനീത് മോഹന്‍, നീരജ് മാധവ്, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

കന്നഡ റീമേക്കില്‍ ലികിത് ഷെട്ടി, അമൃത അയ്യങ്കാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് രാജ്, താണ്ഡവ്, ധന്‍രാജ് എന്നിവരും അഭിനയിച്ചിരിക്കുന്നു. കെ എം ചൈതന്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.


Dhanam News Desk
Dhanam News Desk  
Next Story
Share it