ഇന്ത്യ- പാക്ക് T20; സെക്കന്‍ഡുകള്‍ക്ക് ലക്ഷങ്ങള്‍ വിലയുള്ള പോരാട്ടം

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഞാറാഴ്ച ഏഷ്യ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. ട്വിന്റി20 ലോകകപ്പിനുള്ള തയ്യാറെടുപ്പായാണ് ടീമുകള്‍ ഏഷ്യ കപ്പിനെ കാണുന്നത്. എന്നാല്‍ കമ്പനികള്‍ക്കും ബ്രാന്‍ഡുകള്‍ക്കും ഇത് വെറുമെരു ടി20 അല്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാനുള്ള അവസരമാണ്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലുമായാണ് രാജ്യത്ത് ഏഷ്യ കപ്പിന്റെ സംപ്രേക്ഷണം. ഇന്ത്യയും പാകിസ്ഥാനും മത്സരിക്കാന്‍ ഇറങ്ങുമ്പോള്‍ റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് ബ്രാന്‍ഡുകള്‍ പ്രതീക്ഷിക്കുന്നത്. മത്സരത്തിന് ഇടയിലെ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന് 14-15 ലക്ഷം രൂപവരെയായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഏഷ്യ കപ്പിലെ മറ്റ് മത്സരങ്ങളില്‍ 6-7 ലക്ഷം രൂപവരെ ഈടാക്കുമ്പോഴാണ് ഇന്ത്യ-പാക്ക് മത്സരത്തന് ഇത്രയും ഉയര്‍ന്ന തുക.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓട്ടോ, റീട്ടെയില്‍. എഫ്എംസിജി, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പരസ്യങ്ങള്‍ കൂടുതലായിരിക്കും എന്നാണ് വിലയിരുത്തല്‍. കൂറെ നാളുകളായി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മേധാവിത്വം തുടരുന്ന എഡ്‌ടെക്ക്, ഫിന്‍ടെക്ക്, ഗെയിമിംഗ് കമ്പനികളുടെ ആധിപത്യം ഇത്തവണ കുറവായിരിക്കും. ഫണ്ടിംഗ് ഇടിഞ്ഞതിനെ തുടര്‍ന്ന് പല കമ്പനികളും പ്രതിസന്ധിയിലായതാണ് കാരണം.

ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോംഗ് എന്നിവരാണ് ഏഷ്യ കപ്പില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍. യുഎഇയില്‍ ആണ് മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോങ് ടീമുകളും ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളും കളിക്കും. സെപ്റ്റംബര്‍ 11ന് ആണ് ഫൈനല്‍. 1.59 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it