പണം വാരാന്‍ പ്രാദേശിക ഭാഷാ സിനിമകളിലേക്ക് കണ്ണുംനട്ട് ബോളിവുഡ് നിര്‍മാതാക്കള്‍

വര്‍ഷങ്ങളായി ബോളിവുഡ്ഡിലെ താരരാജാക്കന്‍മാരെ വച്ച് സിനിമകള്‍ നിര്‍മ്മിച്ച് റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊണ്ടിരുന്ന മുന്‍നിര നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ലക്ഷ്യംവെയ്ക്കുന്നത് പ്രാദേശിക ഭാഷാ സിനിമകളെ. ബിഗ് ബജറ്റ് സിനിമകള്‍ ഫ്‌ളോപ്പ് ആകുന്നതും പ്രാദേശിക സിനിമകളുടെ ലോകമെമ്പാടുമുള്ള സ്വീകാര്യതയും അതിലെ കണ്ടന്റുമാണ് നിര്‍മ്മാതാക്കളെ പ്രാദേശിക സിനിമകളിലേക്കടിപ്പിക്കുന്നത്. ഇതിലൂടെ അവരുടെ ചെലവ്, നിക്ഷേപങ്ങള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്കുകൂട്ടല്‍.

ബോളിവുഡ്ഡിലെ മുന്‍നിര നിര്‍മ്മാതാവ് ബോണി കപൂര്‍ തമിഴിലെ സൂപ്പര്‍ താരം 'തല' അജിത്തിനൊപ്പം ഇതിനകം തന്നെ രണ്ട് സിനിമകള്‍ ചെയ്തുകഴിഞ്ഞു. അടുത്തവര്‍ഷം തിയേറ്ററില്‍ ഇറങ്ങാനിരിക്കുന്ന അജിത്തിന്റെ തുനിവും ബോണി കപൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. നേര്‍ക്കൊണ്ട പറവൈ (2019), വാലിമൈ(2022) എന്നിവയാണ് മറ്റു സിനിമകള്‍. സരേഗമയുടെ ഉടമസ്ഥതയിലുള്ള ബോട്ടിക് സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസ് പഞ്ചാബി, മറാത്തി, സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ സജീവമാണ്.

ബോളിവുഡ്ഡില്‍ ഈവര്‍ഷം തന്നെ മുന്‍നിര താരങ്ങളെവെച്ച് ചെയ്ത സിനിമകളില്‍ മിക്കതും ഫ്‌ളോപ്പാണ്. 150 കോടിയോളം ചെലവില്‍ നിര്‍മ്മിച്ച രണ്‍ബീര്‍ കപൂറിന്റെ ശംശീറ, അക്ഷയ് കുമാറിന്റെ പ്രിത്വിരാജ് തുടങ്ങിയ സിനിമകള്‍ ദയനീയ പരാജയമാണ് ബോക്‌സോഫീസില്‍ നേരിട്ടത്. അതേസമയത്ത് തെലുംഗില്‍നിന്ന് രാജമൗലിയുടെ ആര്‍.ആര്‍.ആറും കന്നഡയില്‍നിന്ന് കെ.ജി.എഫ് 2വും 1,000 കോടി കളക്ഷന്‍ കടന്നു മുന്നേറുകയും ചെയ്തു. നിലവില്‍ കന്നഡയില്‍ നുന്നുള്ള കാന്താര മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

നിലവില്‍ ബോളിവുഡ്ഡില്‍ നിര്‍മ്മാണ, വിപണന ബജറ്റുകളും താരങ്ങളുടെ പ്രതിഫലവും ഉയര്‍ന്നതാണ്. എന്നാല്‍ പ്രാദേശിക സിനിമകളില്‍ ഇത് താരതമ്യേന കുറവുമാണ്. കോവിഡ് കാലഘട്ടങ്ങളില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി നിരവധി പ്രാദേശിക സിനിമകള്‍ റിലീസ് ചെയ്തതിലൂടെയാണ് കൂടുതല്‍ പ്രാദേശിക സിനിമകള്‍ കാണാന്‍ കാഴ്ച്ചക്കാരുണ്ടായത്. ഇത് സൗത്ത് ഇന്ത്യന്‍ സിനിമകളടക്കമുള്ളവയ്ക്കാണ് കൂടുതല്‍ പ്രയോജനമായത്. നിലവില്‍ പ്രാദേശിക സിനിമകള്‍ വിദേശരാജ്യങ്ങളിലും മികച്ച രീതിയിലാണ് പദര്‍ശനം നടത്തുന്നത്.

തിയേറ്റര്‍, ഒ.ടി.ടി എന്നിവയുടെ വരുംനാളുകളുടെ വളര്‍ച്ച പ്രാദേശിക ഭാഷാ സിനിമകളില്‍ നിന്നാണെന്ന് സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ (ഫിലിം ആന്‍ഡ് ടെലിവിഷന്‍ വൈസ് പ്രസിഡന്റ്, യൂഡ്‌ലീ ഫിലിംസ്, സരേഗമ ഇന്ത്യ) പറഞ്ഞു.
പ്രാദേശിക ഭാഷാ സിനിമകളിലെ സൂപ്പര്‍ താരങ്ങളുടെ ഫാന്‍ ബേസ്, സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍, ചെലവ് കുറവ് തുടങ്ങിയവയൊക്കെ മാറ്റിച്ചിന്തിപ്പിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്.

Related Articles
Next Story
Videos
Share it