വ്യാജ പ്രിന്റുകള്‍ വാഴുന്നു; കാരണങ്ങള്‍ പലത്; വിനോദ മേഖലക്ക് നഷ്ടം 22,400 കോടി രൂപ

സിനിമകള്‍ ഉള്‍പ്പടെയുള്ള വിനോദ ഉപാധികളുടെ വ്യാജപ്രിന്റുകള്‍ (pirated print) ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഇന്ത്യയില്‍ വിനോദ മേഖലക്ക് കഴിഞ്ഞ വര്‍ഷം ഉണ്ടായ നഷ്ടം 22,400 കോടി രൂപ. സിനിമ, സംഗീതം, സോഫ്റ്റ് വെയറുകള്‍ എന്നിവയുടെ വ്യാജകോപ്പികളുടെ ഉപയോഗം വ്യാപകമാണെന്ന് പ്രമുഖ അകൗണ്ടിംഗ് സ്ഥാപനമായ ഇ.വൈയും ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കണ്ടെത്തി. വിനോദ മാധ്യമങ്ങളുടെ ഉപഭോക്താക്കളില്‍ 51 ശതമാനം പേര്‍ വ്യാജ കോപ്പികളാണ് ഉപയോഗിക്കുന്നത്. സിനിമ തീയേറ്ററുകള്‍, ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ എന്നിവയില്‍ നിന്ന് നിര്‍മിക്കുന്ന വ്യാജപതിപ്പുകളാണ് കൂടുതല്‍ ഉപയോഗത്തിലുള്ളത്.

4,300 കോടിയുടെ നികുതി നഷ്ടം

നിയമപരമല്ലാത്ത വഴികളിലൂടെയുള്ള വ്യാജപതിപ്പുകളുടെ വില്‍പ്പനയും ഉപയോഗവും രാജ്യത്തിന് 4,300 കോടി രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നു. 2023 ല്‍ ഉണ്ടായ മൊത്തം വിപണി നഷ്ടമായ 22,400 കോടിയില്‍ 13,700 കോടി രൂപ തിയേറ്ററുകള്‍ വഴിയുള്ള വ്യാജപതിപ്പുകളിലൂടെ ഉണ്ടായതാണ്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ വ്യാജപതിപ്പുകള്‍ 6,700 കോടി രൂപ മൂല്യം വരുന്നതാണ്. വ്യജപതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ വിവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒറിജിനല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉയര്‍ന്ന നിരക്കുകള്‍, ഉദ്ദേശിച്ച കണ്ടന്റുകള്‍ ലഭിക്കാത്ത സാഹചര്യം, വിവിധ കമ്പനികളുടെ സബ്‌സ്‌ക്രിപ്ഷന്‍ കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനം.

പ്രവണത കൂടുതല്‍ യുവാക്കളില്‍

വ്യാജപതിപ്പുകള്‍ ഉപയോഗിക്കാനുള്ള പ്രവണത കൂടുതല്‍ കാണുന്നത് 19 മുതല്‍ 34 വയസുവരെയുള്ള യുവാക്കളിലാണ്. സ്ത്രീകള്‍ കൂടുതലായി കാണുന്നത് ഒ.ടി.ടി ഷോകളാണ്. പുരുഷന്‍മാര്‍ ക്ലാസിക്ക് സിനിമകളാണ് തേടുന്നത്. വ്യാജപതിപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ 64 ശതമാനം പേരും, അംഗീകൃത ചാനലുകളില്‍ സൗജന്യ സേവനം ലഭിക്കുകയാണെങ്കില്‍ അതിലേക്ക് മാറാന്‍ തയ്യാറാണെന്ന് സര്‍വ്വെയില്‍ വെളിപ്പെടുത്തി. പരസ്യങ്ങള്‍ കാണേണ്ടി വരുന്നത് അവര്‍ ഗൗനിക്കുന്നില്ല. വ്യാജ പ്രിന്റുകളുടെ ഉപയോഗം കൂടുതലുള്ളത് ടയര്‍ 2 നഗരങ്ങളിലാണ്. വ്യാജ പതിപ്പുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കുന്നുവെന്നത് ഇതിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതായും പഠനത്തില്‍ പറയുന്നു.

നിയമം കര്‍ശനമാകണം, ബോധവല്‍ക്കരണം വേണം

വ്യാജ പതിപ്പുകളുടെ ഉപയോഗം കുറ്റകരമാണെങ്കിലും ഇതുസംബന്ധിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം കുറവാണെന്ന് പഠനത്തില്‍ പറയുന്നു. നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡിജിറ്റല്‍ എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ രോഹിത് ജെയിന്‍ പറയുന്നു. സര്‍ക്കാരും കമ്പനികളും ഉപഭോക്താക്കളും ചേര്‍ന്നുള്ള കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ഈ നിയമലംഘനം തടയാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ പതിപ്പുകള്‍ക്കെതിരെ നിലവിലുള്ള നിയമം പര്യാപ്തമല്ലെന്ന് ഇ.വൈ ഫോറന്‍സിക് ആന്റ് ഇന്റഗ്രിറ്റി സര്‍വ്വീസസ് പാര്‍ട്ണര്‍ മുകുള്‍ ശ്രീവാസ്തവ പറഞ്ഞു. വ്യാജ പതിപ്പുകളുടെ നിര്‍മാണവും വിതരണവും കണ്ടെത്താന്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ പിന്തുണയോടെയുള്ള സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Videos
Share it