പണം ചിലവാക്കാന്‍ മടിയില്ല, വിപണിയിലെ സ്വാധീന ശക്തി; ആരാണ് ഇവര്‍?
ഫാഷനും ഭക്ഷണവുമാണ് ഇവര്‍ക്ക് താല്‍പര്യം. പണം ചെലവിടാന്‍ മടിയില്ല. വിപണിയിലെ ട്രെന്റുകളെ ശ്രദ്ധയോടെ പഠിക്കുന്നവര്‍. മറ്റുള്ളവരുടെ അഭിരുചികളെ പോലും സ്വാധീനിക്കാന്‍ കഴിവുള്ളവര്‍. ആരാണ് ഈ വിഭാഗം.? ഇന്ത്യന്‍ വിപണിയിലെ മുഖ്യസാന്നിധ്യമായി മാറുകയാണ് ജെന്‍ സെഡ് (GenZ) അഥവാ ഡിജിറ്റല്‍ ജനറേഷന്‍. ഇന്ത്യന്‍ ജനസംഖ്യയില്‍ 33.7 കോടി വരുന്ന ഈ യുവ തലമുറയുടെ വിപണി സ്വാധീനം അമ്പരപ്പിക്കുന്നതാണ്. രാജ്യത്തെ മൊത്തം ഉപഭോഗത്തിന്റെ 43 ശതമാനം നിയന്ത്രിക്കുന്നത് ഇവരാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ള 2 ലക്ഷം കോടി ഡോളറിന്റെ ( ഏതാണ്ട് 170 ലക്ഷം കോടി രൂപ) വാങ്ങല്‍ ശേഷിയുള്ള വിഭാഗമായി ഇവര്‍ വളരുമെന്നാണ് ടെക്‌നോളജി കമ്പനിയായ സ്‌നാപ് ഇന്‍കും ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും ചേര്‍ന്ന നടത്തിയ സര്‍വെയില്‍ കണ്ടെത്തിയത്.
ആരാണ് ഈ തലമുറ ?
സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ക്കൊപ്പം വളര്‍ന്നവരാണ് ജെന്‍ സെഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ തലമുറ എന്ന് വിളിക്കപ്പെടുന്നത്. 1990 കളുടെ അവസാനത്തിലും 2010 ന്റെ ആദ്യത്തിലും ജനിച്ചവരാണ് ഈ വിഭാഗത്തില്‍ പെടുന്നത്. അതായത്, ഇപ്പോള്‍ 11 നും 26 നും ഇടയില്‍ പ്രായമുള്ളവര്‍. ഇന്റര്‍നെറ്റ്, സ്മാര്‍ട്‌ഫോണ്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍ എന്നിവക്കൊപ്പം വളര്‍ന്ന ആദ്യത്തെ തലമുറയാണിത്. നിലവില്‍ 860 ബില്യണ്‍ ഡോളറിന്റെ (72.5 ലക്ഷം കോടി രൂപ) ചിലവിടല്‍ ശേഷിയാണ് ഈ വിഭാഗത്തിനുള്ളത്. ഇതില്‍ 200 ബില്യണ്‍ ഡോളര്‍ (18 ലക്ഷം കോടി രൂപ) അവര്‍ സ്വന്തമായി സമ്പാദിക്കുന്ന പണമാണ്. 660 ബില്യണ്‍ ഡോളര്‍ (54.5 ലക്ഷം കോടി രൂപ) വരുന്ന ചിലവിടലുകള്‍ അവരുടെ സ്വാധീനത്തിലൂടെയും ഉണ്ടാകുന്നു. കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളതെന്ന് സര്‍വെയില്‍ കണ്ടെത്തി. അടുത്ത ഒരു വര്‍ഷത്തിനുള്ളിൽ ഇവരുടെ നേരിട്ടുള്ള ചെലവിടല്‍ ശേഷി 250 ബില്യണ്‍ ഡോളറായി മാറുമെന്നാണ് കണക്കുകൂട്ടല്‍.
ഫാഷന്‍, ഭക്ഷണം, വിനോദം
ഫാഷന്‍ ഉൽപ്പന്നങ്ങള്‍, വിവിധ തരം ഭക്ഷണങ്ങള്‍, വിനോദം എന്നീ മേഖലകളിലാണ് ഈ തലമുറ കൂടുതല്‍ പണം ചെലവിടുന്നത്. ഫൂട്ട് വെയര്‍ വിപണിയില്‍ 50 ശതമാനം ഉപഭോക്താക്കള്‍ ഇവരാണ്. ഭക്ഷണം (48 ശതമാനം), വിനോദം (48 ശതമാനം),ഫാഷന്‍ (47 ശതമാനം) എന്നിങ്ങനെ വിപണിയുടെ മിക്ക മേഖലകളിലും ഇവര്‍ നിര്‍ണായക വിഭാഗമായി മാറുന്നു. വാങ്ങുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് പ്രായമായവരെക്കാള്‍ കൂടുതല്‍ ഗവേഷണം നടത്തുന്ന രീതിയാണ് ഈ തലമുറയുടേത്. ഉല്‍പ്പന്നങ്ങളുടെ ബ്രാന്റ് മൂല്യത്തിന് ഉയര്‍ന്ന പരിഗണന നല്‍കുന്നു. ഇവരുടെ ഷോപ്പിംഗ് തീരുമാനങ്ങളെ സ്വാധീനിക്കുന്നത് പ്രധാനമായും സോഷ്യല്‍മീഡിയയാണ്. 72 ശതമാനം പേര്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് മനസിലാക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണ്. വിശ്വാസ യോഗ്യമല്ലാത്ത കണ്ടന്റുകളെക്കാള്‍ ഉപയോഗ യോഗ്യമായതും യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമായി കണ്ടന്റുകളാണ് അവര്‍ കൂടുതലായി ആശ്രയിക്കുന്നത്. സെഡ് ജെന്‍ തലമുറയുടെ വിപണി സാധ്യതകള്‍ ഏറെയാണെങ്കിലും അത് തിരിച്ചറിയുന്നതിന് വിപണി മുന്നോട്ടു വരുന്നില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 45 ശതമാനം ബ്രാന്റുകളാണ് ഈ തലമുറയുടെ വിപണി സ്വഭാവങ്ങളെ മനസിലാക്കിയിട്ടുള്ളത്. അതില്‍ 15 ശതമാനം മാത്രമാണ് അവരിലേക്കെത്തുന്നതിനുള്ള ബിസിനസ് തന്ത്രങ്ങള്‍ സ്വീകരിക്കുന്നത്.