ജവാന്‍ സിനിമ തരംഗം; പി.വി.ആര്‍ ഐനോക്സ് ഓഹരികള്‍ മേലോട്ട്

ഷാരൂഖ് ഖാന്‍ വ്യത്യസ്ത റോളിൽ എത്തുന്ന ജവാന്‍ സിനിമയുടെ അലയൊലികളാണ് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിറയുന്നത്. ഇന്ത്യയില്‍ 80 കോടിയും ലോകമെമ്പാടുമായി 125 കോടിരൂപയും ആദ്യ ദിനം തന്നെ കളക്ഷന്‍ പ്രതീക്ഷിക്കുന്ന ചിത്രം ബോളിവുഡില്‍ തന്നെ ബുക്കിംഗ് കളക്ഷനില്‍ ഏറ്റവും മുന്നിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വരെ അഡ്വാന്‍സ് ബുക്കിംഗ് 25 കോടി രൂപ കവിഞ്ഞതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മള്‍ട്ടിപ്ലെക്‌സ് ഓപ്പറേറ്ററായ പി.വി.ആര്‍ ഐനോക്‌സിന്റെ ഓഹരികളിലും ഉണര്‍വ് പ്രകടമായി.

ഗദര്‍ 2 ഹിറ്റ് ആയത് മുതല്‍ ഉണര്‍വ് തുടര്‍ന്ന പി.വി.ആര്‍ ഓഹരികള്‍ ജവാന്റെ വരവോടെ വീണ്ടും ആവേശത്തിലായി. കഴിഞ്ഞ ഒരു മാസത്തില്‍ 15.5 ശതമാനവും കഴിഞ്ഞ 4 മാസത്തില്‍ 28 ശതമാനവും ഉയര്‍ന്ന ഓഹരി ഇന്ന് 1.3 ശതമാനം ഉയര്‍ന്ന് 1,851 രൂപയിലാണ് ക്ലോസ് ചെയ്തത്.

ബോളിവുഡില്‍ റെക്കോഡ്

സിനിമയുടെ 10,000 സ്‌ക്രീനിംഗാണ് ലോകത്തുടനീളമായി നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ദിവസം തന്നെ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു. അഡ്വാന്‍സ് ബുക്കിംഗിന്റെ കാര്യത്തില്‍ തന്നെ വന്‍ തരംഗം സൃഷ്ടിച്ച സിനിമ ഹിന്ദിയില്‍ 5,000 സ്‌ക്രീനിംഗും ദക്ഷിണേന്ത്യയില്‍ 1000 സ്‌ക്രീനിംഗും വേൾഡ് വൈഡ് റിലീസ് ആയി 4000 സ്‌ക്രീനിംഗുമാണ് സജ്ജമാക്കിയിരുന്നത്.

സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് തന്നെ റെക്കോഡായിരുന്നു. പഠാന്‍ സിനിമയുടെ 5.57 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. സിനിമ ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളില്‍ ഡബ്ബും ചെയ്തിട്ടുണ്ട്.

ഷാരൂഖിനെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നു. സിനിമയില്‍ ദീപികാ പദുക്കോണും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

സാന്യ മല്‍ഹോത്രയും മറ്റൊരു വേഷത്തില്‍ എത്തുന്നുണ്ട്. വിജയ് സേതുപതി, നയന്‍താര, യോഗിബാബു, പ്രിയാമണി തുടങ്ങിയ അനേകം ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സിനിമയുടെ ഭാഗമായത് വാണിജ്യപരമായും സിനിമയ്ക്ക് സഹായകമായി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it