ലോഞ്ച് ചെയ്തിട്ട് ആകെ രണ്ട് വര്‍ഷം: കിം കര്‍ദാഷിയാന്റെ അടിവസ്ത്ര ബ്രാന്‍ഡ് മൂല്യം 3.2 ബില്യണ്‍ ഡോളറിലെത്തി

അമേരിക്കന്‍ മോഡലും ബിസിനസുകാരിയുമായ കിം കര്‍ദാഷിയാന്റെ അടിവസ്ത്ര ബ്രാന്‍ഡായ 'സ്‌കിംസി'ന്റെ വിപണി മൂല്യം കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇരട്ടിയായി. ലോഞ്ച് ചെയ്ത് രണ്ടു വര്‍ഷം മാത്രമായ ബ്രാന്‍ഡിന്റെ മൊത്തം വിപണമൂല്യം ഇപ്പോള്‍ 3.2 ബില്യണ്‍ ഡോളറാണ്. വന്‍തോതില്‍ നിക്ഷേപകര്‍ പണമൊഴുക്കിയതോടെയാണ് വളര്‍ച്ചയില്‍ കുതിച്ചുചാട്ടമുണ്ടായത്.

കഴിഞ്ഞവര്‍ഷം വില്‍പ്പനയില്‍ 90 ശതമാനം വര്‍ധനയാണുണ്ടായത്. നടന്നത് 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന. ഈ വര്‍ഷം വില്‍പ്പന 400 മില്യണ്‍ ഡോളര്‍ കടക്കുമെന്നാണ് കണക്കാക്കുന്നത്.

2019ല്‍ സ്ഥാപിച്ച സ്‌കിംസ് ബ്രാന്‍ഡിനു കീഴില്‍ ഷേപ്വെയര്‍ ബോഡിസ്യൂട്ടും പജാമയും സ്വെറ്റ്പാന്റും ഷോര്‍ട്സുകളുമാണ് വില്‍ക്കുന്നത്.

വ്യാഴാഴ്ച 240 മില്യണ്‍ ഫണ്ട് കൂടി കമ്പനിയിലേക്ക് എത്തിയതോടെയാണ് വിപണി മൂല്യത്തില്‍ വന്‍ കുതിപ്പുണ്ടായത്. കാപിറ്റല്‍ മാര്‍ക്കറ്റ് കമ്പനിയായ ലോണ്‍ പൈന്‍ കാപിറ്റലിന്റെ ഹെഡ്ജ് ഫണ്ട് വഴിയാണ് ഭീമമായ തുക ഒറ്റയടിക്ക് കമ്പനിയിലെത്തിയത്.

ഡി1 കാപിറ്റര്‍ പാര്‍ട്ണേര്‍സ്, ഇമേജിനറി വെഞ്ച്വഴ്സ്, അലയന്‍സ് കണ്‍സ്യൂമര്‍ ഗ്രോത്ത്, ത്രൈവ് കാപിറ്റല്‍ തുടങ്ങിയ നിക്ഷേപകര്‍ ചേര്‍ന്നാണ് ഫണ്ടിംഗ് നടത്തിയത്. ഇതോടെ, നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടിംഗ് ഇനത്തില്‍ മാത്രം സ്‌കിംസ് കമ്പനിക്ക് 402 മില്യണ്‍ ഡോളര്‍ ലഭിച്ചു.

തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടുതലായി നിറവേറ്റാന്‍ ഫണ്ടിംഗ് സഹായിക്കുമെന്ന് കിം കര്‍ദാഷിയാന്‍ പ്രതികരിച്ചു. കിമ്മും ബിസിനസ് പങ്കാളിയും സിംക്സിന്റെ സിഇഒയുമായ ജെന്‍സ് ഗ്രേഡും കമ്പനിയില്‍ നിയന്ത്രണാധികാരമുള്ള ഷെയര്‍ എടുത്തിട്ടുണ്ട്. പുതിയ ഫണ്ടിംഗ് ഉപയോഗിച്ച് യു.കെ, ചൈന, ഓസ്ട്രേലിയ, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കൂടി കമ്പനിയെ വ്യാപിപ്പിക്കാനാണ് നീക്കം.

കമ്പനിയെ വളര്‍ത്തിയത് ഇന്‍സ്റ്റാഗ്രാം

കിം കര്‍ദാഷിയാന്റെ സ്റ്റാര്‍ പദവി തന്നെയാണ് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചത്. 283 മില്യണ്‍ ഫോളോവര്‍മാരുള്ള തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്തു. പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും സ്‌കിംസിന്റെ വസ്ത്രങ്ങള്‍ ഉപയോഗിച്ചാക്കി. ഇതോടെ വന്‍ ജനപ്രിയതയാണ് ബ്രാന്‍ഡിന് ലഭിച്ചത്. സ്‌കിംസ് കൂടാതെ, പണമുണ്ടാക്കാന്‍ കര്‍ദാഷിയാന് വേറെയും മാര്‍ഗങ്ങളുണ്ട്. കോസ്മെറ്റിക്സ്, പെര്‍ഫ്യും, മൊബൈല്‍ ഗെയിം, ടിവി ഷോ തുടങ്ങിയ വഴികളിലൂടെയും വരുമാനം ലഭിക്കുന്നുണ്ട്. ഫോര്‍ബ്സ് കണക്കുകള്‍ പ്രകാരം 1.2 ബില്യണ്‍ ഡോളറാണ് കിം കര്‍ദാഷിയാന്റെ സമ്പാദ്യം.

Related Articles

Next Story

Videos

Share it