നടി നമിത പ്രമോദും സംരംഭക വഴിയിലേക്ക്

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നമിതപ്രമോദ്. അഭിനയ രംഗത്തു നിന്നും ബിസിനസിലേക്ക് തിരിയുന്ന താരങ്ങള്‍ക്കൊപ്പം ഇനി നമിത പ്രമോദും ഉണ്ട്. ഇക്കഴിഞ്ഞ ദിവസം സര്‍പ്രൈസ് ആയിട്ടാണ് നമിത സോഷ്യല്‍മീഡിയയിലൂടെ തന്റെ സംരംഭകത്വ വിശേഷങ്ങള്‍ പങ്കുവച്ചത്.

രസകരമായിട്ടായിരുന്നു അത്. അച്ഛനും അമ്മയുമായി നിൽക്കുന്ന ഒരു ചിത്രം കഴിഞ്ഞയാഴ്ച നമിത പങ്കുവച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പറയാം എന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം ക്യാപ്ഷന്‍. ഇത് കണ്ട് കല്യാണമാണോ, Are you Getting Married ?? എന്നൊക്കെ പലരും ആ ചിത്രത്തിന് കമന്റുകളുമായി എത്തി.

പിന്നീട് നമിത ഒരു വീഡിയോ പുറത്തുവിട്ടു. 'Are you Getting Married ?? 'എന്ന സെലിബ്രിറ്റികളോടുള്ള ക്ലീഷേ ചോദ്യത്തോട്, ''ഞാന്‍ ശരിക്കും കല്യാണം കഴിക്കാനൊരുങ്ങുകയാണോ, നാളെ അഞ്ച് മണി വരെ കാത്തിരുന്നാല്‍ ആ വിശേഷം പങ്കുവയ്ക്കാ''മെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പറയുന്ന വീഡിയോയും പിന്നാലെ പോസ്റ്റ് ചെയ്തു. എന്നാല്‍ സംരംഭത്തിലേക്കിറങ്ങുന്ന നടിയുടെ വ്യത്യസ്തമായ പ്രൊമോഷന്‍ തന്നെയായിരുന്നു അത്.

പിറ്റേന്ന് അഞ്ച് മണിക്ക് തന്നെ നമിത തന്റെ പേജിലൂടെ ആ വിശേഷം പങ്കുവച്ചു, തന്റെ പുതിയ ബിസിനസ്. റസ്‌റ്റോറന്റ്- കഫെ സംയോജിപ്പിച്ചുകൊണ്ടുള്ള റസ്റ്റോ- കഫെയാണ് നമിത അവതരിപ്പിച്ചത്. സമ്മര്‍ ടൗണ്‍ കഫെ എന്ന തന്റെ ആദ്യ ബ്രാന്‍ഡ് ജീവിതത്തിലെ സുപ്രധാന ചുവടുവയ്പാണെന്നാണ് നടി വിശേഷിപ്പിച്ചത്.

പല ബിസിനസുകളുടെയും ബ്രാന്‍ഡ് മുഖമായിരുന്ന നടി ആദ്യമായാണ് സ്വന്തം ബിസിനസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അതുകൊണ്ടു തന്നെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിട്ടുള്ളത്. എറണാകുളത്ത് പനമ്പിള്ളി നഗറില്‍ ആരംഭിക്കുന്ന സമ്മര്‍ ടൗണ്‍ കഫെ 4th ക്രോസ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

പല സിനിമാ താരങ്ങളും സംരംഭങ്ങള്‍ ആരംഭിച്ചത് പനമ്പിള്ളി നഗറിലാണ്. പണ്ട് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിസ്മയ മാക്‌സ് സ്റ്റുഡിയോ മുതല്‍ പല താരങ്ങളുടെയും ബിസിനസുകൾക്ക് പനമ്പിള്ളി നഗർ ഇഷ്ട ഇടമായിട്ടുണ്ട്. നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രാണയും ജയസൂര്യയുടെ ഭാര്യ സരിത ജയസൂര്യ ബൂട്ടീക്കും പനമ്പിള്ളി നഗറിലാണ്. നടന്‍ കുഞ്ചന്റെ ഭാര്യ ശോഭ കുഞ്ചന്റെ ബ്യൂട്ടിപാര്‍ലറും നടന്‍ ആസിഫ് അലിയുടെ വോഫ്‌ള് സ്ട്രീറ്റുമെല്ലാം പനമ്പിള്ളി നഗര്‍ തന്നെ.

സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നമിത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലും പിന്നീട് സിനിമയില്‍ ചെറിയ റോളുകളും അവതരിപ്പിച്ചാണ് തന്റെ കരിയറിലേക്ക് പ്രവേശിച്ചത്. നമിത പ്രമോദിന്റെ പുതിയ ബിസിനസിലേക്ക്

Related Articles

Next Story

Videos

Share it