പാര്‍ക്കിംഗ് ഫ്രീ; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി; ന്യൂ ഇയര്‍ ആഘോഷമാക്കാന്‍ ദുബൈ

പുതുവര്‍ഷത്തെ ആഘോഷത്തോടെ വരവേല്‍ക്കാന്‍ സൗജന്യങ്ങളൊരുക്കി ദുബൈ അധികൃതരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ന്യൂ ഇയര്‍ അവധി മുതല്‍ നഗരവാസികള്‍ക്ക് ഫ്രീ പാര്‍ക്കിംഗ് വരെ ഒരുക്കിയാണ് ആഘോഷത്തെ കൊഴുപ്പിക്കുന്നത്. ദുബൈ മെട്രോ, ട്രാം എന്നിവ വിശ്രമമില്ലാതെ ഓടും. പുതുവര്‍ഷ തലേന്ന് നഗരം പ്രഭാപൂരിതമാകും. വിപണിയില്‍ ന്യൂ ഇയര്‍ ഡിസ്‌കൗണ്ട് സെയിലുകളും ആരംഭിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫ ഉള്‍പ്പടെയുള്ള പ്രധാന കെട്ടിടങ്ങളിലെ ലേസര്‍ ഷോകളും വെടിക്കെട്ടുകളും നഗരത്തെ സജീവമാക്കും. ഡിസംബര്‍ 31 ന് വൈകുന്നേരം മുതല്‍ നഗരത്തില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പ്രമുഖ ഹോട്ടലുകളില്‍ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പുതുവര്‍ഷ തലേന്ന് സുരക്ഷ ശക്തമാക്കുമെന്ന് ദുബൈ പോലീസ് അറിയിച്ചിട്ടുണ്ട്.

സൗജന്യ പാര്‍ക്കിംഗ് സൗകര്യം

ജനുവരി ഒന്നിന് ദുബൈയിലെ മള്‍ട്ടി സ്റ്റോറി പാര്‍ക്കിംഗ് ഒഴികെയുള്ള എല്ലാ പാര്‍ക്കിംഗ് ഏരിയകളും സൗജന്യമാക്കിയതായി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി അറിയിച്ചു. ജനുവരി രണ്ട് മുതല്‍ ഫീസ് ഈടാക്കും.

ദുബൈ മെട്രോയും ട്രാമും തുടര്‍ച്ചയായി 43 മണിക്കൂര്‍ സര്‍വ്വീസ് നടത്തും. ഡിസംബര്‍ 31 രാവിലെ അഞ്ചു മണി മുതല്‍ ജനുവരി ഒന്നിന് അര്‍ധരാത്രി വരെയാണ് മെട്രോയുടെ ഇടവേളകളില്ലാത്ത യാത്ര. ട്രാം സര്‍വ്വീസ് ഡിസംബര്‍ 31 രാവിലെ ആറ് മുതല്‍ ജനുവരി രണ്ടിന് പുലര്‍ച്ചെ ഒരു മണിവരെയുണ്ടാകും. പബ്ലിക് ബസ് സര്‍വ്വീസ്, വാട്ടര്‍ ടാക്‌സി എന്നിവയുടെ സമയവും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

ജനുവരി 1 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ദുബൈ മാനവ വിഭവ ശേഷി വകുപ്പ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, അവശ്യ സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും. ജോലി സമയം പുനക്രമീകരിക്കാന്‍ ഈ വകുപ്പുകള്‍ക്ക് അനുമതി നല്‍കി.

ബുര്‍ജ് ഖലീഫക്ക് പുറമെ വിവിധ ഹോട്ടുകളിലും പുതുവര്‍ഷ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അറ്റ്‌ലാന്റിസ് പാം, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലും ലേസര്‍ ഷോ, വെടിക്കെട്ട് എന്നിവ നടക്കും. ഗ്ലോബല്‍ വില്ലേജിലും ദുബൈ ഫെസ്റ്റിവെല്‍ സിറ്റി മാളിലും കുടുംബങ്ങള്‍ക്ക് ഒത്തു ചേരുന്നതിനുള്ള സൗകര്യമൊരുക്കും. റസ്റ്റോറന്റുകളില്‍ പ്രത്യേക ഡിന്നര്‍ പ്ലാനുകളുണ്ട്. പുതുവര്‍ഷം മരുഭൂമിയില്‍ ആഘോഷിക്കാന്‍ വിവിധ കമ്പനികള്‍ ഡെസര്‍ട്ട് സഫാരികളും ആസൂത്രണം ചെയ്യുന്നുണ്ട്.

Related Articles
Next Story
Videos
Share it