Begin typing your search above and press return to search.
ആളില്ലാതെ 450 തിയറ്ററുകള്‍ അടച്ചിട്ടത് പഴങ്കഥ, നാല് ദിവസത്തില്‍ കല്‍കി നേടിയത് 550 കോടി; തെലുങ്ക് സിനിമയ്ക്ക് വീണ്ടും നല്ലകാലം
പ്രഭാസ് നായകനായ 'കല്‍കി 2898 എ.ഡി' സിനിമയ്ക്ക് റെക്കോഡ് നേട്ടം. പ്രദര്‍ശനം തുടങ്ങി നാല് ദിവസത്തിനുള്ളില്‍ സിനിമ 500 കോടി ക്ലബ്ബിലെത്തിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നാല് ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍ 550 കോടി രൂപയാണ്. ജൂണ്‍ 27ന് റിലീസ് ചെയ്ത സിനിമ അടുത്ത ദിവസങ്ങളില്‍ തന്നെ 1,000 കോടി ക്ലബ്ബിലെത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലെ കളക്ഷന്‍ 306 കോടി
റിലീസ് ചെയ്ത ദിവസം മുതല്‍ പണം വാരുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സിനിമ ഇതുവരെ ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്ന് സമാഹരിച്ചത് 306 കോടി രൂപയാണ്. തെലുങ്ക് പതിപ്പില്‍ നിന്ന് മാത്രം 168.7 കോടി രൂപ ലഭിച്ചപ്പോള്‍ ഹിന്ദി പതിപ്പില്‍ നിന്നും 100 കോടി കിട്ടി. പ്രഭാസിന്റെ നാലാമത്തെ സിനിമയുടെ ഹിന്ദി പതിപ്പാണ് 100 കോടിയിലെത്തുന്നത്. നേരത്തെ ബാഹുബലി, ആദിപുരുഷ്, സലാര്‍ എന്നീ സിനിമകളും ഹിന്ദിയില്‍100 കോടി കടന്നിരുന്നു.
600 കോടി
നാഗ് അശ്വിന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രഭാസിന് പുറമെ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിശാ പട്ടാണി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ടെ, മൃണാല്‍ താക്കൂര്‍, രാം ഗോപാല്‍ വര്‍മ, എസ്.എസ് രാജമൗലി തുടങ്ങിയവര്‍ അതിഥി റോളുകളിലും സിനിമയിലുണ്ട്. 600 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ചിത്രം 2ഡിയിലും 3ഡിയിലും കാണാം.
തെലുങ്ക് സിനിമയ്ക്ക് നല്ലകാലം വീണ്ടും
2024ന്റെ തുടക്കത്തില്‍ മലയാള സിനിമ ഹിറ്റുകള്‍ കൊണ്ട് തിയറ്ററുകള്‍ നിറച്ചപ്പോള്‍ കാണാനാളില്ലാതെ സിനിമാ കൊട്ടകള്‍ പൂട്ടിയിടേണ്ട അവസ്ഥയായിരുന്നു തെലുങ്ക് സിനിമയ്ക്ക്. സിനിമ കാണാന്‍ 10 പേര് പോലും തികച്ചില്ലാതെ വന്നതോടെ കഴിഞ്ഞ മേയില്‍ 450ഓളം തിയറ്ററുകള്‍ ദിവസങ്ങളോളം അടച്ചിട്ടിരുന്നു. മികച്ച സിനിമകളൊന്നും ഇറങ്ങാത്തതാണ് തിരിച്ചടിയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഒരുമിച്ചെത്തിയതും വിനയായി. ഈ വര്‍ഷം 130ലധികം തെലുങ്ക് സിനിമകള്‍ ഇറങ്ങിയെങ്കിലും കുറച്ചെണ്ണത്തിന് മാത്രമാണ് ബോക്‌സ് ഓഫീസില്‍ തിളങ്ങാനായൺത്. ഹനുമാന്‍, ടില്ലു സ്‌ക്വയര്‍ എന്നീ സിനിമകള്‍ മാത്രമാണ് അല്‍പമെങ്കിലും കളക്ഷന്‍ നേടിയത്. ഇതിനിടയിലാണ് തെലുങ്ക് സിനിമയിലെ മറ്റ് സിനിമകളെ അപേക്ഷിച്ച് കാര്യമായ പ്രൊമോഷനൊന്നുമില്ലാതെ കല്‍ക്കി ബോക്‌സ് ഓഫീസില്‍ തരംഗമായത്.
Next Story
Videos