ജനപ്രീതിയില്‍ മുന്നില്‍ കിംഗ് ഖാന്‍ തന്നെ; ₹1,000 കോടി കളക്ഷന്‍ പിന്നിട്ട് ജവാനും

ബോക്‌സ് ഓഫീസില്‍ 1,000 കോടി ക്ലബില്‍ ഇടം പിടിച്ച് വീണ്ടുമൊരു ഷാരൂഖ് ഖാന്‍ ചിത്രം. നിർമാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌ ഇന്നലെ പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ആറ്റ്‌ലിയുടെ സംവിധാന മികവില്‍ എത്തിയ 'ജവാന്‍' നേടിയത് 1004.92 കോടി രൂപയുടെ കളക്ഷന്‍. ഇതോടെ തുടര്‍ച്ചയായ രണ്ട് ചിത്രങ്ങള്‍ 1,000 കോടി ക്ലബില്‍ എത്തുന്ന ആദ്യ നടനായി 'കിംഗ്' ഖാന്‍ മാറി.

തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ ഇടവേള എടുത്ത ഷാരൂഖ് 'പഠാനി'ലൂടെയാണ് ഗംഭീര തിരിച്ചു വരവ് നടത്തിയത്. പിന്നാലെ എത്തിയ ജവാനും കളക്ഷന്‍ റെക്കോഡുകള്‍ ഭേദിക്കുമ്പോള്‍ ആരാധക പ്രതീ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഷാരൂഖ് തെളിയിക്കുന്നു. പഠാന് കിട്ടിയ പ്രതികരണം ആദ്യ ദിനങ്ങളില്‍ ജവാന് ലഭിച്ചില്ലെങ്കിലും പിന്നീട് ചിത്രത്തെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

1,000 കോടി ക്ലബില്‍ കടന്നത് ആഘോഷമാക്കാന്‍ കിംഗ് ഖാന്‍ ആരാധകര്‍ മുംബൈ ഗെയ്റ്റി ഗാലക്‌സി സിനിമയ്ക്ക് മുന്നില്‍ പാട്ടും ഡാന്‍സുമായി തടിച്ചുകൂടി.


33 ദിവസം കൊണ്ടാണ് ജവാന്‍ 1,000 കോടി ക്ലബില്‍ ഇടം പിടിച്ചത്. ഇനി പഠാന്റെ റെക്കോഡായ 1,050 കോടി ജവാന്‍ മറികടക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

ഹിന്ദി, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 7ന് തീയറ്ററുകളിലെത്തിയ ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, സാന്‍യ മല്‍ഹോത്ര, പ്രിയാമണി, റിദ്ദി ധോഗ്ര തുടങ്ങിയവരുമുണ്ട്.

ബോളിവുഡിലെ അരങ്ങേറ്റ ചിത്രം തന്നെ 1,000 കോടി ക്ലബില്‍ എത്തിച്ച സംവിധായകന്‍ എന്ന നേട്ടം ജവാനിലൂടെ ആറ്റ്‌ലി സ്വന്തമാക്കി. തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ 1,000 കോടി ക്ലബിലെത്തിച്ച സംവിധായന്‍ രാജമൗലിയാണ്.

Related Articles

Next Story

Videos

Share it