ഷോര്‍ട്ട് ഫിലിമുകള്‍ക്ക് സ്വീകാര്യതയേറുന്നു, അവസരങ്ങളും

മാര്‍ച്ച് എട്ടിന് അന്തര്‍ദേശീയ വനിതാദിനത്തിലാണ് യൂട്യൂബിലെ മൂവിരാജ എന്ന പ്ലാറ്റ്ഫോമില്‍ ടോം മങ്ങാട്ടിന്റെ വിമന്‍സ് ഡേ എന്ന ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തോളം പേരാണ് വിമന്‍സ് ഡേ കണ്ടത്. ഒടിടിയിലൂടെ വിജയം കൊയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയുടെ പ്രമേയത്തിന് സമാനമായ സ്ത്രീ വിഷയത്തിലൂന്നി അവതരിപ്പിച്ച വിമന്‍സ് ഡേയുടെ വിജയം ചൂണ്ടിക്കാട്ടുന്നത് മലയാളികളുടെ ഷോര്‍ട്ട് ഫിലിമുകളോടുള്ള മനോഭാവത്തില്‍ വന്ന മാറ്റം തന്നെയാണ്. ഒരു കാലത്ത് പ്രണയവും കോമഡിയും അവതരിപ്പിച്ചുപോന്നിരുന്ന മലയാള ഷോര്‍ട്ട്ഫിലിം രംഗം ഗൗരവ വിഷയങ്ങള്‍ പ്രമേയമാക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഈയടുത്തകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഏറെ സ്വീകാര്യമായതിന് പിന്നിലെ കാരണവും ഇതാണ്. മുന്‍നിര താരങ്ങള്‍ സിനിമകളില്‍ മാത്രം അഭിനയിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഷോര്‍ട്ട് ഫിലിമുകളിലും സജീവമാകാന്‍ തുടങ്ങി. ഷോര്‍ട്ട് ഫിലിം സിനിമ പോലെ തന്നെയുള്ളൊരു മാധ്യമമാണെന്ന തോന്നല്‍ കാണികളിലും ഉടലെടുത്തിരിക്കുന്നു. മലയാള ഷോര്‍ട്ട് ഫിലിം രംഗത്തിന് പുതിയൊരു മുഖം രൂപപ്പെടുകയാണ് ഇതിലൂടെ.
''സിനിമയിലേക്കുള്ള ഒരു പോര്‍ട്ട് ഫോളിയോ, അല്ലെങ്കില്‍ പാഷന്‍, ഇതുകൊണ്ടൊക്കെയാണ് പലരും ഷോര്‍ട്ട് ഫിലിം രംഗത്തേക്ക് വരാന്‍ കാരണം. എന്നാല്‍ ഹിന്ദി ഭാഷയിലൊക്കെ പ്രധാന നടന്‍മാരൊക്കെ തന്നെ അഭിനയിക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ പുറത്തിറങ്ങുന്നുണ്ട്. ഇതിലേക്കുള്ള ഒരു തുടക്കമാണ് മലയാളത്തിലും ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്'' ടോം മാങ്ങാട്ട് പറയുന്നു.
വേണ്ടത് ക്വാളിറ്റി
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സമൂഹത്തില്‍ ശ്രദ്ധിക്കാതെ പോകുന്നവരുടെ ഗൗരവമായ വിഷയങ്ങള്‍ നല്ല ക്വാളിറ്റി കണ്ടന്റോടെ അവതരിപ്പിച്ചാല്‍ നല്ല സ്വീകാര്യതയും നല്ല റീച്ചും നേടാന്‍ കഴിയും. ''സമൂഹത്തോട് ചില കാര്യങ്ങള്‍ പറയണമെന്ന് തോന്നി, അത് എന്നെ ഒരു ആശയത്തിലേക്കെത്തിച്ചു. അതാണ് വിമന്‍സ് ഡേ എന്ന ഷോര്‍ട്ട് ഫിലിമിന്റെ പിറവിക്ക് കാരണം''. പലര്‍ക്കും തങ്ങളുടെ ജീവിതമാണ് ഷോര്‍ട്ട് ഫിലിം പറയുന്നതെന്ന എക്‌സ്പിരിയന്‍സ് നല്‍കാന്‍ കഴിഞ്ഞതാണ് വിമന്‍സ് ഡേയുടെ വിജയത്തിന്റെ പിന്നിലെ രഹസ്യ മെന്ന് ടോം മാങ്ങാട്ട് ചൂണ്ടിക്കാട്ടുന്നു. കാണുന്നവര്‍ക്ക് ആ ഷോര്‍ട്ട്ഫിലിമുമായി താദാത്മ്യം പ്രാപിക്കുന്നവയായിരിക്കണം വിഷയമായി എടുക്കേണ്ടത്.
ഷോര്‍ട്ട് ഫിലിമുകളെ സീരിയസായി കാണുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ഈയടുത്തകാലത്തായി വന്‍വര്‍ധനവാണുണ്ടായിട്ടുള്ളത്. ഒരു സിനിമ റിവ്യു പോലെ തന്നെ ഷോര്‍ട്ട് ഫിലിമുകളുടെ റിവ്യുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരുണ്ട്്. എന്നാല്‍ നിലവില്‍ ഷോര്‍ട്ട് ഫിലിമുകള്‍ക്കായി നല്ലൊരു പ്ലാറ്റ്‌ഫോം മലയാളത്തിലില്ല. ഒരുപാട് ഷോര്‍ട്ട് ഫിലിമുകളുണ്ടെങ്കിലും പലരും പല ചാനലുകളിലൂടെയാണ് പുറത്തിറക്കുന്നത്.
ഗൗരവമായ ഒരു വിഷയം സമൂഹത്തോട് പറയുന്നതിനൊപ്പം വരുമാനത്തിനുള്ള അവസരവും ഷോര്‍ട്ട് ഫിലിമുകള്‍ നല്‍കുന്നു. യൂട്യൂബില്‍ കാണികള്‍ കൂടുമ്പോഴുള്ള വരുമാനത്തിനപ്പുറം ഇന്‍ഹൗസായി അഡൈ്വര്‍ടൈസ്‌മെന്റുകള്‍ നല്‍കി പ്രൊഡക്ഷന്‍ സമയത്ത് തന്നെ നല്ലൊരു വരുമാനവും നേടാവുന്നതാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it