വേഗത്തില്‍ വളരുന്ന കായിക ഇനം, ട്രെന്‍ഡ് ആയി പിക്കിള്‍ ബോള്‍

ഒരു പക്ഷെ നിങ്ങള്‍ ആദ്യമായിട്ടാവും പിക്കിള്‍ ബോള്‍ എന്ന പേര് കേള്‍ക്കുന്നത്. എന്നാല്‍ അമേരിക്കക്കാര്‍ക്ക് അങ്ങനെ അല്ല. അവരുടെ നാട്ടില്‍ ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കായിക വിനോദമാണ് പിക്കിള്‍ ബോള്‍. രൂപത്തിലും ഭാവത്തിലുമെല്ലാം ടെന്നീസ് കളിയെ അനുസ്മരിപ്പിക്കുന്ന പിക്കിള്‍ ബോളിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുമോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ വരെ അമേരിക്കയില്‍ സജീവമാണ്.

തുടങ്ങിയത് ബോറഡി മാറ്റാന്‍

1965ല്‍ ആണ് പിക്കിള്‍ ബോളിന്റെ ജനനം. ഗോള്‍ഫ് കളി കഴിഞ്ഞ് വീട്ടിലെത്തിയ ജോയല്‍ പ്രിച്ചാര്‍ഡ്, ബില്‍ ബെല്‍ എന്നീ സുഹൃത്തുക്കള്‍ ബോറഡിച്ചിരുന്ന കുട്ടികള്‍ക്ക് പഴയ ടെന്നീസ് കോര്‍ട്ടില്‍ ഒരു ഗെയിം കളിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുത്തു. ടേബിള്‍ ടെന്നീസിന്റെ പാഡിലും (ബാറ്റ്) പ്ലാസ്റ്റിക്ക് ബോളും കൊണ്ട് തുടങ്ങിയ ആ ഗെയിം ആണ് ഇന്ന് പിക്കിള്‍ ബോളായി പരിണമിച്ചത്. പിക്കിള്‍ ബോളെന്ന പേര് നല്‍കിയതും അവര്‍ തന്നെയായിരുന്നു.

1967ല്‍ പ്രിച്ചാര്‍ഡിന്റെ അയല്‍ക്കാരനായ ബോബ് ഒബ്രിയാന്‍ പിക്കിള്‍ ബോളിന് വേണ്ടി മാത്രമുള്ള ആദ്യ ക്വാര്‍ട്ട് തയ്യാറാക്കി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിക്കിള്‍ ബോളിനെ സംരംക്ഷിക്കാന്‍ ഒരു സംഘടനയ്ക്കും രൂപം നല്‍കി. 1990 ആയപ്പോഴേക്കും അമേരിക്കയിലെ 50 സ്‌റ്റേറ്റിലും പിക്കിള്‍ ബോള്‍ സാന്നിധ്യമറിയിച്ചു. 2005ല്‍ രൂപീകരിക്കപ്പെട്ട യുഎസ്എ പിക്കിള്‍ ബോള്‍ അസോസിയേഷന്‍ പിക്കിള്‍ ബോളിന് കൃത്യമായ നിയമങ്ങളും മറ്റും കൊണ്ടുവന്നു. ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ് എന്നിവയുമായെല്ലാം പിക്കിള്‍ ബോളിന് സമാനതകളുണ്ട്.

പിക്കിള്‍ ബോള്‍ ഇന്ത്യയിലേക്കും





ഇന്ത്യയിലുള്‍പ്പടെ ഇരുപതില്‍ അധികം രാജ്യങ്ങളില്‍ ഇന്ന് പിക്കിള്‍ ബോള്‍ പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ പിക്കിള്‍ ബോള്‍ പ്രചരിപ്പിക്കുന്നത് 2006ല്‍ കാനഡയില്‍ നിന്നെത്തിയ സുനില്‍ വാലവല്‍ക്കാര്‍ എന്ന വ്യക്തിയാണ്. ഇന്ത്യയില്‍ അഖിലേന്ത്യ പിക്കിള്‍ ബോള്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ 16 സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത ഏകദേശം 3,000 പിക്കിള്‍ ബോള്‍ പ്ലെയേഴ്‌സുണ്ട്.

മറ്റ് റാക്കറ്റ് ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി ആര്‍ക്കും എളുപ്പത്തില്‍ പഠിക്കാമെന്നതാണ് പിക്കിള്‍ ബോളിനെ ജനപ്രിയമാക്കുന്നത്. വേള്‍ഡ് ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, സ്പാനിഷ് ഓപ്പണ്‍ തുടങ്ങി നിരവധി പിക്കിള്‍ ബോള്‍ ടൂര്‍ണമെന്റുകളും നടത്തപ്പെടുന്നുണ്ട്. കോവിഡ് കാലത്താണ് പിക്ക്‌ബോളിന്റെ പ്രചാരം വര്‍ധിക്കുന്നത്. 2019-20 കാലയളവില്‍ അമേരിക്കയില്‍ പിക്കിള്‍ ബോള്‍ കളിക്കുന്നവരുടെ എണ്ണം 21.3 ശതമാനത്തോളം ആണ് വര്‍ധിച്ചത്. അമേരിക്കയില്‍ മാത്രം വിനോദത്തിനും അല്ലാതെയും പിക്കിള്‍ ബോള്‍ കളിക്കുന്നവരുടെ എണ്ണം 5 മില്യണിനും മുകളിലാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it