വെബ് സ്‌പേസിൽ തിളക്കം കൂട്ടാനൊരുങ്ങി ടൊവിനോ തോമസ്, യൂഡ്‌ലീ ഫിലിംസുമായി കൈകോര്‍ത്തു!
സരെഗമ ഇന്ത്യയുടെ വെബ് കണ്ടന്റ് പ്രൊഡക്ഷൻ വിഭാഗമാണ് യൂഡ്‌ലീ
സരെഗമ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഫിലിം, വെബ് കണ്ടന്റ് പ്രൊഡക്ഷന്‍ ഹൗസായ യൂഡ്‌ലീ ഫിലിംസുമായി Yoodlee Films കൈകോര്‍ത്ത് മലയാളി താരം ടൊവിനോ തോമസ്. യൂഡ്‌ലീയുടെ ബഹുഭാഷാ സിനിമ, ടി വി ഷോ നിര്‍മ്മാണത്തില്‍ ആണ് ടൊവിനോ പങ്കാളിയായിരിക്കുന്നത്.
നെറ്റ്ഫ്‌ളിക്‌സില്‍ മിന്നല്‍ മുരളി ചിത്രം സംപ്രേക്ഷണം ചെയ്തത് മുതല്‍ താരത്തിന്റെ ദേശീയ തലത്തിലുള്ള ഇത്തരമൊരു വാര്‍ത്തയെക്കുറിച്ച് മോളിവുഡ് അണിയറപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ പരന്നിരുന്നു. മിന്നല്‍ മുരളിയുടെ മിന്നും പ്രകടനത്തിനു ശേഷം നെറ്റ്ഫ്‌ളിക്‌സിലെ 2021 ലെ മികച്ച പെര്‍ഫോമേഴ്‌സിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആക്‌റ്റേഴ്‌സ് റൗണ്ട് ടേബ്ള്‍ 2021 എന്ന പരിപാടിയിലും ടൊവിനോ അതിഥിയായെത്തിയിരുന്നു.
തപ്‌സീ പന്നു, രവീണ ടണ്ടന്‍, സാന്യ മല്‍ഹോത്ര, ആദര്‍ശ് ഗൗരവ് തുടങ്ങി ബോളിവുഡിലെ മുന്‍നിരക്കാരുമായി അന്ന് ചര്‍ച്ച നടത്തിയ ചിത്രം ടൊവിനോ പുറത്തുവിട്ടിരുന്നു. എന്നാല്‍ യൂഡ്‌ലീയുമായി കൈകോര്‍ത്ത വിവരം താരം തന്റെ സോഷ്യല്‍മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടില്ല.
താരത്തിന്റെ ആഷിക് അബു സംവിധാനം ചെയ്ത ചിത്രം നാരദനും പ്രൈം വിഡിയോയില്‍ ഇപ്പോള്‍ സംപ്രേക്ഷണം നടക്കുന്നുണ്ട്. ഒ ടി ടി റിലീസുകള്‍ക്കൊപ്പം ദേശീയ തലത്തിലെ എന്റര്‍ട്ടെയ്‌ന്മെന്റ് ബിസിനസ് പ്രമുഖരുമായുള്ള ടൊവിനോയുടെ പുതിയ പ്രവര്‍ത്തനങ്ങളും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടുണ്ട്.