Begin typing your search above and press return to search.
രജനിയുടെ 'ജെയിലറെ' കടത്തിവെട്ടി, 'കൊത്ത'യുടെ റെക്കോഡും തകര്‍ന്നു; പണംവാരിപ്പടമാകാന്‍ വിജയ് ചിത്രം 'ലിയോ'
ബോക്‌സ് ഓഫീസില്‍ പണം വാരുമോ ഇളയ ദളപതി വിജയ് നായകനാകുന്ന തമിഴ് ചിത്രം ലിയോ? സിനിമയുടെ ബുക്കിംഗ് ആരംഭിച്ച ആദ്യ ഒരു മണിക്കൂറില്‍ മാത്രം 80,000 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്നലെ രാവിലെ 10നാണ് കേരളത്തില്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.
വാട്ട് ദി ഫസ് (What The Fuss) എന്ന ചാനല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത് പ്രകാരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി കേരളത്തില്‍ മാത്രം 6 കോടി രൂപയുടെ ടിക്കറ്റാണ് വിറ്റഴിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്തയുടെ 3.43 കോടിയുടെ റെക്കോഡാണ് ലിയോ തകര്‍ത്തത്. 2,436 ഷോകളിലായി 3,99,169 പേര്‍ ടിക്കറ്റ് സ്വന്തമാക്കി കഴിഞ്ഞു. റിലീസ് ദിനത്തിലെ മൊത്തം തീയറ്റര്‍ ഒക്യുപെന്‍സിയുടെ 58.22 ശതമാനവും ബുക്കിംഗ് ആയി. തീയറ്ററുകള്‍ വഴിയും ഫാന്‍ ഷോ വഴിയുമുള്ള കണക്കുകള്‍ പുറത്തുവരാനുണ്ട്.
രജനീകാന്ത് ചിത്രമായ ജെയ്‌ലര്‍ ആദ്യദിനത്തില്‍ നേടിയ 5.85 കോടിയുടെ കളക്ഷനും ഇതോടെ പഴങ്കഥയാവുകയാണ്.
ബുക്ക് മൈ ഷോ, പേയ്ടിഎം., ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷനുകൾ വഴിയും വെബ്‌സൈറ്റ് വഴിയും ഉള്ള വില്‍പ്പന കൂടാതെ തീയറ്റുകളില്‍ ഓഫ്‌ലൈന്‍ വില്‍പ്പനയുമുണ്ട്.
ചിത്രം പുറത്തിറങ്ങാന്‍ മൂന്ന് ദിവസം ശേഷിക്കേ ആവേശത്തിലാണ് ഫാന്‍സുകാര്‍. ബൈക്ക് റാലി ഉള്‍പ്പെടെ നിരവധി പ്രമോഷണല്‍ പരിപാടികളാണ് ഫാന്‍സുകാരുടെ നേതൃത്വത്തില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്നത്.
കേരളത്തില്‍ ആദ്യം കാണാം
തമിഴ്‌നാടിനേക്കാള്‍ മുന്‍പ് കേരളത്തില്‍ റിലീസ് ചെയ്യുമെന്നൊരു പ്രത്യേകത കൂടിയുണ്ട് ലിയോയ്ക്ക്. സംസ്ഥാനത്ത് പുലര്‍ച്ചെ നാല് മുതല്‍ ഷോകള്‍ ആരംഭിക്കും. തുടര്‍ന്ന് രാവിലെ 7.15, 10.30, ഉച്ചക്ക് രണ്ടിന്, വൈകിട്ട് 5.30, രാത്രി 9, 11.59 എന്നിങ്ങനെ ആദ്യ ദിനം മൊത്തം ഏഴ് ഷോകളുണ്ടാകും. കര്‍ണാടകയിലും നാല് മണി ഷോയുണ്ട്. തമിഴ്‌നാട്ടില്‍ നാല് മണി ഷോയുണ്ടാകില്ല.
കേരളത്തില്‍ മാത്രം 600ലേറെ സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണ് സിനിമയുടെ കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചിരിക്കുന്നത്.
2021ല്‍ ഇറങ്ങിയ മാസ്റ്ററിനു ശേഷം സംവിധായകന്‍ ലോകേഷ് രാജും വിജയിയും ഒരുമിക്കുന്ന ചിത്രമാണ് ലിയോ. വിജയിയുടെ ജോഡിയായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തൃഷയാണ് നായിക. ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് ഈ സിനിമിയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
Next Story
Videos