വണ്ടര്‍ല കൊച്ചിയില്‍ ഇനി 'വിമാനയാത്രയും' നടത്താം; എയര്‍ റേസ് റൈഡിന് തുടക്കംകുറിച്ച് ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍

വണ്ടര്‍ല കൊച്ചിയില്‍ ഇനി കൂടുതല്‍ ത്രില്‍ പകരാന്‍ എയര്‍ റേസ് റൈഡും. ശരിക്കും ഒരു വിമാനയാത്ര നടത്തിയ അനുഭവം ഏവര്‍ക്കും സമ്മാനിക്കുന്ന ഹൈ ത്രില്‍ റൈഡായ എയര്‍ റേസിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അര്‍ജുന്‍ അശോകന്‍ നിര്‍വഹിച്ചു. അവധിക്കാലം ആഘോഷമാക്കാനെത്തുന്നവര്‍ക്ക് മികച്ച ത്രില്‍ തന്നെ പുത്തന്‍ റൈഡ് സമ്മാനിക്കുമെന്ന് വണ്ടര്‍ല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സിന്റെ കൊച്ചി പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് പുത്തന്‍ ആനന്ദവും ത്രില്ലും ആസ്വാദനവും സമ്മാനിക്കാന്‍ പുതിയ റൈഡുകള്‍ ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് എയര്‍ റേസ് സജ്ജമാക്കിയത്. ബാലരമ കേവ്‌സിന് പകരമായാണ് ഈ റൈഡ് സ്ഥാപിച്ചത്.
പുത്തൻ റൈഡ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ചലച്ചിത്രതാരം അർജുൻ അശോകൻ. വണ്ടർല ഹോളിഡേയ്സ് മാനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി,​ വണ്ടർല കൊച്ചി പാർക്ക് ഹെഡ് എം.എ. രവികുമാർ തുടങ്ങിയവ‌ർ സമീപം

ബാലരമ കേവ്‌സ് ഏവര്‍ക്കും ഇഷ്ടമായിരുന്നെന്നും തന്റെ കുട്ടിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം വന്നത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നും അര്‍ജുന്‍ അശോകന്‍ പറഞ്ഞു. ബാലരമ കേവ്‌സ് വീണ്ടും കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് അരുണ്‍ കെ. ചിറ്റിലപ്പിള്ളിയും പാര്‍ക്ക് ഹെഡ് എം.എ. രവികുമാറും പറഞ്ഞു.
വിമാനയാത്ര സമ്മാനിക്കുന്ന റൈഡ്!
വിമാനയാത്ര നടത്തിയ അനുഭവം സമ്മാനിക്കുന്ന ത്രില്ലര്‍ റൈഡാണ് എയര്‍ റേസ്. ഇറ്റാലിയന്‍ കമ്പനിയായ സാംപെര്‍ല (Zamperla) നിര്‍മ്മിച്ച റൈഡാണിത്. 12.6 കോടി രൂപയാണ് ചെലവ്. ഒരേസമയം 24 പേര്‍ക്ക് റൈഡ് ആസ്വദിക്കാം. വണ്ടര്‍ലയുടെ പാര്‍ക്കുകളില്‍ ഓരോ പ്രാവശ്യവും വരുന്നവര്‍ക്ക് പുത്തന്‍ അനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റൈഡുകള്‍ സ്ഥാപിക്കുന്നതെന്നും ഏപ്രില്‍-മേയ് അവധിക്കാലം വണ്ടര്‍ലയില്‍ ഉത്സവകാലം തന്നെയായിരിക്കുമെന്നും അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ഒഡീഷ പാര്‍ക്ക് ഉടന്‍
നിലവില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വണ്ടര്‍ല അമ്യൂസ്‌മെന്റ് പാര്‍ക്കുകളുള്ളത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2000ല്‍ കൊച്ചിയില്‍ തുടക്കമിട്ടതാണ് വീഗാലാന്‍ഡ്. പിന്നീട് ബ്രാന്‍ഡ് നാമം വണ്ടര്‍ല എന്ന് മാറ്റി. ഇതിനകം വണ്ടര്‍ല പാര്‍ക്കുകള്‍ സന്ദര്‍ശിച്ചത് 4 കോടിയിലധികം പേരാണ്.
മൂന്ന് പാര്‍ക്കുകളിലുമായി 160ലധികം റൈഡുകളുണ്ട്. കൊച്ചി പാര്‍ക്കില്‍ 57 റൈഡുകളാണുള്ളത്; കുട്ടികള്‍ക്കായി പ്രത്യേക റൈഡുകളുമുണ്ട്. രജത ജൂബിയിലേക്ക് കടക്കുകയാണ് അടുത്തവര്‍ഷം കൊച്ചി പാര്‍ക്ക്. ഇതോടനുബന്ധിച്ച് കൂടിയാണ്, കൂടുതല്‍ സാങ്കേതിക മികവോടെയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയും പുതിയ റൈഡുകള്‍ സ്ഥാപിക്കുന്നത്. വാട്ടര്‍ റൈഡ്‌സ് മാറ്റിവരികയാണെന്ന് എം.എ. രവികുമാര്‍ പറഞ്ഞു.
ഒഡീഷയിലും (ഭുവനേശ്വര്‍), ചെന്നൈയിലും വണ്ടര്‍ല പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മേയ്-ജൂണോടെ ഭുവനേശ്വര്‍ പാര്‍ക്ക് തുറക്കുമെന്ന് അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it