ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സന്തോഷിക്കാന്‍ എന്തുണ്ട്?

കേന്ദ്ര ബജറ്റ് 2022 സന്തുലിതവും ഫ്യൂച്ചറിസ്റ്റിക്കുമാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാകുന്ന കാര്യങ്ങളേക്കാള്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമഗ്രമായ മാറ്റം വരുത്താനുതകുന്ന പലതും നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്.

പശ്ചാത്തലസൗകര്യ വികസനത്തിന് നല്‍കുന്ന ഊന്നല്‍, കാര്‍ഷികമേഖലയ്ക്ക് നല്‍കിയിരിക്കുന്ന പ്രാമുഖ്യം, ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിനുള്ള പദ്ധതികള്‍, ഫിന്‍ടെക് രംഗത്തിനുള്ള പ്രാധാന്യം എന്നിവയെല്ലാം ബജറ്റിനെ സന്തുലിതവും ഫ്യൂച്ചറിസ്റ്റിക്കുമായി മാറ്റിയിട്ടുണ്ട്.

പദ്ധതികളും പ്രഖ്യാപനങ്ങളും ഒട്ടേറെ മുന്‍കാലങ്ങളിലുണ്ടായിട്ടുണ്ടെങ്കിലും അതിന്റെ നടപ്പാക്കല്‍ ഘട്ടത്തില്‍ പാളിച്ച സംഭവിക്കുന്നതും പതിവാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതി നടപ്പാക്കല്‍ ഉറപ്പാക്കാനും ശ്രദ്ധ പതിപ്പിച്ചതായി കാണാം. ഭാവിയെ മുന്നില്‍ കണ്ട് നടപ്പാക്കുന്ന പദ്ധതികളില്‍ പൊതു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നത് സ്വാഗതാര്‍ഹമാണ്. കാരണം, പുതിയ ടെക്‌നോളജിയുടേയോ ഇന്നൊവേഷന്റെയോ എല്ലാം കാര്യത്തില്‍ സ്വകാര്യ മേഖലയ്ക്ക് ഒട്ടേറെ സംഭാവന നല്‍കാന്‍ സാധിക്കും.

അഗ്രികള്‍ച്ചര്‍, എഡ്യുക്കേഷന്‍, ഫിന്‍ടെക് തുടങ്ങിയ രംഗങ്ങളിലെല്ലാം തന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഉണര്‍വ് പകരും. സെക്ടര്‍ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ചുവടുവെപ്പുകള്‍ വരുമ്പോള്‍ സ്വകാര്യ സംരംഭകര്‍ക്ക് ഗുണകരമാകും.
ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന് പ്രാധാന്യം
ഈ ബജറ്റ് രാജ്യത്തെ ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന് ശക്തമായ ഊന്നല്‍ നല്‍കുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ ബജറ്റിലുണ്ട്. അതുപോലെ തന്നെ എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും കോര്‍ത്തിണക്കിയുള്ള ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വരുമെന്ന സൂചനയും ബജറ്റ് നല്‍കുന്നു. 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കലിന് കരുത്തേകും.

സ്റ്റാര്‍പ്പുകള്‍ കാലാകാലങ്ങളായി ഉന്നയിക്കുന്ന പല ആവശ്യങ്ങളും അംഗീകരിച്ചിട്ടില്ലെന്നതും ആദായനികുതിയില്‍ മാറ്റം കൊണ്ടുവന്നില്ലെന്നതും കുറച്ച് നിരാശ പകരുന്നവയാണ്. എന്നിരുന്നാലും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍സെന്റീവ് സ്‌കീം ഒരു വര്‍ഷം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

റിയല്‍ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം പരുങ്ങലിലായ മേഖലയ്ക്കും ബജറ്റില്‍ പിന്തുണയുണ്ടെന്നതും ശ്രദ്ധേയമാണ്.

ചെറുകിട, നാമമാത്ര സംരംഭകര്‍ക്കും ബജറ്റില്‍ താങ്ങുണ്ട്. ഇസിഎല്‍ജിഎസ് സ്‌കീം 2023 വരെ നീട്ടിയതും ഗ്യാരണ്ടി കവറേജ് കൂട്ടിയതും ഏറെ ഗുണം ചെയ്യും. അതുപോലെ തന്നെ പിഎല്‍ഐ സ്‌കീം 14 സെക്ടറുകളില്‍ വരുന്നത് രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച ഉറപ്പാക്കും.

സമാന്തര ഡിജിറ്റല്‍ കറന്‍സി ശക്തമാകാതിരിക്കാനുള്ള കാര്യങ്ങള്‍ക്കും ബജറ്റില്‍ ഇടം കിട്ടിയിട്ടുണ്ട്. ഫിന്‍ടെക്, ഡിജിറ്റല്‍ ഇക്കോണമിയെ ഫോക്കസ് ചെയ്യുന്നതും അതുപോലെ തന്നെ കാര്‍ഷിക, വ്യവസായ മേഖലയ്ക്ക് കരുത്തുറ്റ പിന്തുണ നല്‍കുന്നതുമാണ് ബജറ്റ്. ഇതെല്ലാം ചേര്‍ത്തു നോക്കുമ്പോള്‍ സന്തുലിതവും ഫ്യൂച്ചറിസ്റ്റിക്കുമാണ് കേന്ദ്ര ബജറ്റ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it