മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ പഠനശേഷം 19-ാം വയസില്‍ തിരുപ്പൂരില്‍ തുച്ഛമായ ശമ്പളത്തില്‍ ജോലിക്കു കയറിയ പാലക്കാട് നെന്മാറ സ്വദേശി സാജു മോഹന്‍ പത്തു വര്‍ഷത്തെ സേവനത്തിനു ശേഷം ഉന്നത പദവിയില്‍ നിന്ന് പടിയിറങ്ങി. ശേഷം 1997ല്‍ ബംഗളൂരു ആസ്ഥാനമായി, വാടകവീട്ടില്‍ ഒരു മുറിയില്‍ തന്റെ സ്വന്തം സംരംഭം ആരംഭിച്ചു. വസ്ത്ര നിര്‍മാണത്തിന് വേണ്ട ടെക്‌നിക്കല്‍ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ ചുവടുറപ്പിച്ച സ്ഥാപനം പടിപടിയായി വളര്‍ന്ന്, ലോകത്തെ പ്രശസ്തമായ എല്ലാ വസ്ത്ര ബ്രാന്‍ഡുകള്‍ക്കും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കി.
നാട്ടില്‍ ഒരു സംരംഭം എന്നത് സ്വപ്‌നമായി കൊണ്ടുനടന്നിരുന്ന സാജു മോഹന്‍ കര്‍ഷക ഗ്രാമമായ നെന്മാറയില്‍ തന്റെ വീടിനോടു ചേര്‍ന്ന് 2013ല്‍ രണ്ട് തൊഴിലാളികളുമായി കേരളത്തിലെ ആദ്യ സംരംഭം ആരംഭിച്ചു. ബാഗ് നിര്‍മാണത്തിനാവശ്യമായ സ്ട്രാപ്പ്, ഇലാസ്റ്റിക് തുടങ്ങി പല വ്യത്യസ്തമായ ഉല്‍പ്പന്നങ്ങളും നിര്‍മിച്ച കമ്പനി 2017ല്‍ രണ്ടാമത്തെ യൂണിറ്റും ആരംഭിച്ചു.
ബിസിനസ് പച്ചപിടിക്കുന്നതിനിടെ കോവിഡും ലോക്ക്ഡൗണും വന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന സമയം. തന്റെ അനുഭവ സമ്പത്തില്‍ പെട്ടെന്നുദിച്ച ഒരു ആശയം, മെഷീനില്‍ ചെറിയ മാറ്റം വരുത്തി മാസ്‌ക് നിര്‍മിക്കാന്‍ ആവശ്യമായ ലൂപ്പുകള്‍ നിര്‍മാണം തുടങ്ങി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം വഴിയായിരുന്നു വിപണനം. ഇന്ത്യ ഒട്ടാകെ നെന്മാറയില്‍ നിന്ന് ലൂപ്പ് എത്തിച്ചു. ഇതിലൂടെ കരകയറിയ കമ്പനി വിദേശ മാര്‍ക്കറ്റ് ലക്ഷ്യമാക്കി 2021ല്‍ മാക്‌സ് സുപ്രീം പ്രൈവറ്റ് ലിമിറ്റഡ് എന്ന മൂന്നാമത്തെ സ്ഥാപനം ആരംഭിച്ചു. വിദേശത്തുനിന്ന് ഓര്‍ഡറുകള്‍ ലഭിച്ചതോടെ വിദേശ നിര്‍മിത യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് യൂണിറ്റ് വിപുലീകരിച്ചു. ഇന്ന് അമേരിക്ക, യൂറോപ്പ്, ചൈന, വിയറ്റ്‌നാം, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യ ഒട്ടാകെ മാക്‌സ് സുപ്രീം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നു.
ഓരോ വര്‍ഷവും പുതിയ ഉല്‍പ്പന്നങ്ങള്‍
തദ്ദേശീയരായ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുന്ന മാക്‌സ് സുപ്രീമിന്റെ 20,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള പുതിയ ഫാക്ടറി ഈമാസം പ്രവര്‍ത്തനം തുടങ്ങും. ഓരോ വര്‍ഷവും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മാക്‌സ് സുപ്രീം ടെക്‌സ്‌റ്റൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഈ വര്‍ഷം മാട്രസ് ടേപ്, ഫര്‍ണിച്ചര്‍ ഇലാസ്റ്റിക്, ഗാര്‍മെന്റ്‌സ് ഇലാസ്റ്റിക്, പെറ്റ് ലീഷ്, പെറ്റ് കൊളര്‍, ഫുട്‌വെയര്‍ ടേപ്പ് ആന്‍ഡ് ഇലാസ്റ്റിക് തുടങ്ങി ഇവ നിര്‍മിക്കാന്‍ ആവശ്യമായ മള്‍ട്ടി ഫിലമെന്റ് യാണ്‍ നിര്‍മാണ യൂണിറ്റും ആരംഭിക്കുകയാണ്.
ഗവേഷണ-വികസനത്തിന് മുന്‍തൂക്കം കൊടുക്കുന്ന സാജു മോഹന്‍ തന്റെ പരിചയസമ്പത്തും വിപണന ചാതുര്യവും കൊണ്ട് കമ്പനിയെ മികച്ച വളര്‍ച്ചയിലേക്ക് നയിക്കുകയാണ്. മികച്ച സംരംഭകന്‍, ദേശീയ തലത്തില്‍ ആത്മനിര്‍ഭര്‍ പദ്ധതി പ്രകാരം വേഗത്തില്‍ വളരുന്ന കമ്പനി തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള സാജു മോഹന്‍ തന്റെ സംരംഭത്തെ അടുത്ത തലത്തിലേക്ക് വളര്‍ത്തി ലിസ്റ്റഡ് കമ്പനിയാക്കി ഉയര്‍ത്താനുള്ള ശ്രമത്തിലുമാണ്.
(This article was originally published in Dhanam Magazine January 31st issue)