ധനം ബിഎഫ്എസ്ഐ സമിറ്റ് 2022: തുറന്നു; ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപരംഗത്തെ പുതിയ ലോകം

ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ഓഫ്‌ലൈനിലും ഓണ്‍ലൈനിലുമുള്ള വന്‍ ജനപങ്കാളിത്തം കൊണ്ടും വിദഗ്ധരുടെ പ്രഭാഷണങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും സമ്പന്നമായി. 2020 വരെ തുടര്‍ച്ചയായി എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ഒരു ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ അരങ്ങേറിയത്. പ്രത്യേകം ക്ഷണിതാക്കളായ 300 പേര്‍ക്ക് സമിറ്റില്‍ നേരിട്ട് പങ്കെടുക്കാനും 700 പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയും സംബന്ധിക്കാനായിരുന്നു അവസരമെങ്കിലും രണ്ടായിരത്തോളം പേര്‍ ഓണ്‍ലൈനിലൂടെ സമ്മിറ്റിന്റെ ഭാഗമായി. ആഗോളതലത്തില്‍ തന്നെ നിക്ഷേപരംഗത്ത് അനിശ്ചിതാവസ്ഥ നിറഞ്ഞുനില്‍ക്കുമ്പോള്‍'Managing Change and Growth in Challenging Times' എന്ന പ്രമേയം മുന്‍നിര്‍ത്തിയായിരുന്നു സമിറ്റ്.
സമ്മിറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണവും അവര്‍ നിര്‍വഹിച്ചു. രാജ്യത്തെ ഇന്‍ഷുറന്‍സ് രംഗത്ത് ഒരുപാട് അവസരങ്ങളുണ്ടെന്നും ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള സാധ്യതകള്‍ ശേഷിക്കുന്നുണ്ടെന്നും ഈ അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. എല്‍ഐസി ചെയര്‍മാര്‍ എംആര്‍ കുമാറിന് മുഖ്യാതിഥിയായി നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഓണ്‍ലൈനായി അദ്ദേഹം ഏവരുമായി സംവദിച്ചു. ഭാവിയില്‍ അതിജീവനം സാധ്യമാക്കാന്‍ ഏത് രംഗത്തായാലും ഏറ്റവും അനുയോജ്യമായ സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിക്കേണ്ടത് അനിവാര്യമാണെന്ന് എം ആര്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ക്രിപ്റ്റോകറന്‍സികള്‍ പരിധികള്‍ കടന്നുള്ള സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഇന്ത്യയെ സഹായിക്കും. ഹൈബ്രിഡ് ഡിജിറ്റലൈസേഷന്‍, ഡേറ്റ എന്നിവ ഉപഭോക്താക്കളുടെ ആവശ്യകതകള്‍ നിര്‍വഹിക്കാന്‍ സംരംഭങ്ങളെ സഹായിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിംഗ് ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ടെക്നോളജി ആവും ഇനി വരുന്ന കാലത്ത് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കി.മാര്‍സെലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യപ്രഭാഷണം നടത്തി. നിക്ഷേപ സമൂഹത്തിന് സമ്പത്ത് ആര്‍ജ്ജിക്കാന്‍ സഹായിക്കുന്ന നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ് സൗരഭ് മുഖര്‍ജി നിക്ഷേപകര്‍ ഒരു കമ്പനിയെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെ വിശദമായാണ് വിവരിച്ചത്. കമ്പനിയുടെ പ്രമോര്‍ട്ടര്‍മാരുടെ പശ്ചാത്തലം, ആ കമ്പനിക്ക് വിപണിയിലെ വില നിര്‍ണയത്തിലുള്ള കരുത്ത്, വിപണിയില്‍ കമ്പനിയുടെ മേധാവിത്വം, ക്യാഷ് ഫ്ളോ എന്നിവയെല്ലാം പരിഗണിച്ചാവണം നിക്ഷേപത്തിന് അനുസൃതമായ കമ്പനികള്‍ തെരഞ്ഞെടുക്കേണ്ടതെന്ന് സൗരഭ് മുഖര്‍ജി പറഞ്ഞു.ആനുകാലിക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മൂലധന വിപണിയില്‍ നിക്ഷേപം നടത്തേണ്ടതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുടക്കുമുതലിനു മതിയായ ലാഭം ഉണ്ടാക്കുകയും ഉചിതമായ തോതില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തി നിക്ഷേപിച്ചാല്‍ ആശങ്കകള്‍ വേണ്ടിവരില്ല. വര്‍ഷങ്ങളോളം ഇങ്ങനെ ലാഭമുണ്ടാക്കുകയും വളര്‍ച്ചയ്ക്കായി നിക്ഷേപിക്കുകയും ചെയ്യുന്ന കമ്പനികളിലെ നിക്ഷേപകര്‍ക്ക് സുഖനിദ്രയും വലിയ നിക്ഷേപ നേട്ടവും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.ഓഹരി വിപണി, ക്രിപ്‌റ്റോ നിക്ഷേപവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഡിബിഎഫ്എസ് സെക്യൂരിറ്റീസിന്റെ എംഡിയും സിഇഒയുമായ പ്രിന്‍സ് ജോര്‍ജ്, മാര്‍ക്കറ്റ് ഫീഡ് സിഇഒ ഷാരിഖ് ശംസുദ്ദീന്‍, സിങ്കപ്പൂര്‍ ആസ്ഥാനമായ വോള്‍ഡിന്റെ സിടിഒയും സഹസ്ഥാപകനുമായ സഞ്ചു സോണി കുര്യന്‍ എന്നിവര്‍ സംസാരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്‍ ചര്‍ച്ച നയിച്ചു.
ബാങ്കിംഗ് രംഗത്തെ പുതിയ രീതികളെയും വെല്ലുവിളികളെയും കുറിച്ച് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ & സിഇഒ കെ പോള്‍ തോമസ് സംസാരിച്ചു. എന്‍ബിഎഫ്‌സി രംഗത്തെ മാറ്റങ്ങളെയു വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് സമിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ സംസാരിച്ചു. സമിറ്റിന് ആവേശം പകര്‍ന്ന ഫയര്‍സൈഡ് ചാറ്റില്‍ ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്തിനെ ഷാരിഖ് ശംസുദ്ദീന്‍ ഇന്റര്‍വ്യൂ ചെയ്തു. പങ്കെടുക്കുന്നവര്‍ക്കായി സംഗീതവിരുന്നും സമിറ്റില്‍ ഒരുക്കിയിരുന്നു.മുത്തൂറ്റ് ഫിനാന്‍സായിരുന്നു ബിഎഫ്എസ്ഐ സമിറ്റ് 2022ന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മണപ്പുറം ഫിനാന്‍സ്, റിലയന്റ് ക്രെഡിറ്റ്സ് ഇന്ത്യ ലിമിറ്റഡ്, ജൂബിലി ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കേരള ബാങ്ക് എന്നിവരായിരുന്നു സമിറ്റിന്റെ സില്‍വര്‍ സ്പോണ്‍സര്‍മാര്‍.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it