'കര്‍ഷകര്‍ തന്നെ സംരംഭകരാകണം'

കര്‍ഷകര്‍ തന്നെ സംരംഭകര്‍ ആയാല്‍ മാത്രമേ പുതിയ കാലത്തെ സാധ്യതകള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിക്കൂവെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സംസ്ഥാനത്തെ കാര്‍ഷിക രംഗത്ത് കഴിഞ്ഞ നാല് വര്‍ഷമായി നടക്കുന്ന മാറ്റങ്ങള്‍ അറിയാനും ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും സംരംഭകര്‍ തയ്യാറാകണമെന്ന് മന്ത്രി പറയുന്നു. കാര്‍ഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ മന്ത്രി വി എസ് സുനില്‍ കുമാര്‍ ധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കുന്നു.

1. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സംഭവിച്ച മാറ്റങ്ങളെന്തൊക്കെയാണെന്ന് വിശദമാക്കാമോ?

2016ല്‍, പുതിയ സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ കേരളത്തിലെ കാര്‍ഷിക മേഖലയില്‍ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇത്തരം മാറ്റങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ നിരവധി മുദ്രാവാക്യങ്ങളും ഞങ്ങള്‍ ഉണ്ടാക്കി. തരിശുരഹിത കൃഷി, ഭക്ഷ്യസുരക്ഷ, സുരക്ഷിതഭക്ഷണം എന്നിവയെല്ലാം അങ്ങനെ ഉയര്‍ന്നുവന്നതാണ്. 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്നത് ഏറെ പ്രചാരം നേടിയ ഒരു മുദ്രാവാക്യമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വന്‍തോതില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. അത് സുരക്ഷിതമായിരിക്കണം, ഹെല്‍ത്തിയായിരിക്കണം, അടുത്ത തലത്തില്‍ ഓര്‍ഗാനിക്കായിരിക്കണം. കൃഷി എന്നാല്‍ കൃഷിക്കാര്‍ മാത്രം ചെയ്യുന്ന ഒരു കാര്യമാകാതെ സമൂഹത്തിന്റെ ഉത്തരവാദിത്തമാക്കുകയായിരുന്നു കൃഷി വകുപ്പിന്റെ ലക്ഷ്യം. കൃഷിയെ കേരളത്തില്‍ ഒരു ട്രെന്‍ഡാക്കി മാറ്റാന്‍ ഞങ്ങള്‍ ലക്ഷ്യമിട്ടു. അതിപ്പോള്‍ സാധ്യമായിട്ടുണ്ട്. കോവിഡ് വന്നപ്പോള്‍ അത് കൂടുതല്‍ പ്രകടമായി.

ജൈവവൈവിധ്യത്തിന്റെ കലവറയാണ് കേരളം. ഇവിടെ വിളയിക്കാന്‍ സാധിക്കാത്ത കാര്‍ഷിക വിളകളില്ല. നമുക്ക് അസാധ്യമായ കാര്യങ്ങളില്ല. കൃഷി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് കേരളത്തില്‍ അപാരമായ സാധ്യതകളാണുള്ളത്. അതുകൊണ്ട് 2016ല്‍ തന്നെ ഞങ്ങള്‍ VAIGA (Value Addition for Income Generation in Agriculture) എന്ന പദ്ധതി നടപ്പാക്കിയത്.

നമ്മുടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധന സാധ്യമാക്കി അവയെ ആഗോള വിപണിയിലേക്കെത്തിക്കുകയും അതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുകയുമായിരുന്നു ലക്ഷ്യം. ആദ്യ ഘട്ടമായി രണ്ട് ഉല്‍പ്പന്നങ്ങളെ ഞങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. തേനും ചക്കയുമായിരുന്നു. ചക്കയ്ക്ക് ദേശീയ ഫലമെന്ന പദവി നല്‍കി. ചക്കയില്‍ നിന്ന് 15,000 കോടി രൂപ മൂല്യമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നാണ് നിഗമനം.

ചെറുകിട കര്‍ഷകര്‍ക്ക് ആഗോള വിപണിയുടെ സാധ്യതകള്‍ തനിച്ച് നിറവേറ്റാന്‍ സാധിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്ക് രൂപം നല്‍കി. എഫ് പി ഒ പോളിസി രൂപീകരിച്ചു. നിലവില്‍ 37 സംരംഭങ്ങള്‍ ഇതിന് കീഴിലുണ്ട്. ഈ വര്‍ഷം 500 പുതുതായി തുടങ്ങാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.

2. കേരളത്തിലെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണിയുണ്ടെങ്കിലും സാധാരണകര്‍ഷകര്‍ക്ക് ആ വിപണിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. അവരുടെ ഉല്‍പ്പന്നത്തിന് മതിയായ വില കിട്ടുന്നില്ല. അവരുടെ അധ്വാനത്തിന് ന്യായമായ കൂലി കിട്ടുന്നില്ല. ഇത് പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?

കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ വിപണിയുണ്ട്. പക്ഷേ നമുക്കത് നേടിയെടുക്കാന്‍ സാധിക്കാത്തത്, ലോക വിപണി ആവശ്യപ്പെടുന്നത്ര തോതില്‍ നമുക്ക് ഉല്‍പ്പന്നം നല്‍കാന്‍ പറ്റാത്തത് കൊണ്ടാണ്. ഇതിനെ മറികടക്കാനാണ് ഞങ്ങള്‍ എഫ് പി ഒ പോളിസി ആവിഷ്‌കരിച്ചിരിക്കുന്നതും ഓര്‍ഗനൈസേഷനുകള്‍ രൂപീകരിച്ചിരിക്കുന്നതും. സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനം ഏറ്റെടുക്കുന്നുവെന്നല്ല അതിന്റെ അര്‍ത്ഥം. ഈ രംഗത്തെ സംരംഭകര്‍ക്ക് മതിയായ അടിസ്ഥാന സൗകര്യങ്ങളും വിപണിയിലേക്കുള്ള വഴിയും ഞങ്ങള്‍ തുറന്നുകൊടുക്കും. ഇതിന്റെ ഭാഗമായി അഗ്രോപാര്‍ക്കുകള്‍ സ്ഥാപിച്ചുവരികയാണ്. കോഴിക്കോട് നാളികേര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്കായുള്ള പാര്‍ക്കും കണ്ണാറയില്‍ തേന്‍, ബനാന എന്നിവയ്ക്കായുള്ള പാര്‍ക്കും ഈ ദിശയിലുള്ള ചുവടുവെപ്പാണ്.

കേരളത്തിലെ എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങളും ഇതര സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും സമാനമായ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ സവിശേഷതകളുണ്ട്. നമ്മുടെ ഭൗമസൂചിക രജിസ്‌ട്രേഷന്‍ ലഭിച്ച കാര്‍ഷികോല്‍പ്പന്നങ്ങളെ തന്നെ നോക്കൂ. അവയെല്ലാം സവിശേഷമാണ്. പുതിയ കാലത്തെ വിപണിയില്‍ ഉല്‍പ്പന്നത്തിന്റെ അവതരണം പ്രത്യേക പ്രാധാന്യമുള്ള കാര്യമാണ്. നമ്മള്‍ നമ്മുടെ ഉല്‍പ്പന്നത്തിന്റെ ഗുണഗണങ്ങളും സവിശേഷതകളും കൃത്യമായി പറഞ്ഞ്, മികച്ച രീതിയില്‍ പ്ലേസ് ചെയ്താല്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭിക്കുക തന്നെ ചെയ്യും.

3. എന്നിരുന്നാലും സാധാരണ കര്‍ഷകരെ ഇപ്പോഴും വിലയിടിവ് വലയ്ക്കുന്നില്ലേ? ആ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുന്നത്?

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിലയിടിവ് സംഭവിക്കുമ്പോള്‍ താങ്ങുവില പ്രഖ്യാപിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് അടുത്തിടെ മുതലമട മാങ്ങയുടെ സംഭരണവും പൈനാപ്പിള്‍ സംഭരണവുമെല്ലാം അങ്ങനെ നടത്തി. എന്നാല്‍ അതല്ല ഇതിനുള്ള ശാശ്വത പരിഹാരം. കര്‍ഷകര്‍ പ്രൈമറി കാര്‍ഷികോല്‍പ്പന്ന നിര്‍മാതാക്കളായി ഒതുങ്ങാതെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ തേടണം. നമ്മുടെ സര്‍വകലാശാലകളില്‍ നിരവധി ടെക്‌നോളജികളുണ്ട്. അവ കര്‍ഷകര്‍ ഉപയോഗപ്പെടുത്തണം. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരും സംരംഭകരും അവയെല്ലാം ഉപയോഗിപ്പെടുത്തി സംരംഭം തുടങ്ങണം. നമ്മുടെ നാട്ടിലെ കര്‍ഷകര്‍ക്ക് മികച്ച വില കിട്ടണമെന്നത് നമ്മുടെ സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാകണം. ഇങ്ങനെ കൂട്ടായി ശ്രമിച്ചാലേ ഇത് സാധ്യമാകു. 100 രൂപയ്ക്ക് അഞ്ച് പൈനാപ്പിള്‍ നാം വാങ്ങുമ്പോള്‍ അതിനു പിന്നിലെ കര്‍ഷകന്റെ കണ്ണീര്‍ കാണണം. ആ കണ്ണീര്‍ തുടയ്ക്കാന്‍ കാര്‍ഷിക അധിഷ്ഠിത സംരംഭങ്ങള്‍ക്കേ സാധിക്കൂ. അത് ഇവിടെ വരാനുള്ള എല്ലാ പശ്ചാത്തല സംവിധാനവും ഇവിടെയുണ്ട്.

പ്രവാസികള്‍ എന്ത് സംരംഭം തുടങ്ങണമെന്ന് തലപുകഞ്ഞ് ആലോചനയിലാണ്. എനിക്കവരോട് പറയാനുള്ളത് നിങ്ങള്‍ കേരളത്തിലേക്ക് നോക്കൂ. ഇവിടുത്തെ ജൈവവൈവിധ്യത്തിലേക്ക് നോക്കൂ. ഇവിടുത്തെ കാലാവസ്ഥ, മണ്ണ്, പശ്ചാത്തല സൗകര്യങ്ങള്‍, പുതിയ നയങ്ങള്‍ എല്ലാം നോക്കൂ. എന്നിട്ട് ഇവിടെ സംരംഭങ്ങള്‍ തുടങ്ങൂ. അതിനുള്ള എല്ലാ സഹായവും നല്‍കാന്‍ സംവിധാനം ഇവിടെയുണ്ട്.

കേരളത്തിന്റേതായ 'Made in Kerala' ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

4. കേരളത്തിന്റെ കാര്‍ഷിക രംഗത്തേക്ക് ഇപ്പോഴും സാങ്കേതിക വിദ്യ പൂര്‍ണമായ തോതില്‍ കടന്നുവന്നിട്ടുണ്ടോ?

കൃഷിയിടങ്ങളില്‍ ടെക്‌നോളജി ഇല്ല എന്ന് പറയാനാകില്ല. തൃശൂര്‍ കോള്‍പ്പാടം, പൊന്നാനി കോള്‍പ്പാടം, കുട്ടനാട് എന്നിവിടങ്ങളില്‍ കൊയ്ത്, മെതി, വൈക്കോല്‍ കെട്ടല്‍ എന്നിവയെല്ലാം ഇപ്പോള്‍ യന്ത്രസഹായത്തോടെയാണ്. മരുന്ന് തളിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. വിത്തുവിതയ്ക്കാനും ഡ്രോണിനെ ഉപയോഗപ്പെടുത്താന്‍ ശ്രമമുണ്ട്. കേരള മെക്കനൈസ്ഡ് മിഷന്‍ എന്ന ദൗത്യം തന്നെ ഇവിടെ നടപ്പാക്കപ്പെടുകയാണ്.

കേരളത്തിലെ ഓരോ പഞ്ചായത്തിലും കാര്‍ഷിക മേഖലയില്‍ വേണ്ട മെഷിനറികള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ് ആ മെഷിനുകളും അവ പ്രവര്‍ത്തിക്കാന്‍ നൈപുണ്യം നേടിയവരെയും വിന്യസിച്ചുവരികയാണ്. കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ വഴി ഇത്തരം സേവനങ്ങള്‍ കര്‍ഷകരിലേക്ക് എത്തും. കാര്‍ഷിക സേവന കേന്ദ്രത്തിന്റെ സേവനങ്ങള്‍ മൊബീല്‍ ആപ്ലിക്കേഷന്‍ വഴി ജനങ്ങളിലേക്ക് എത്തിച്ചേരുന്നുണ്ട് ഇപ്പോള്‍. നിങ്ങളുടെ വീട്ടിലെ തെങ്ങിന്റെ തടം തുറക്കാനും മണ്ണ് പരിശോധിക്കാനും പച്ചക്കറികളിലുണ്ടാകുന്ന രോഗബാധയുടെ പ്രതിവിധി കണ്ടെത്താനുമെല്ലാം ഈ സേവന കേന്ദ്രത്തിനെ സമീപിച്ചാല്‍ മതി.

ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ഓരോ ബ്ലോക്കിലും ഒരു കാര്‍ഷിക ശാസ്ത്രജ്ഞനെ നോഡല്‍ ഓഫീസറാക്കി കാര്‍ഷിക വിജ്ഞാന കേന്ദ്രം ആരംഭിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'എയിംസ്' കേന്ദ്രങ്ങളുമുണ്ട്.

അതുപോലെ ഓരോ പഞ്ചായത്തിലും കാര്‍ഷിക ജോലികള്‍ക്കായി കാര്‍ഷിക കര്‍മസേനകളും സജ്ജമാക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തെ 400 ഓളം പഞ്ചായത്തുകളില്‍ കാര്‍ഷിക കര്‍മ്മസേനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മാത്രമല്ല, എട്ട് പേരടങ്ങുന്ന ഗ്രൂപ്പ് കാര്‍ഷിക മെഷിനറികള്‍ വാങ്ങാന്‍ തയ്യാറായി വന്നാല്‍ സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കും. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ രൂപീകരിക്കാന്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളെ അധിഷ്ഠിതമായി സംരംഭം തുടങ്ങാനും വായ്പയും സബ്‌സിഡിയുമെല്ലാമുണ്ട്.

5. എന്നിരുന്നാലും കൃഷി ലാഭകരമായ ഏര്‍പ്പാടല്ല എന്ന ചൊല്ലുതന്നെ കേരളത്തിലുണ്ട്. എന്താണ് അത് മാറാത്തത്?

ഏത് രംഗത്താണ് പ്രതിസന്ധികളില്ലാത്തത്? വെല്ലുവിളികള്‍ ഇല്ലാത്തത്? വെല്ലുവിളികളെ അതിജീവിച്ച് സംരംഭങ്ങള്‍ നിലനില്‍ക്കുന്നില്ലേ? കേരളത്തിലെ കര്‍ഷകരുടെ മനോഭാവം മാറണം. കൃഷിയെന്നാല്‍ പ്രാഥമികമായ ഉല്‍പ്പന്നങ്ങള്‍ വിളവെടുക്കുകയാണെന്ന കാഴ്ചപ്പാട് മാറി കൃഷിയിടത്തെ സംരംഭമായി കാണണം. മുടക്കുമുതലും ലാഭവും ലഭിക്കാന്‍ സാധ്യമായത്ര മൂല്യവര്‍ധിത രീതികള്‍ നോക്കണം. കര്‍ഷകന്‍ തന്നെ സംരംഭകനാകണം. അപ്പോള്‍ മാത്രമേ ഈ വിലാപം കേരളത്തില്‍ നിന്ന് പോകൂ.

6. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള പ്രവണത ഇപ്പോള്‍ പ്രകടമാണ്. കേരളത്തിലെ വിപണിയില്‍ കൃഷി വകുപ്പ് നടത്തുന്ന ഇടപെടലുകള്‍ എന്തൊക്കെയാണ്?

കൃഷി വകുപ്പിന്റെ 1708ഓളം വിപണികള്‍ സംസ്ഥാനത്തുണ്ട്. ഇതിനു പുറമേ തളിര്‍ ഗ്രീന്‍ എന്ന ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡഡ് ഷോപ്പുണ്ട്. ജീവനി ഗ്രാമചന്തകളുണ്ട്. ഇതിനു പുറമേ സ്ട്രീറ്റ് മാര്‍ക്കറ്റുകളും പഞ്ചായത്തുകള്‍ തോറും ഉണ്ട്. സംസ്ഥാനമെമ്പാടും ഇവ വ്യാപകമാക്കി വരികയാണ്.

ഇതിനു പുറമേ തൃശൂര്‍ ജില്ലയില്‍ പൈലറ്റ് പ്രോജക്ടായി തുടങ്ങിയ കര്‍ഷക മിത്ര പദ്ധതി ആലപ്പുഴ ജില്ലയിലേക്കും വ്യാപിപ്പിക്കുകയാണ്. ഓരോ പഞ്ചായത്തിലെയും കര്‍ഷക മിത്രകള്‍ അവരുടെ കൈയിലെ പ്രത്യേക ഡിവൈസില്‍ 100 കര്‍ഷകരെ എങ്കിലും ചേര്‍ത്ത് വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. ചെറുകര്‍ഷകരെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക. അവരുടെ കൈയിലെ ഒരു വാഴക്കുലയോ ഏതാനും കോഴിമുട്ടകളോ വരെ ഈ കര്‍ഷക മിത്രങ്ങള്‍ സംഭരിക്കും. സംഭരിക്കുമ്പോള്‍ തന്നെ അതിന്റെ വിലയുടെ 75 ശതമാനം ആ സൂക്ഷ്മ കര്‍ഷകന് നല്‍കും. ഇങ്ങനെ പലരില്‍ നിന്ന് സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കര്‍ഷക മിത്ര പൊതുവിപണിയിലെത്തിച്ച് വില്‍പ്പന നടത്തിയ ശേഷം ബാക്കി 25 ശതമാനം വിലയും നല്‍കും.

ഇടത്തരം, ചെറുകിട, വന്‍കിട കാര്‍ഷിക സംരംഭകര്‍ക്കെല്ലാം ഉപയോഗപ്പെടുത്താവുന്ന വിവിധ പദ്ധതികള്‍ ഇവിടെ നടപ്പാക്കപ്പെട്ടിട്ടുണ്ട്. അവ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ഇനി സംരംഭകരും കര്‍ഷകരും ചെയ്യേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

T.S Geena
T.S Geena  

Associate Editor

Related Articles
Next Story
Videos
Share it