വിവാദങ്ങളില്ല, ഇനി പുതിയൊരു അധ്യായം, സംരംഭകര്‍ക്ക് ഒരു കൈസഹായമായി ബിന്നി ബന്‍സാല്‍

ഒരു ദശകം മുമ്പ് താന്‍ സ്ഥാപിച്ച ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് മാറിയശേഷം കുറച്ചുകാലമായി മാധ്യമങ്ങളില്‍ നിന്ന് അകന്ന് കഴിയുകയായിരുന്ന ബിന്നി ബന്‍സാല്‍ ഒടുവില്‍ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് മനസു തുറന്നു.

പഴയ വിവാദങ്ങള്‍ക്ക് ഇനി സ്ഥാനമില്ല. സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനായി തന്റെ സമയം മാറ്റിവെക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്ന് ബന്‍സാല്‍.

തന്റെ പഴയ സഹപ്രവര്‍ത്തകനായ സായ്കിരണ്‍ കൃഷ്ണമൂര്‍ത്തിയുമായി ചേര്‍ന്ന് xto 10x ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടിരിക്കുകയാണ് ബന്‍സാല്‍. വിജയിക്കാന്‍ ബുദ്ധിമുട്ടുള്ള ഇന്ത്യയിലെ ബിസിനസ് സാഹചര്യത്തില്‍ സംരംഭകര്‍ക്ക് വഴിതെളിച്ചുകൊടുക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

''എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായമാണ് ഞാന്‍ ഇതിനെ കാണുന്നത്. വ്യക്തിഗതമായി എനിക്ക് 10 സംരംഭങ്ങളെയേ സഹായിക്കാന്‍ കഴിയൂ. പക്ഷെ എന്റെ ആഗ്രഹം പത്ത് അല്ല, തുടക്കഘട്ടത്തിലും മധ്യഘട്ടത്തിലുമുള്ള 10,000 സംരംഭങ്ങളെ സഹായിക്കുക എന്നതാണ്.'' ബിന്നി ബന്‍സാല്‍ പറയുന്നു.

പുതിയ കമ്പനി സ്റ്റാര്‍ട്ടപ്പുകളെ വിജയിക്കാന്‍ സഹായിക്കുന്ന ടെക്‌നോളജി ടൂളുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിലായിരിക്കും പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ ലീഗല്‍, ഫിനാന്‍സ്, എച്ച്.ആര്‍, മാനേജ്‌മെന്റ് മെന്ററിംഗ് രംഗങ്ങളില്‍ കണ്‍സള്‍ട്ടന്‍സി സേവനവും നല്‍കും. ബെന്‍സാലിന്റെ സമ്പന്നമായ പ്രൊഫഷണല്‍ അനുഭവസമ്പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്തി വളരാനാകും.

37 വയസുകാരനായ ബന്‍സാല്‍ വ്യക്തിഗതമായ സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് പുറത്തുപോകുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോഴും നാല് ശതമാനം ഓഹരികള്‍ ഇദ്ദേഹത്തിനുണ്ട്.

പുതിയ കമ്പനിയുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുമെങ്കിലും വ്യക്തിഗത ജീവിതത്തിന് അദ്ദേഹം ഏറെ പ്രാധാന്യം കൊടുക്കും. തന്റെ ഇരട്ട ആണ്‍കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക, കുടുംബത്തോടൊപ്പം റോഡ് ട്രിപ്പുകള്‍ നടത്തുക, പുതിയൊരു വീട് പണിയുക… തുടങ്ങിയവയ്ക്കായി സമയം മാറ്റിവെക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it